‘സത്യാസത്യ വിവേചനദിനം’ എന്നാണ് ബദര്‍ യുദ്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. മാനവരാശിയുടെ ചരിത്രത്തിലെ തന്നെ സമുത്കൃഷ്ടവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു നാഗരികതയുടെ അസ്തിവാരമുറക്കുന്നത് ബദര്‍ സംഭവത്തോടെയാണ്. മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ നേടിയ ഈ നിര്‍ണായക വിജയം ഇസ്‌ലാമിനെ അറേബ്യയില്‍ ഒരു ശക്തിയാക്കി ഉയര്‍ത്തി.
ആയിരത്തിലേറെപ്പേര്‍ അണിചേര്‍ന്ന ശത്രുനിരയെ നേരിടാന്‍ വെറും 313 പേരാണ് മുസ്‌ലിംപക്ഷത്തുണ്ടായിരുന്നത്. റമദാന്‍ 17-ന് ബദ്ര്‍ താഴവരയില്‍ ഇരുവിഭാഗവും ഏറ്റുമുട്ടുമ്പോള്‍, അവര്‍ തമ്മിലുള്ള അന്തരം എത്രയും പ്രകടമായിരുന്നു. ഒരു വിഭാഗം യുദ്ധത്തിനു വന്നത്, സ്വന്തം സ്ഥാനമാനങ്ങള്‍ കാക്കാനും സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പാരമ്പര്യ മതത്തെ നിലനിര്‍ത്താനും വേണ്ടിയാണ്. വികാരവിക്ഷുബ്ധരായി ഇറങ്ങിതിരിച്ച അവര്‍ യുദ്ധതലേന്ന് മദ്യത്തിലും മദിരാക്ഷിയിലും മതിമറന്ന് ആറാടുകയാണ് ചെയ്തത്. തങ്ങള്‍ സമാഹരിച്ച ആയുധശക്തിയില്‍ അത്രയേറെ വിശ്വാസമാണ് അവര്‍ക്കുണ്ടായിരുന്നത്.
മറുവിഭാഗമാവട്ടെ, ഉജ്ജ്വലമായ ഒരു ആദര്‍ശത്തിന്റെ പ്രതിനിധികളും അതിന്റെ സംരക്ഷണത്തിനായി ആത്മാര്‍പ്പണം ചെയ്യാനുറച്ചവരുമായിരുന്നു. തങ്ങളുടെ മുഴുജീവിതമണ്ഡലങ്ങളിലേക്കും പ്രസ്തുത ആദര്‍ശത്തിന്റെ പ്രകാശം പ്രസരിപ്പിക്കാന്‍ ഉല്‍ക്കടമായി അഭിലഷിച്ചിരുന്നവര്‍. ധര്‍മവിരുദ്ധ ശക്തികളുടെ നട്ടെല്ലൊടിക്കുന്നത് ഏറ്റവും പുണ്യമായി അവര്‍ കരുതി. സകല ഭൗതിക താല്‍പര്യങ്ങളും അവഗണിച്ച് മനുഷ്യവംശത്തിന്റെ മഹത്തായ വിജയത്തിനായി ദൈവമാര്‍ഗത്തില്‍ പുറപ്പെട്ട അവര്‍, യുദ്ധത്തലേന്ന് ദൈവിക സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ഥനയിലും സാഷ്ടാംഗത്തിലുമായാണ് സമയം കഴിച്ചുകൂട്ടിയത്. ആയുധശക്തിയും ആള്‍ബലവും തീരെ അപര്യാപ്തമെങ്കിലും വിശ്വാസം, അച്ചടക്കം, ആത്മാര്‍ഥത എന്നീ ഗുണങ്ങളില്‍ അവര്‍ സുസജ്ജരായിരുന്നു.
ഭൗതിക മാനദണ്ഡമനുസരിച്ച് ഖുറൈശികളായിരുന്നു ജയിക്കേണ്ടിയിരുന്നത്. കാരണം, എണ്ണത്തിലും വണ്ണത്തിലും അവരായിരുന്നു മുന്നില്‍. എന്നാല്‍, ഭൗതിക സന്നാഹങ്ങള്‍ക്കപ്പുറത്ത് വിജയലബ്ധിക്കുതകുന്ന ധാര്‍മികതയുടെ കരുത്ത് ഒട്ടുമില്ലാതെയാണ് അവര്‍ മുസ്‌ലിംകളെ നേരിടാനായി പുറപ്പെട്ടത്. സാധ്യമാകുന്നത്ര ഭൗതിക സന്നാഹങ്ങള്‍ ഒരുക്കിയ ശേഷമാണ് നബിയും അനുചരന്‍മാരും ദൈവിക സഹായത്തിനായി അര്‍ഥിച്ചത്. മുസ്‌ലിംകള്‍ക്ക് ലഭിച്ച ദൈവിക സഹായത്തിനു മുന്നില്‍ ഖുറൈശിപ്പടയുടെ കേവല ഭൗതികശക്തി നിഷപ്രഭമായി. അവരുടെ പ്രമുഖ നേതാക്കളടക്കം 70 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ തടവുകാരാവുകയും ചെയ്തു.
വിജയത്തിന്റെ മാനദണ്ഡം അല്ലാഹുവിനുള്ള സമര്‍പ്പണവും അനുസരണവുമാണെന്നതാണ് ബദ്ര്‍ നല്‍കുന്ന ഏറ്റവും വലിയ പാഠം. ജീവിതം നല്‍കിയവനുതന്നെ സമ്പൂര്‍ണമായി അത് സമര്‍പ്പിക്കുകവഴി ദൈവിക സഹായത്തിന് അര്‍ഹത തെളിയിച്ചവരായിരുന്നു ബദ്‌രീങ്ങള്‍. വിശ്വാസികളുടെ ആ ചെറുസംഘമെങ്ങാനും അന്ന് പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഭൂമിയില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ ആരുമുണ്ടാകുമായിരുന്നില്ല. നിര്‍ണായകമായ പ്രസ്തുത ഘട്ടത്തില്‍ ദൈവിക ഇടപെടലുണ്ടായി. ശത്രുക്കളുടെ എണ്ണം കുറച്ചുകാണിച്ചുകൊണ്ട് അവന്‍ വിശ്വാസികളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചു കൊടുത്തു. അങ്ങനെയാണവര്‍ വിജയികളായത്.