കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരന്റെ വീട്ടില്‍ നോമ്പ് തുറ കഴിഞ്ഞ് സംസാരിച്ചിരിക്കുകയായിരുന്നു. നോമ്പ് തുറയുടെ വിഭവങ്ങള്‍ മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ സംസാരവിഷയമായി വന്നു. അതിനിടക്ക് ഒരു സുഹൃത്ത് പറഞ്ഞു. നോമ്പ് കഴിയാറായി. നിന്റെ വീട്ടിലേക്ക് എന്നാണ് നോമ്പ് തുറക്കാന്‍ വിളിക്കുന്നത്. ഇനി അത് കൂടി ഗ്രാന്റാക്കണം. അടുത്ത വര്‍ഷം ആരൊക്കെയാണ് ഉണ്ടാവുകയെന്നത് അറിയില്ലല്ലോ.
ഈ സംസാരത്തിനിടയിലേക്ക് കടന്നുവന്ന അവന്റെ ഒരു ബന്ധുവായ പത്താം ക്ലാസുകരന്റെ കമന്റ് ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. ‘നോമ്പ് കഴിയാറായി… അടുത്ത നോമ്പ് നമ്മിലാര്‍ക്കെല്ലാം കിട്ടുമെന്നറിയില്ല. അപ്പോ നോമ്പ് തുറക്കാന്‍ ക്ഷണിക്കാന്‍ ഇനി ആരെങ്കിലും ബാക്കിയുണ്ടോ എന്ന് ചിന്തിക്കുന്നതിന് മുമ്പേ നാം ആലോചിക്കേണ്ടത് ഇതുവരെ കഴിഞ്ഞ നോമ്പിലൂടെ നമുക്കെന്ത് നേടാനായി എന്നതാണ്. ഈ റമദാന്‍ മാസം കൊണ്ട് വരും കാലങ്ങളിലേക്ക് നമുക്കെന്തെങ്കിലും മാറ്റമുണ്ടാക്കാനായോ എന്നതാണ്.’
അത് വരെ ഭക്ഷണത്തിന്റേയും വിഭവങ്ങളുടേയും മേന്‍മയെക്കുറിച്ചും മറ്റ് നാട്ടുകാര്യങ്ങളെക്കുറിച്ചും തമാശയായും മറ്റും സംസാരിച്ചിരുന്ന ഞങ്ങളെയെല്ലാവരേയും നിശബ്ധരാക്കുന്നതായിരുന്നു അവന്റെ ഇടപടല്‍. താമാശയായാണ് അവന്‍ പറഞ്ഞതെങ്കിലും എല്ലാവര്‍ക്കും അറിവുള്ളതാണെങ്കിലും ഏറെ പ്രാധാന്യമുള്ളതായിരുന്നു അവന്റെ സംസാരം.
പുണ്യങ്ങളുടെ പൂക്കാലമായി പെയ്തിറങ്ങി സ്‌നേഹത്തിന്റേയും സഹനത്തിന്റേയും സമഭാവനയുടേയും സൗരഭ്യം പരത്തി വിശ്വാസി ഹൃദയങ്ങളെ പുളകമണിയിച്ച വിശുദ്ധ റമദാന്‍ വിട പറയുകയാണ്. ഓര്‍ക്കുമ്പോള്‍ മനതാരില്‍ ഭയമില്ലാതേയില്ല. അന്നപാനീയങ്ങള്‍ നോമ്പിന്റെ പകലില്‍ വേണ്ടെന്നു വെക്കുക എന്നതില്‍ കാര്യമായി പിഴവുകള്‍ ഉണ്ടായില്ലായെങ്കിലും ഈ പുണ്യമാസത്തെ അതിന്റെ യഥാര്‍ഥ ചൈതന്യത്തോടെ ഉള്‍ക്കൊള്ളനുള്ള ശ്രമം എത്രത്തോളം വിജയിച്ചു എന്നത് ഇപ്പോഴും മനസ്സിനെ പ്രയാസപ്പെടുത്തുന്നതാണ്.
തെറ്റായ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കുകയും അനുവദനീയമല്ലാത്തതും അവിഹിതമായതുമായ ഒന്നും ആസ്വദിക്കാതെ ദേഹേച്ഛയെ പിടിച്ചു നിര്‍ത്തുകയും ചെയ്യുക എന്ന മറ്റൊരു വശം പൂര്‍ണാര്‍ഥത്തില്‍ നേടിയെടുക്കാനായോ എന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നിര്‍ബന്ധമാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്ന അനുഷ്ഠാനം റമദാന്‍ മാസത്തോടൊപ്പം വിടപറയുമെങ്കിലും ആ നോമ്പിലൂടെ ആര്‍ജിച്ചെടുത്ത ആത്മചൈതന്യം വിശ്വാസിയെ വിട്ടുപോവുന്നില്ല. വരും കാല ജീവിതത്തില്‍ ആത്മബലമായും ധാര്‍മിക ശക്തിയായും അത് വിശ്വാസിയോടൊപ്പം ഉണ്ടാവും.
ഈ റമദാന്‍ വ്രതം അതിന്റെ അതിന്റെ പരിപൂര്‍ണ ചൈതന്യത്തോടെ ഉപയോഗപ്പെടുത്തിയവരുടെ കൂടെ അല്ലാഹു നമ്മേയും ഉള്‍പ്പെടുത്തുമാറാവട്ടെ. വഴിവിട്ടു സഞ്ചരിക്കുന്ന ദേഹേച്ഛകളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ആത്മീയ ശക്തി നേടിയെടുത്ത് പെരുന്നാള്‍ രാവിന്റെ തക്ബീര്‍ ധ്വനിക്ക് കാതോര്‍ക്കുന്ന വിശ്വാസികള്‍ക്ക് നേരുന്നു ഊഷ്മളമായ പെരുന്നാള്‍ സന്തോഷങ്ങള്‍.