രുചികളില്‍ നിന്നുള്ള വിടുതലാണ് വ്രതം. ഭൗതികമായ സ്വാദുകള്‍ പകല്‍ നേരത്ത് മാറ്റിവെക്കുന്നതിലൂടെ ഒരാള്‍ക്ക് നോമ്പുകാരനാവാം. അതില്‍പ്രധാനം ഭക്ഷണം തന്നെ. രുചിയുടെ നേരനുഭവമാണ് ഭക്ഷണം നല്‍കുന്നത്. രുചിയുടെ ഗണിതശാസ്ത്ര കൃത്യത ഭക്ഷണത്തിലൂടെയാണ് അനുഭവപ്പെടുന്നത്. മധുരത്തിന്റെ മധുരവും കൈയ്പിന്റെ തീവ്രതയും ചവര്‍പ്പിന്റെ അരുചിയും നാം അറിഞ്ഞത് നമ്മള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നുതന്നെ. മധുരം, കൈയ്പ്, ചവര്‍പ്പ് എന്നീ പദങ്ങള്‍ ഭക്ഷണത്തിലേക്ക് മാത്രം ചേര്‍ത്ത് പറയാന്‍ നമ്മെ ശീലിപ്പിച്ചതു പോലും ഭക്ഷണം നമുക്ക് നല്‍കുന്ന രുചിയുടെ കൃത്യതയായിരിക്കണം. ജീവിതത്തിലേക്ക് കൂടി ചേര്‍ത്ത്‌വെക്കാവുന്നവയാണല്ലോ ശരിക്കും ഈ വാക്കുകള്‍.
സംസാരിക്കുവാനുള്ള സാധ്യത തുറക്കുന്നതോടൊപ്പം രുചിയറിക്കലും കൂടിയാണല്ലോ നാവിന്റെ ധര്‍മം. പരസ്പര ബന്ധമില്ലാത്തതെന്ന് പ്രത്യക്ഷത്തില്‍ കാണുന്ന ഈ ധൗത്യം മനുഷ്യനില്‍ മാത്രമാണ് നാവ് അനുഷ്ടിക്കുന്നത്. ഇതര ജീവികള്‍ക്ക് സംസാരവുമില്ല രുചിഭേദങ്ങളുമില്ല. അവക്ക് നാവുകൊണ്ട് പ്രയോജനങ്ങള്‍ മറ്റു ചിലതാണ്.
പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം മേളചമായ വാക്കുകളില്‍ നിന്നുകൂടി വിടുതല്‍ നേടാതെ വ്രതം സാധ്യമാവില്ലെന്നതാണ് നോമ്പുകാരനുള്ള പ്രവാചക പാഠം. വാക്കുകള്‍ക്ക് തെരഞ്ഞെടുപ്പ് ആവശ്യമാണെന്ന് ചുരുക്കം. നാവ് സ്വയം രുചി സൃഷ്ടിക്കുന്നില്ല. അതിലേക്ക് ചേര്‍ക്കുന്ന ഭക്ഷ്യവസ്തുവിന്റെ രുചി ബോധ്യപ്പെടുത്തുകയാണത് ചെയ്യുന്നത്. എന്നതുപോലെ, നാവില്‍ നാം വെച്ചുകൊടുക്കുന്ന വാക്കുകളാണ് അവ പുറത്തേക്ക് എയ്യുന്നത്. രുചിയേറിയ ഭക്ഷണം തെരഞ്ഞെടുക്കുന്നതുപോലെ നിര്‍ബന്ധം മധുരമൂറും വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിലും ഉണ്ടാവുമ്പോഴാണ് നാവിനോട് നമുക്ക് നീതി പുലര്‍ത്താനാവുക. വാക്ക് അതിന്റെ ഉടമയുടെ വ്യക്തിത്വമാണ് പ്രകാശിപ്പിക്കുന്നത്. ദിനംപ്രതി 3000 ത്തോളം വാക്കുകള്‍ ഒരു ശരാശരി മനുഷ്യന്‍ പുറത്തുവിടുന്നുണ്ട്. പുറപ്പെട്ടുപോകുന്ന ഈ വാക്കുകളുടെ സൗന്ദര്യത്തെക്കുറിച്ചോ രുചിയെക്കുറിച്ചോ നാം ആലോചിക്കാറുണ്ടോ വാക്കിനെ സംബന്ധിച്ച ഈ ആകുലതകളില്‍ അകപ്പെടാതെ മുന്നോട്ടുപോകുന്നത് അപകടം വരുത്തുമെന്നത് നിസ്തര്‍ക്കം. അഥിതി സല്‍ക്കാരത്തിന് തീന്‍മേശയിലേക്ക് പലഹാരങ്ങള്‍ ഒരുക്കുന്നതിലെ ശ്രദ്ധയും കൈയടക്കവും മറ്റുള്ളവര്‍ക്ക് വേണ്ടി നാമൊരുക്കുന്ന വാക്കുകള്‍ക്കും വേണം. അപ്പോഴാണാ വാക്കുകള്‍ ഏറ്റവും സ്വാദിഷ്ടമായ ഒരു സദ്യയായി കേള്‍വിക്കാരന് അനുഭവപ്പെടുക. ഇങ്ങനെ വാക്കുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കാനുള്ള പരിശീലനമാണ് നോമ്പ്. അതിനാല്‍ നോമ്പ് അന്തര്‍മുഖനായ ഒരു വ്യക്തിയെയല്ല സൃഷ്ടിക്കുന്നത്. സമൂഹത്തില്‍ ഏറ്റവും ശാന്തനായും സൗമ്യചിത്തനായും ഇടപെടാന്‍ കരുത്തുള്ള വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്.
മധുരമുള്ള വാക്ക് കേള്‍വിക്കാരന്റെ ജീവിതത്തെ അഗാധമായി സ്വാധീനിക്കും. അവന്റെ ജീവിതത്തെ മാറ്റിമറിക്കും. ഒരു വാക്കിന്റെ ഊക്കില്‍ ആ ജന്മം ജീവിതനിര്‍ജരിയില്‍ കാതങ്ങള്‍ താണ്ടും. നനുത്ത ചില വാക്കുകള്‍ അപകടങ്ങളുടെ ആഴങ്ങളില്‍നിന്ന് മനുഷ്യനെ കൈപിടിച്ചുകയറ്റും. ജീവിത നൈരാശ്യത്തിന്റെ അഗാത ഗര്‍ത്തങ്ങളിലേക്ക് ആപതിച്ചുപോകുമായിരുന്ന എ്ത്രയോ മനുഷ്യരാണ് ചില വാക്കുകളുടെ കുഞ്ഞുഓളങ്ങളില്‍ തുഴയെറിഞ്ഞ് ലക്ഷ്യം പ്രാപിച്ചിട്ടുള്ളത്. ദുരന്തജീവിതത്തിന്റെ അവസാനം അഭയം ചോദിച്ച് പഴയ പ്രണയനായകനെ കണ്ടുമുട്ടിയപ്പോള്‍ അയാളുടെ ‘വരൂ’ എന്ന മറുപടി ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരി’ലെയും കുഞ്ചുകുട്ടിയമ്മയിലുണ്ടാക്കിയ പുതുസ്വപ്നങ്ങളെ പറ്റി നോവലുകാരന്‍ പറയുന്നുണ്ട്: ‘ ആ ഒരൊറ്റ വാക്കുകേട്ട കുഞ്ചുക്കുട്ടിയമ്മക്ക് ജീവന്‍ വീണു. ജീവിതത്തില്‍ ഒരിക്കലും അത്രയും മധുരമായ ഒരു വാക്ക് അവര്‍ കേട്ടിട്ടില്ലെന്നു തോന്നുന്നു…’
ഭക്ഷണത്തിലെ രുചിവൈവിധ്യങ്ങള്‍ അനന്തമാണെങ്കിലും മധുരമൂറും വാക്കുകള്‍ക്ക് പഞ്ഞമുള്ള കാലമാണിത്. ഇന്ന് ഭക്ഷണ സദസുകള്‍ സ്വാദിഷ്ടമായ അനുഭവമാവുമ്പോള്‍ സംഭാഷണ വേദികള്‍ കൈപ്പുനിറഞ്ഞതായി മാറുന്നുവെന്നതാണ് സത്യം. രുചിയേറിയ ഭക്ഷണം തേടിയുള്ള മനുഷ്യന്റെ യാത്രക്ക് ചരിത്രത്തോളം പഴക്കമുണ്ട്. അല്ലെങ്കില്‍ ചരിത്രം ഭക്ഷണത്തിന്റെ രുചിവൈവിധ്യവുമായി കെട്ടുപിണഞ്ഞതാണെന്ന് പറയാം. ഭക്ഷണത്തിന്റെ വൈവിധ്യത്തിന് വേണ്ടി നമ്മള്‍ നടത്തുന്ന പരിശ്രമം എത്രയാണ്!. അതേസയമം വാക്കുകള്‍ എത്ര അലക്ഷ്യമായാണ് മനുഷ്യന്‍ എടുത്ത് പ്രയോഗിക്കുന്നത്!. അതിനെത്ര മൂര്‍ച്ചയുണ്ടെന്ന് ചവര്‍പ്പുണ്ടെന്ന് കയ്പ്പുണ്ടെന്ന് ആലോചിക്കാതെയാണവ തൊടുത്തുവിടുന്നത്. വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് കേട്ടിട്ടില്ലേ. മൂര്‍ച്ചയേറിയ വാക്കുകള്‍ മുറിവേല്‍പ്പിക്കുക തൊലിപ്പുറത്തല്ല ഹൃദയാന്തരാളത്തിലാണ്. അതിനാല്‍ തൊടുലേപനങ്ങള്‍കൊണ്ട് ആ മുറിവ് ഉണക്കാനാവില്ല. വാക്കുമൂലമുള്ള പരിക്കിനുപോലും ഔഷധം വാക്കുതന്നെ.