വ്യക്തി,കുടുംബ,സാമൂഹിക ജീവിതത്തില്‍ നാമിന്നഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് പരസ്പരമുള്ള വിട്ടുവീഴ്ചയുടെ അഭാവമാണ്. തന്റെ ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചുതരണമെന്നും തന്റെ നയങ്ങള്‍ മാത്രമേ മറ്റുള്ളവര്‍ നടപ്പാക്കാന്‍ പാടുള്ളൂ എന്നും തന്റെ തീരുമാനങ്ങള്‍ക്കപ്പുറത്ത് മറുത്തൊരു ആലോചന പോലും ആരില്‍ നിന്നും ഉണ്ടാകരുതെന്നും ആഗ്രഹിക്കുകയും ശഠിക്കുകയും ചെയ്യുന്നവന്‍, ഇതേ തീരുമാനാഗ്രഹങ്ങള്‍ ഉള്ള മനുഷ്യന്‍ തന്നെയാണ് തന്റെ മുന്നിലെന്ന് തീരെ ഗൗനിക്കുന്നില്ല. വിട്ടുവീഴ്ചയില്ലായ്മയുടെയും സഹകരണമില്ലായ്മയുടെയും തുടക്കം കുടുംബത്തില്‍ നിന്നുതന്നെയായിരിക്കും. തന്റെ കുടുംബത്തില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ തനിക്കെപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള പ്രയാസങ്ങളെ പൊറുക്കാനോ അതിന്റെ പേരില്‍ ആവശ്യഘട്ടങ്ങളില്‍ അവനെ സഹായിക്കാനോ കഴിയാത്ത മാനസികാവസ്ഥ പലര്‍ക്കും ഉണ്ടാവാറുണ്ട്. ഇത് ബന്ധപ്പെടുന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നില്ല. ഇതിന്റെ പ്രതിഫലനം അവന്‍ ബന്ധപ്പെടുന്ന സമൂഹമാകെ വ്യാപിച്ചു കിടക്കുകയും സാമൂഹിക വിപത്തായി മാറുകയും ചെയ്യുന്നു.
വിശ്വാസിയുടെ ജീവിതത്തിലേക്ക് വ്രതാനുഷ്ഠാനം കടന്നുവരുന്നത് ആസക്തികള്‍ക്കും ദേഹേച്ഛകള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ടാണ്. മനുഷ്യമനസ്സുകളുടെ സംസ്‌കരണ പ്രക്രിയയാണ് നോമ്പിലൂടെ സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ഇതര ആരാധനകളെക്കാള്‍ കഠിനവും തീവ്രവുമായ ആരാധനയാണ് നോമ്പ്. മനുഷ്യപ്രകൃതിയുടെ അനിവാര്യതയെന്ന് വിശേഷിപ്പിക്കാവുന്ന പക, അസൂയ, കുശുമ്പ് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിലൊക്കെ നിയന്ത്രണമേര്‍പ്പെടുത്തി വ്യക്തിയെ സാമൂഹ്യതലത്തില്‍ സംസ്‌കരിച്ചെടുക്കുന്ന മഹത്തായ പ്രക്രിയയാണ് നോമ്പ്.
വ്യക്തിയുടെ സ്വഭാവത്തെ സംസ്‌കരിച്ചെടുത്തു കൊണ്ടാണ് നോമ്പിന്റെ ഓരോ രാപകലുകളും കടന്നുപോകുന്നത്. നബി(സ) പറഞ്ഞു: ”അല്ലാഹു അരുള്‍ചെയ്തിട്ടുണ്ട്, മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവന് തന്നെയുള്ളതാണ്. എന്നാല്‍ നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നോമ്പനുഷ്ഠിച്ചാല്‍ അശ്ലീലം പറയരുത്. വല്ലവരും വഴക്കിന് വന്നാല്‍ അവനോട് ഞാന്‍ നോമ്പുകാരനാണെന്ന് പറയണം.” തന്റെ വികാരവിചാരങ്ങളെയും ആസക്തികളെയും സ്വഭാവങ്ങളെയും നിയന്ത്രിച്ച് സഹജീവികളോട് പെരുമാറുമ്പോള്‍, വിട്ടുവീഴ്ചയുടെയും വിശാലമനസ്‌കതയുടെയും തലത്തിലേക്ക് ഉയരാന്‍ കഴിയുമ്പോഴാണ് നോമ്പിനെ വിശേഷിപ്പിച്ച ‘പരിച’ എന്ന വാക്ക് കൂടുതല്‍ അര്‍ഥവത്താകുക. അത്തരമൊരു സ്വഭാവ സംസ്‌കരണത്തിനുള്ളതാവണം നോമ്പ്.
സാമൂഹികബന്ധങ്ങളെ ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ആരോഗ്യകകരമായി നിലനിര്‍ത്തിയെടുക്കണമെങ്കില്‍, പെട്ടെന്ന് ‘പ്രകോപിതരാകുന്ന സമുദായം’ എന്ന അപരവത്കരണത്തില്‍ നിന്ന് മാറണമെങ്കില്‍ ദയ, കാരുണ്യം, വിട്ടുവീഴ്ച, വിശാലമനസ്‌കത തുടങ്ങിയ മാനുഷിക ഗുണങ്ങളെ നമുക്ക് ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്. മറ്റുള്ളവരില്‍ നിന്നും തനിക്കനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെ ശാന്തതയോടെ കൈകാര്യം ചെയ്യാനായാല്‍ മാത്രമേ കോപത്തെ നിയന്ത്രിക്കാനും വിട്ടുവീഴ്ച ചെയ്യാനും കഴിയൂ. ബന്ധങ്ങളെ തകരാറിലാക്കുന്നവയും അതിനെ ഊഷ്മളമായി നിലനിര്‍ത്തുന്നവയും എന്താണെന്ന് പ്രവാചകന്‍ തന്റെ അധ്യാപനങ്ങളിലൂടെ കാണിച്ചു തന്നിട്ടുണ്ട്. നബി(സ) അരുളി: ”അല്ലാഹുവിന്റെ പ്രീതിയെ മോഹിച്ചുകൊണ്ട് കടിച്ചിറക്കുന്ന കോപത്തെക്കാള്‍ അല്ലാഹുവിങ്കല്‍ ശ്രേഷ്ഠമായി യാതൊന്നും ഒരടിമ കടിച്ചിറക്കുന്നില്ല”(അഹ്മദ്). ”ഒരു തിന്മക്ക് പകരം അത്രതന്നെയുള്ള തിന്മയാണ്. എന്നാല്‍ ഒരാള്‍ മാപ്പു നല്‍കുകയും യോജിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന പക്ഷം അവന്റെ പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലത്രെ. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.” (ശൂറ: 40)
ബന്ധത്തിന്റെ പാരസ്പര്യ പാഠത്തിലൂടെ മാത്രമേ പാരത്രിക മോക്ഷമെന്ന ലക്ഷ്യത്തിലേക്ക് നമുക്കെത്താനാവുകയുള്ളൂ. ഒരാളുടെ ജീവന്‍, ധനം, അഭിമാനം എന്നിവ സംരക്ഷിക്കല്‍ സത്യവിശ്വാസിയുടെ അവകാശ സംരക്ഷണത്തിന്റെ ബാധ്യതയില്‍ പെട്ടതാണ്. ഈ ബാധ്യത യഥാവിധി നിര്‍വഹിക്കാനാവണമെങ്കില്‍ പകപോക്കലിന്റെയും പ്രതികാരത്തിന്റെയും മ്ലേച്ഛതയില്‍ നിന്നും ഉയര്‍ന്ന് വിട്ടുവീഴ്ചയുടെ ഉന്നതിയിലേക്കുയരാന്‍ നമുക്കാവണം. സമൂഹത്തിലിറങ്ങി നില്‍ക്കുന്നവന് ഒരുപാടാളുകളില്‍ നിന്നും കയ്‌പേറിയ ധാരാളം അനുഭവങ്ങള്‍ ഏല്‍ക്കേണ്ടി വരിക സ്വാഭാവികമാണ്. അതിനുള്ള പ്രതിവിധി സമൂഹത്തില്‍ നിന്നും എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും ഉള്‍വലിയലുമല്ല. മാതാപിതാക്കള്‍, മക്കള്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍, രോഗികള്‍, പാവപ്പെട്ടവന്‍, സമൂഹത്തിലെ ദുര്‍ബലന്‍ തുടങ്ങി ഒരുപാടാളുകളോട് വ്യത്യസ്ത തരത്തിലുള്ള ബാധ്യതയും കടപ്പാടും തനിക്കുണ്ടെന്ന ബോധ്യത്തോടെ ആരില്‍ നിന്നും യാതൊന്നും പ്രതിഫലം പ്രതീക്ഷിക്കാതെ അവരില്‍ നിന്നും ഉണ്ടാകുന്ന പ്രയാസങ്ങളെ ക്ഷമയോടെയും ശാന്തതയോടെയും സമീപിക്കാന്‍ കഴിയണം. അത്തരക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന അസ്വാരസ്യങ്ങള്‍ ഒരിക്കലും പ്രശ്‌നമാകില്ല.
വിട്ടുവീഴ്ചയുടെ ആദ്യപടി കുടുംബത്തില്‍ നിന്നുതന്നെ വേണം തുടങ്ങാന്‍. കുടുംബമാണ് സാമൂഹിക സ്ഥാപന വ്യവഹാരങ്ങളുടെ ആദ്യപടി. വലിയൊരു ആള്‍ക്കൂട്ടത്തിന്റെ ചെയ്തികളെ സഹിക്കാനും മാപ്പാക്കാനും പൊറുക്കാനും അവനോട് കാരുണ്യം കാണിക്കാനുമാകണമെങ്കില്‍ അണുകുടുംബ ഘടനയിലെ രണ്ടാള്‍ മാത്രമുള്ള ഇടുങ്ങലില്‍ നിന്നും അത് പരിശീലിച്ചെടുക്കണം. വ്യത്യസ്ത ചിന്തയും ആശയങ്ങളും ആഗ്രഹങ്ങളും വെച്ചുപുലര്‍ത്തിക്കൊണ്ട് തന്നെ പരസ്പരം സ്‌നേഹിക്കാനും ആസ്വദിക്കാനും അല്ലാഹുവിനെ മുന്‍നിര്‍ത്തി കരാറെടുത്തവരാണ് ദമ്പതിമാര്‍. അവര്‍ക്കിടയില്‍ പോലും വെറുപ്പിന്റെയും അകല്‍ച്ചയുടെയും ഒരിക്കലും യോജിപ്പിക്കാനാവാത്ത വിധം പിന്‍വാങ്ങിപ്പോകുന്നതിന്റെയും കാരണം പരസ്പരം വിട്ടുവീഴ്ചചെയ്യാനും അല്‍പമൊന്ന് താണുകൊടുക്കാനും കഴിയാത്ത വിധമുള്ള വാശിയാണ്. ഇങ്ങനെ വാശിയും മേല്‍ക്കോയ്മാ മനോഭാവവും ഉള്ള സ്ത്രീപുരുഷന്മാരാണ് വലിയൊരു സമൂഹത്തിന്റെ മുന്നിലേക്കിറങ്ങുന്നത്. തന്റെ ഇണയോട് അവരുടെ ദൗര്‍ഭല്യങ്ങളറിഞ്ഞ് പെരുമാറുന്നവനും/പെരുമാറുന്നവളും, തന്റെ മക്കളോട്, അവര്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ ജീവിത പാഠങ്ങള്‍ ഇനിയുമേറെ അറിയാനുണ്ട് എന്ന വിശ്വാസത്തില്‍ അവരിലെ തെറ്റുകള്‍ അവഗണിച്ച് പൊറുക്കാന്‍ കഴിയുന്ന മാതാപിതാക്കള്‍ക്കും അത് കണ്ടു വളരുന്ന മക്കള്‍ക്കും മാത്രമേ സമൂഹത്തോട് മൃദുവായി പ്രതികരിക്കാനാവൂ. പരോപകാരത്തിന്റെയും വിട്ടുവീഴ്ചയുടെയും പാഠങ്ങള്‍ പഠിച്ചെടുക്കാനുള്ള ഏറ്റവും നല്ല സമയമാണ് വിശുദ്ധ റംസാന്‍. മനസ്സും ശരീരവും പൂര്‍ണമായി ദൈവത്തിലേക്ക് അടുപ്പിക്കപ്പെടുന്ന മാസമാണത്. അധീശത്വ അധമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ നോമ്പിലൂടെ സാധ്യമാവണം.