നബി തിരുമേനി (സ) പറയുന്നു ‘അല്ലാഹു നിങ്ങള്‍ക്ക് മേല്‍ റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. റമദാനിലെ രാത്രി നമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി അവ നിര്‍വഹിക്കുന്നവന്‍ പാപമുക്തനായാണ് പുറത്ത് വരുന്നത്.’ (ഇമാം അഹ്്മദ്)
ആത്മീയ പരിപോഷണത്തിനുള്ള പാഠശാലയാണ് നോമ്പ്. ആത്മാവിനെ സംസ്‌കരിച്ച് നിഷ്‌കളങ്കമാക്കി മിനുക്കിയെടുക്കുന്നു. പ്രയാസങ്ങളില്‍ ക്ഷമിക്കാനും, മറ്റുള്ളവരുടെ വിഷമങ്ങള്‍ക്ക് മനസ്സിലാക്കാനും മനുഷ്യനെ അത് പ്രാപ്തനാക്കുന്നു. ദരിദ്രരോട് അനുകമ്പ തോന്നാനും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കാനും പ്രേരിപ്പിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാനും, അവക്ക് കടിഞ്ഞാണിടാനും സാധിക്കുന്നു. പിശാചിന്റെ വിജയം വരിക്കാനും, വഴികേടിന്റെ മാര്‍ഗം കൊട്ടിയടക്കാനും വഴിയൊരുക്കുന്നു. ഹൃദയത്തെ ചെത്തിമിനുക്കി പരിശുദ്ധമാക്കി മാറ്റുന്നു.
നോമ്പ്കാരന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളെ നിഷ്പ്രയാസം അതിജീവിക്കുന്നു. ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റുന്നു.
റമദാന്‍ ഒരു തുറന്ന പാഠശാലയും അമൂല്യമായ അവസരവുമാണ്. അല്ലാഹുവിലേക്ക് മടങ്ങുവാനും, പാപങ്ങളില്‍ ഖേദം പ്രകടിപ്പിക്കുവാനുമുള്ള ഇടമാണത്. ദൈവബോധത്തിന്റെ സുന്ദരമായ ഉടയാട എടുത്തണിയാനും, തിന്മയുടെ വികൃതമായ വസ്ത്രത്തെ കീറിയെറിയാനും റമദാന്‍ സഹായകമാണ്.
ദൈവബോധമാണ് മനുഷ്യന്റെ നിര്‍ഭയമായ സങ്കേതം. പ്രയാസങ്ങളിലും, കഷ്ടപ്പാടിലും അവന്‍ അവിടെയാണ് അഭയം തേടിയത്. അവന് മുന്നില്‍ വഴിയടയുമ്പോള്‍ സ്‌നേഹവും, പ്രേമവും നല്‍കി അവന് ധൈര്യം നല്‍കുന്നത് ദൈവബോധം മാത്രമാണ്.
അങ്ങനെയുള്ള ദൈവബോധത്തിന്റെ വിളനിലമായ പരിശുദ്ധ റമദാന്‍ ആഗതമായിരിക്കുന്നു.
‘നന്മേഛുക്കളേ, നിങ്ങള്‍ മുന്നോട്ട് വരുവിന്‍, തിന്മയുടെ വക്താക്കളെ നിങ്ങള്‍ മടങ്ങിക്കൊള്ളുക.’ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്നു.
ആരുണ്ട് ഉത്തരം നല്‍കാന്‍? ആരുണ്ട് ദൈവബോധത്തെ ആഭരണമായണിയാന്‍?
‘ ദൈവബോധം കൊണ്ട് പാഥേയമൊരുക്കുക, കാരണം നിനക്കറിയില്ല
രാവാഗതമായാല്‍ നാളെ പ്രഭാതത്തില്‍ നീ ജീവിച്ചിരിക്കുമോ എന്ന്.
എത്ര അരോഗദൃഢരാണ് ഒരു കാരണവും കൂടാതെ മരിച്ചത്
എത്ര രോഗികളാണ് കാലങ്ങളോളം ജീവിച്ചത്.
അശ്രദ്ധരായി എത്രയാളുകള്‍ രാപ്പകല്‍ ജീവിക്കുന്നത്
തന്റെ കഫന്‍ പുടവ തയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് അവനറിയുന്നില്ല.’
പ്രിയപ്പെട്ട സഹോദരാ, നീ മുന്നോട്ട് വരിക, നന്മയുടെയും അനുഗ്രഹങ്ങളുടെയും വസന്തത്തെ മുതലെടുക്കുക. ദൈവപ്രീതിയുടെ മാര്‍ഗത്തില്‍ പ്രവേശിക്കുക. ദൈവബോധത്തെ പാഥേയമാക്കുക. നിഷിദ്ധങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. നോമ്പ് മുഖേന പട്ടിണിയും ദാഹവും മാത്രം ലഭിച്ച നഷ്ടകാരികളില്‍ നീ അകപ്പെടാതിരിക്കുക.
(ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ കുല്ലിയതുല്‍ ഹദീസ് പ്രൊഫസറാണ് ലേഖകന്‍) )
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി