ത്വാലൂത്തിന്റെ സൈന്യം മുഴുവന്‍ ഇറങ്ങിക്കുടിച്ചാലും നദി വറ്റിപ്പോകുമായിരുന്നില്ല. മറിച്ച് അവര്‍ക്ക് അനുസരണയും ക്ഷമയുമുണ്ടോ എന്ന് പരീക്ഷിക്കുകയായിരുന്നു. ദാഹം നിയന്ത്രിക്കാനാവാത്ത ഒരാള്‍ക്ക് യുദ്ധം ജയിക്കാനാവില്ലല്ലോ! പക്ഷേ, ആ പരീക്ഷണത്തില്‍ ഭൂരിഭാഗം സൈനികരും പരാജയപ്പെട്ടു. വയറിന്റെ ആഗ്രഹങ്ങള്‍ക്ക് കീഴ്‌പ്പെട്ട സൈന്യം ശത്രുസേനയെ നേരിടാന്‍ ഞങ്ങള്‍ക്ക് വയ്യ എന്നു പറഞ്ഞ് പിന്തിരിഞ്ഞോടി. ദാഹം നിയന്ത്രിക്കാനും, മോഹം ത്യജിക്കാനും ആജ്ഞകള്‍ അനുസരിക്കാനും പ്രാപ്തി നേടിയവര്‍ക്ക്, പതറാത്ത ഉള്‍ക്കരുത്ത് കൈവരുമെന്നാണ് ഇതിലെ പാഠം. മനോദാര്‍ഡ്യവും അച്ചടക്കവുമാണ് നോമ്പിന്റെ പ്രധാനലക്ഷ്യം.
അല്ലാഹുവിന്റെ പ്രീതിക്കായി സ്വീകരിക്കുന്ന ആത്മശിക്ഷണമാണ് വ്രതം. നന്മ ചെയ്യുക, തിന്മ തടുക്കുക എന്നതാണ് ഇസ്‌ലാമികാശയങ്ങളുടെ സംഗ്രഹം. തിന്മ ഉപേക്ഷിക്കുന്നതിനേക്കാള്‍ എളുപ്പമാണ് നന്മചെയ്യല്‍. എന്നാല്‍ തിന്മ ഉപേക്ഷിക്കല്‍ അത്ര എളുപ്പമല്ല. കൂടുതല്‍ ക്ഷമയും അച്ചടക്കവും മനസാന്നിദ്ധ്യവും ആവശ്യമാണതിന്ന്. ”വന്‍ തിന്മകള്‍ ഉപേക്ഷിച്ചാല്‍ മറ്റെല്ലാം പൊറുത്തുതരുമെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും” ഖുര്‍ആന്‍ പറയുന്നു (അന്നിസാഅ്: 31)
ചുറ്റുപാടിലെ മാലിന്യങ്ങളും ജീര്‍ണതകളും സത്യവിശ്വാസത്തില്‍ കലരാന്‍ ഏറെ സാധ്യതകളുണ്ട്. അത്തരം കളങ്കങ്ങള്‍ ശുദ്ധീകരിക്കാനാണ് ഇബാദത്തുകള്‍. ആരാധനകള്‍ നിര്‍വഹിക്കുന്ന അല്‍പനേരത്തേക്കല്ല, നിര്‍വഹിച്ച ശേഷമുള്ള ദീര്‍ഘകാലത്തേക്കാണ് ആരാധനകളിലൂടെ വിശ്വാസത്തിന്റ ചൈതന്യവും തിളക്കവും നിലനില്‍ക്കേണ്ടത്. നോമ്പിന്റെ മുഖ്യ ലക്ഷ്യമായി പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞത്, ‘ആരാധനയ്ക്കു വേണ്ടി ശക്തി സംഭരിക്കാന്‍’ എന്നാണ് (അഹ്മദ്) തിന്മകളില്‍ നിന്ന് അകന്ന് അവയോട് പോരാടാനുള്ള കര്‍മവീര്യമാണ് വ്രതം നല്‍കുന്നത്. അല്ലാഹുവിനും വിശ്വാസിക്കുമിടയിലെ വേലിക്കെട്ടുകളാണ് ദേഹേച്ഛകളും തെറ്റുകുറ്റങ്ങളും. കരുണാവാരിധിയുമായുള്ള ഉറ്റബന്ധത്തിന് അവ തടസ്സം സൃഷ്ടിക്കുന്നു. ആ വേലിക്കെട്ടിനെ തകര്‍ക്കാനുള്ള ആയുധമാണ് നോമ്പ്.
അതീവ സ്വകാര്യമാണ് നോമ്പ്. ഒരാളുടെ നോമ്പ് മറ്റൊരാള്‍ക്ക് അറിയാന്‍ മാര്‍ഗമില്ല. നോമ്പല്ലാത്ത കാലത്ത് അനുവദനീയമായവയാണ് നോമ്പെടുക്കുമ്പോള്‍ നാം ഉപേക്ഷിക്കുന്നത്. ഹലാലുകള്‍ പോലും ത്യജിക്കാന്‍ പഠിപ്പിക്കുന്നത് നോമ്പിനുശേഷം ഹറാമുകളെയെല്ലാം വര്‍ജ്ജിക്കാന്‍ തന്നെയാണ്. ഈ സല്‍ഗുണങ്ങളുടെയെല്ലാം ആകെതുകയാണ് തഖ്‌വ. തഖ്‌വ എന്ന ആശയം ഖുര്‍ആനില്‍ വിഭിന്ന രീതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതയുള്ള ജീവിത വീക്ഷണം, അല്ലാഹുവിന്റെ ആജ്ഞകള്‍ പൂര്‍ണമായും പാലിക്കല്‍, സ്വന്തം താല്‍പര്യങ്ങള്‍ക്കുപരി അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ക്ക് വില കല്‍പിക്കല്‍ ഇങ്ങനെയെല്ലാം തഖ്‌വ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മനുഷ്യരില്‍ ശ്രേഷ്ഠര്‍ തഖ്‌വയുള്ളവരാണെന്ന് ഖുര്‍ആന്‍ (49: 13) പറയുന്നു. തഖ്‌വയെ മൗലിക വിശുദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇബാദത്തുകള്‍. മണിക്കുറുകളെ നമസ്‌കാരം കൊണ്ടും, ദിവസങ്ങളെ ജുമുഅ കൊണ്ടും, മാസങ്ങളെ റമദാന്‍ കൊണ്ടും, വര്‍ഷങ്ങളെ ഹജ്ജുകൊണ്ടും, സമ്പത്തിനെ സകാത്തുകൊണ്ടും ശുദ്ധീകരിക്കുന്നു.