കാരുണ്യവും സാന്ത്വനവുമായി അല്ലാഹു അയക്കുന്ന റമദാനിനെയാണ് വിശ്വാസികള്‍ സല്‍ക്കരിക്കുന്നത്. അത് കലണ്ടറില്‍ സ്ഥിരമായുള്ളതാണല്ലോ, അല്ലാഹു അയക്കുന്നു എന്ന് പറയേണ്ടതുണ്ടോ എന്ന് സംശയിക്കുന്നവരുണ്ടാകും. കഴിഞ്ഞ വര്‍ഷം റമദാനിനെ കണ്ട എല്ലാവര്‍ക്കും ഇന്ന് അതിനെ കാണാന്‍ കഴിയുന്നില്ല. അവര്‍ വിടവാങ്ങി. ഇന്ന് റമദാനിനെ കണ്ടവര്‍ അടുത്ത വര്‍ഷം കണ്ടുകൊള്ളണമെന്നില്ല. നാം കളിച്ച് രസിക്കുന്നതിനിടയില്‍ ഒരു സെക്കന്റുനേരത്തെ ഭൂമികുലുക്കം മതി ജീവിതം പപ്പടം പൊടിയുന്നത് പോലെ പൊടിയാന്‍, കുബേരന്‍ ദരിദ്രനാകാന്‍. അല്ലാഹുവിന്റെ ചോദ്യം നോക്കൂ ‘എന്നാല്‍ അന്നാട്ടുകാര്‍, രാത്രിയില്‍ അവര്‍ ഉറക്കിലായിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിപ്പോയോ?’ (വി. ഖുര്‍ആന്‍ 7: 98)
ഇനി, ഇതൊന്നും വേണ്ട, ഒരു കൊതുക് മതി നമ്മെ കൊല്ലാന്‍. എത്രയെത്രപേര്‍ കൊതുകും എലിയും പരത്തുന്ന രോഗങ്ങളാല്‍ മരണപ്പെടുന്നു. അതിനാല്‍ റമദാനിന്റെ പുലരിയില്‍ വ്രതശുദ്ധിയോടെ എഴുന്നേല്‍ക്കുന്നവന്‍ അല്ലാഹു അയച്ച വിരുന്നുകാരനെ കണ്ടെത്തി എന്നു പറയാം.
റമദാനിനെ നാം സല്‍ക്കരിക്കുന്നത് റമദാനിനു വേണ്ടിയല്ല. നമുക്ക് വേണ്ടിയാണ്. സല്‍ക്കരിച്ചാല്‍ മനസ്സിന് കുസുമനൈര്‍മല്യം കൈവരും. അത് ഭക്തിയുടെ ഗുണമാണ്. നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടി എന്നാണല്ലോ അല്ലാഹു പറഞ്ഞത്.
റമദാനിനെ സല്‍ക്കരിക്കേണ്ടത് പട്ടിണികൊണ്ടാണ്. ആമാശയത്തിന് പട്ടിണി, വാക്കും നോക്കും ചെയ്തിയും സൂക്ഷിച്ചുകൊണ്ടുള്ള പട്ടിണി. അവയൊന്നും വെടിയാത്ത പട്ടിണിയില്‍ അല്ലാഹുവിന് താല്‍പര്യമില്ല എന്ന് നബി (സ) നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചു കൊണ്ട് നമ്മെ പ്രത്യേകമായി അനുഗ്രഹിച്ചത് റമദാനിലാണല്ലോ. അതിനാല്‍ നിരാഹാര ഭക്തിയിലൂടെ അതിലെ പകലുകളെക്കൊണ്ട് അല്ലാഹുവിന്ന് നന്ദി അര്‍പ്പിക്കാന്‍ അവന്‍ ആവശ്യപ്പെടുന്നു. അത് അര്‍ഹമായ ഒരാവശ്യം തന്നെയാണ്. കാരണം അല്ലാഹു അല്ലേ നമുക്ക് വേണ്ടതെല്ലാം തന്നതും തന്നുകൊണ്ടിരിക്കുന്നതും. ഏറ്റവുമൊടുവില്‍ തരുന്നത് സ്വര്‍ഗവും.
സ്വര്‍ഗത്തിലെത്തുക ഒരു പാപവും ചെയ്യാത്തവരല്ല. പാപികളില്‍ പശ്ചാതാപ വിശുദ്ധി നേടിയവരും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടും. ഒരു വിചാരണ മൈതാനിയില്‍ മരണശേഷം മനുഷ്യര്‍ ഹാജരാക്കപ്പെടും, മനുഷ്യരായി തന്നെ. കണ്ണിനും കാതിനും പ്രവര്‍ത്തന ശേഷിയുള്ളവരായിക്കൊണ്ടും തന്നെ. ആ സമ്മേളനത്തില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം ശ്രദ്ധേയമാണ്. ‘അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം.’ (വി ഖുര്‍ആന്‍ 64: 9)
അതെ, പാപം പൊറുത്ത് തന്ന് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ നാഥന്‍ വാക്ക് ലംഘിക്കുകയുല്ല. റമദാനില്‍ പാപമോചനത്തിന് പ്രത്യേകമായ രണ്ട് കര്‍മ്മങ്ങള്‍ തിരുദൂതന്‍ പറഞ്ഞു തന്നിട്ടുണ്ട്. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമനുഷ്ഠിക്കുകയും തറാവീഹ് നമസ്‌കരിക്കുകയും ചെയ്യുക. ഇങ്ങനെ റമദാനിനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍.