വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളുടെ നേതാവാണ് റമദാന്‍. അല്ലാഹു ബഹുമാനിച്ച മാസമാണത്. റമദാനെ നിസ്സാരമാക്കുന്നവന്‍ അല്ലാഹുവിനെയും നിസ്സാരപ്പെടുത്തുന്നവനാണ്. ജീവിതക്രമീകരണമാണ് നോമ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. വൈദ്യുതിക്ഷാമമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതുപോലെ, ഭക്ഷ്യ ക്ഷാമത്തിന് പരിഹാരമായി ഒരു മാസം ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തിയതല്ല അല്ലാഹു. അവന്റെ ഖജനാവ് വിശാലമായതിനാല്‍ നിയന്ത്രണം അതിനാവശ്യമില്ല. മറിച്ച്, മനുഷ്യനാണ് അതിര്‍വരമ്പുകള്‍ വേണ്ടത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും ആത്മീയമായി ഔന്നത്യം പ്രാപിക്കാനും ഈ നിയന്ത്രണം അനിവാര്യമാണ്. സാമൂഹ്യജീവി എന്ന നിലക്ക് സഹജീവികളുടെ വിശപ്പിന്റെ, ദൈന്യതയുടെ അടുത്തറിവിനും നോമ്പ് സഹായകമാണ്.
നോമ്പ് ഈ ഉമ്മത്തിന് മാത്രമുള്ളതല്ല. പൂര്‍വ സമുദായത്തിനും ബാധകമായിരുന്നു. ഖുര്‍ആന്‍ ഇതു പ്രതിപാദിക്കുന്നത് കാണുക; ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ വ്രതാനുഷ്ഠാനം നിങ്ങള്‍ക്കും ബാധ്യതയാക്കിയിരിക്കുന്നു. നിങ്ങള്‍ ദൈവ ഭക്തിയുള്ളവരാവാന്‍ വേണ്ടി’ (അല്‍ബഖറ/183).
ശരീരം ആഗ്രഹിക്കുന്ന വിഷയങ്ങളിലേക്ക് ചെന്നുചാടാതെ ആരോഗ്യകരവും ആത്മീയവുമായി നോമ്പ് വിശ്വാസിക്ക് സംരക്ഷണമേകുന്നു. യാത്രയില്‍ നോമ്പൊഴിവാക്കാമെങ്കിലും വലിയ പ്രയാസമില്ലെങ്കില്‍ നോമ്പെടുക്കുന്നതാണ് ഉത്തമം. പ്രയാസം തരണം ചെയ്തതിന്റെ കൂടി പ്രതിഫലം അതുമൂലം ലഭിക്കുന്നു. നിങ്ങള്‍ ജ്ഞാനികളാണെങ്കില്‍ നോമ്പെടുക്കുന്നതാണ് ശ്രേഷ്ഠകരമെന്നാണല്ലോ ഖുര്‍ആനികാധ്യാപനം. അല്ലാഹുവിനുവേണ്ടി ഭക്ഷണപാനീയങ്ങളുപേക്ഷിച്ചും സംസാരവും ലൈംഗിക തൃഷ്ണകളും നിയന്ത്രിച്ചും പരിപൂര്‍ണമായി സ്രഷ്ടാവില്‍ ലയിച്ചുള്ള ഈ സദ്കര്‍മം മലക്കുകളുടെ പദവി മനുഷ്യനു നേടിത്തരാന്‍ സഹായകമാണ്. കല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ മാത്രം ലയിച്ചുകൊണ്ടുള്ളതാണ് മലക്കുകളുടെ ജീവിതം. സൃഷ്ടികള്‍ക്കുള്ള ഭക്ഷണം, വെള്ളം തുടങ്ങിയവയും സുജൂദ്, റുകൂഅ്, സജ്ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, നല്ല സദസ്സുമായുള്ള സഹവാസം എന്നിവകൊണ്ട് ഏല്‍പിക്കപ്പെട്ട മലക്കുകള്‍ അതില്‍തന്നെ മുഴുകിക്കഴിയുന്നു. ആ മലക്കുകളുടെ ജീവിതമായിരിക്കണം നോമ്പുകാരന്റേതും. ഞാന്‍ അല്ലാഹുവിന് ജീവിതം സമര്‍പ്പിച്ച മാസമാണിത്, മലക്കുകളുടെ അവസ്ഥയിലേക്ക് ചുരുങ്ങിയ കാലത്തേക്കെങ്കിലും ഉയര്‍ത്തപ്പെടുന്ന മാസവുമാണ് എന്ന വിധത്തില്‍ സമര്‍പ്പിതനായി നോമ്പുകാരന്‍ കഴിയണം. ഇതുകൊണ്ടെല്ലാമാണ് അല്ലാഹു ‘നോമ്പെടുക്കുന്നതാണുത്തമ’മെന്ന് ഊന്നിപ്പറഞ്ഞത്.
നോമ്പുകാലത്തെ പ്രധാന സല്‍കര്‍മമാണ് പള്ളികളില്‍ ഇഅ്തികാഫിരിക്കുന്നത്. ‘ഈ പള്ളിയില്‍ അല്ലാഹുവിനുവേണ്ടി ഞാന്‍ ഇഅ്തികാഫിനെ കരുതി’ എന്ന നിയ്യത്തോടെ അവിടെ കഴിഞ്ഞാല്‍ പ്രതിഫലം ലഭിക്കും. നബി(സ്വ) റമദാനില്‍ ഇഅ്തികാഫ് വര്‍ധിപ്പിച്ചിരുന്നു. അവസാന പത്തില്‍ പൂര്‍ണമായി ഇഅ്തികാഫിരിക്കുകയും ചെയ്തു. എന്നാല്‍ വഫാതായ വര്‍ഷം അവസാനത്തെ ഇരുപത് ദിവസം അവിടുന്ന് പള്ളിയില്‍ കഴിച്ചുകൂട്ടി.
പള്ളിയിലേക്കുള്ള ഓരോ പാദസ്പര്‍ശവും പ്രതിഫലാര്‍ഹമാണ്. ഇഅ്തികാഫ് പള്ളിയോടുള്ള പവിത്രതയും മഹത്വവും പരിഗണിച്ചു കൊണ്ടുള്ളതായിരിക്കണം. പള്ളിയില്‍ വലതുകാല്‍ വെച്ചു കയറുക, ബിസ്മിയും സ്വലാതും സലാമും ചൊല്ലി ‘അല്ലാഹുമ്മഫ്തഹ്‌ലീ അബ്‌വാബ റഹ്മതിക’ എന്ന ദിക്‌റും ചൊല്ലുക. അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടം എനിക്കു നീ തുറന്നു തരണേ എന്നര്‍ത്ഥം. പള്ളിയില്‍ ഇഅ്തികാഫിലായിരിക്കെ ഭാര്യാസഹവാസം പാടില്ലെന്നാണ് ഖുര്‍ആനികാജ്ഞ. അല്ലാഹുവിന്റെ ഭവനത്തില്‍ കഴിയുമ്പോള്‍ വൈകാരിക പ്രലോഭനങ്ങള്‍ അരുത്. ഇതുസംബന്ധിച്ച് അല്‍ബഖറയിലെ 187ാം സൂക്തത്തിലെ പരാമര്‍ശം ശ്രദ്ധേയമാണ്. ഇത് അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്, അതിനോട് അടുക്കരുതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ലംഘിക്കരുത് എന്നല്ല. അതിരിനോടടുത്ത ശേഷമാണല്ലോ ലംഘനമുണ്ടാവുക, അതിനാല്‍ അടുപ്പം പോലും ഖുര്‍ആന്‍ വിലക്കുന്നു.
വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ലക്ഷ്യം ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞതുപോലെ തഖ്‌വയുള്ളവരാവുക എന്നതാണ്. റമദാന്‍ മാസത്തില്‍ മാത്രം പോര അത്. ശേഷമുള്ള പതിനൊന്നു മാസവും വേണ്ടതാണ്. അതിനുള്ള ശരിയായ പരിശീലനം നേടുകയാണ് ഈ മാസത്തില്‍. ജീവിതാന്ത്യം വരെ അതു പുലര്‍ത്തുകയും വേണം. പക്ഷേ, ദുര്‍ബലനായ മനുഷ്യന് ആര്‍ജ്ജിതമായ ആ ആത്മീയപ്രഭാവം ശിഷ്ടകാലം നൈരന്തര്യമായി പുലര്‍ത്തുക ആയാസമാണെന്ന് അല്ലാഹുവിനറിയാമല്ലോ. അതിനാണ് വര്‍ഷാവര്‍ഷം പുണ്യങ്ങളുടെ വസന്തമായി റമദാന്‍ സമാഗതമാവുന്നത്.
ശഅ്ബാന്റെ അവസാന ദിവസം നബി(സ്വ) പ്രസംഗത്തില്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് അതിമഹത്തായ ഒരു മാസം തണലിട്ടിരിക്കുന്നു, അനുഗ്രഹീതമായ മാസം. ആ മാസത്തിലൊരു രാത്രിയുണ്ട്, ആയിരം മാസത്തേക്കാള്‍ പവിത്രമായ രാത്രി.’ റമദാന്റെ രാത്രികള്‍ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇബ്‌നു നബാതതില്‍ മിസ്‌രി(റ) പറഞ്ഞിട്ടുണ്ട്; റമദാന്റെ രാവുകള്‍ അതിന്റെ പകലുകളെക്കാള്‍ പ്രശോഭിതമാണെന്ന്. ഖദ്‌റിന്റെ രാവിലാണല്ലോ ഖുര്‍ആന്‍ ഇറങ്ങിയതും. അല്ലാഹുവിന്റെ കാരുണ്യം ധാരാളമായി വര്‍ഷിക്കുന്നതും പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതും സ്വാലിഹീങ്ങള്‍ സ്രഷ്ടാവുമായി കൂടുതല്‍ അടുക്കുന്നതും രാത്രിയിലാണ്. അത്താഴ സമയങ്ങളില്‍ മാപ്പുചോദിക്കുന്നവര്‍ എന്നും, ജനങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചും പേടിച്ചും എഴുന്നേറ്റ് നിസ്‌കരിക്കുന്നവരെന്നും ഖുര്‍ആന്‍ പ്രശംസിച്ചതും രാത്രിയെ ജീവത്താക്കുന്നവരെ കുറിച്ചാണ്. അതിനാല്‍ പരിശുദ്ധ റമദാന്റെ രാത്രി സാധാരണ രാത്രി പോലെ ആകാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണം. അമിതമായി കിടന്നുറങ്ങിയും ആവശ്യത്തിലപ്പുറം സംസാരിച്ചും റമളാന്‍ രാവുകള്‍ പാഴാക്കാതിരിക്കുക.
മഗ്‌രിബ് മുതല്‍ അല്ലാഹുവിലേക്കടുക്കാനുള്ള സദ്കര്‍മങ്ങള്‍ നാം തുടങ്ങണം. നോമ്പുതുറ സമയം അതിപ്രധാനമാണ്. ആ സമയത്തുള്ള പ്രാര്‍ത്ഥനക്ക് ഉത്തരമുണ്ടെന്ന് പ്രവാചകര്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആ സമയം നാമൊരു പുതിയ രാത്രിയെ സ്വീകരിക്കാനിരിക്കുകയാണ്. വലിയൊരു സുകൃതം അവസാനിപ്പിക്കാനിരിക്കുകയുമാണ്. ഇഫ്ത്വാര്‍ വിഭവത്തെ നിരൂപിച്ചും വിശേഷം പറഞ്ഞും ആ സമയം നഷ്ടപ്പെടുത്താന്‍ നാം മുതിരരുത്. നോമ്പ് തുറന്ന് അമിത ഭക്ഷണം കഴിക്കുന്നവര്‍ക്ക് നോമ്പിന്റെ പ്രതിഫലം പൂര്‍ണമായി കരസ്ഥമാകില്ലെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യയില്‍ പറയുന്നുണ്ട്. ആരോഗ്യത്തിനും ജീവന്‍ നിലനില്‍ക്കുന്നതിനുമാവശ്യമായ വിധം മിതമായി കഴിക്കാം.
പ്രാര്‍ത്ഥന വിശ്വാസിയുടെ ആയുധമാണ്. ലൈലതുല്‍ ഖദര്‍ പോലെ റമദാനിലെ ധാരാളം സമയങ്ങള്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതായുണ്ട്. നിസ്‌കാരങ്ങള്‍ക്കുശേഷവും അര്‍ധരാത്രികളിലും ഖുര്‍ആനോതിയ ശേഷവും ഇതിനായി നാം സമയം ചെലവഴിക്കണം. സൂറതുല്‍ ബഖറയില്‍ റമദാനിനെ കുറിച്ച് പ്രതിപാദിച്ചതിന്റെ തൊട്ടുപിറകില്‍, അല്ലാഹു പ്രാര്‍ത്ഥനയെ പറ്റിയാണു പറയുന്നത്. ഇതും പ്രാര്‍ത്ഥനയും റമദാനും തമ്മിലുള്ള സുദൃഢബന്ധം കുറിക്കുന്നു.
‘എന്റെ അടിമകള്‍ എന്നെ സംബന്ധിച്ച് ചോദിച്ചാല്‍ നബിയേ, അങ്ങു പറയുക; ഞാന്‍ അവരുടെ സമീപസ്ഥനാണെന്ന്. പ്രാര്‍ത്ഥിച്ചവന്റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരം ചെയ്യുന്നതാണ്. അതിനാല്‍ അവര്‍ എന്റെ ആജ്ഞ ശിരസാവഹിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലാവാന്‍ വേണ്ടി’ (അല്‍ബഖറ/186). സ്രഷ്ടാവിന്റെ ഈ ആഹ്വാനവും പ്രാര്‍ത്ഥന സ്വീകരിക്കുമെന്ന സുവിശേഷവും ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥനയും ഇതര സദ്കര്‍മങ്ങളും വര്‍ധിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. പരിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ പാരായണവും വിജ്ഞാനസമ്പാദനവും ദാനധര്‍മങ്ങളും പരമാവധി വര്‍ധിപ്പിക്കുകയും റമദാന്‍ ഗുണകരമായി സാക്ഷിനില്‍ക്കുന്ന അവസ്ഥ നാം കൈവരിക്കുകയും വേണം.