ഇത്തരത്തില്‍ പല രൂപത്തിലും പുണ്യത്തെ കാണുന്നവര്‍ ഉള്ളതിനാല്‍ പുണ്യത്തെ കുറിച്ച അഭിപ്രായ വൈരുദ്ധ്യത്തിലേക്ക് കടന്നു വരുന്നത് പോലെ പറയുന്നു: ‘നിങ്ങള്‍ പടിഞ്ഞാട്ടോ കിഴക്കോട്ടോ മുഖം തിരിക്കുക എന്നതല്ല പുണ്യം. പിന്നെയോ, മനുഷ്യന്‍ അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു പുണ്യം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ പുണ്യവാന്‍മാര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍തന്നെയാകുന്നു ഭക്തരും.’ (അല്‍-ബഖറ : 177) വിശ്വാസിയെ സംബന്ധിച്ചടത്തോളം പുണ്യത്തിന്റെ നിര്‍വചനം ഇതാണ്.
പുണ്യം തുടങ്ങുന്നത് കര്‍മത്തില്‍ നിന്നല്ല വിശ്വാസത്തില്‍ നിന്നാണെന്നാണിത് വ്യക്തമാക്കുന്നത്. വിശ്വാസം എന്തു തന്നെയായാലും കര്‍മം നന്നായാല്‍ മതിയെന്നുള്ളത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു കാഴ്ച്ചപ്പാടാണ്. അബദ്ധജടിലമായൊരു വീക്ഷണമാണത്. വിശ്വാസത്തിന്റെ തറക്ക് മുകളില്‍ മാത്രമാണ് പുണ്യവും നന്മയും ഉള്ളൂ എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഈമാന്‍ എന്നത് മേല്‍വിലാസം കൊണ്ടോ താവഴി കൊണ്ടോ ചുറ്റുപാടു കൊണ്ടോ ഉണ്ടാവുന്നതല്ല. അറിഞ്ഞ് അംഗീകരിച്ച് സമ്മതിച്ച് സമര്‍പ്പിക്കലാണ് ഈമാന്‍. അതുകൊണ്ട് വിശ്വാസമില്ലാതോ കോടിക്കണക്കിന് രൂപ ദാനം ചെയ്താലും അത് പുണ്യമല്ല. വിശ്വാസത്തിന്റെ അടിത്തറ ഇല്ല എന്നത് തന്നെ കാരണം. എന്നാല്‍ വിശ്വാസത്തോടു കൂടി ഒരാള്‍ ചെയ്യുന്ന ചെറിയ സംഖ്യയുടെ ദാനം പ്രതിഫലാര്‍ഹമായ പുണ്യവുമാണ്.
عَمَلٌ صَالِح എന്നതിന് സാധാരണായി സല്‍കര്‍മം എന്നു അര്‍ഥം പറയാറുണ്ട്. എന്നാല്‍ അതിലേറെ ശരിയായ പ്രയോഗം സാധുവായ കര്‍മം എന്നാണ്. തന്റെ ആദര്‍ശാടിത്തറയെ സാധൂകരിക്കുന്ന കര്‍മം. ആദര്‍ശാടിത്തറക്ക് നിരക്കാത്ത കര്‍മമാണെങ്കില്‍ അത് സല്‍ക്കര്‍മമല്ല. നൂഹ് നബി(അ) മകന് വേണ്ടി നടത്തിയ പ്രാര്‍ഥന ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അതിനുള്ള മറുപടിയില്‍ قال يا نوح إنه ليس من أهلك إنه عمل غير صالح എന്നാണ് അല്ലാഹു പറയുന്നത്. അതായത് നൂഹ് നബിയുടെ പ്രാര്‍ഥന അദ്ദേഹം നിലകൊള്ളുന്ന ആദര്‍ശാടിത്തറക്ക് നിരക്കാത്തതാണെന്നാണ് അല്ലാഹു പറയുന്നത്.
ഈമാനികാടിത്തറയുടെ കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തുന്നവരായിരിക്കണം. വിശ്വാസം എന്തായാലും കര്‍മം നന്നായാല്‍ മതി എന്ന വിശാലത നമ്മെ അപകടത്തിലാണ് എത്തിക്കുക. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുള്ളത് അതിന്റെ മറ്റൊരു വശമാണ്. ഇതിനെ ഒരു മഹദ്‌വചനമായി പലരും കൊണ്ടു നടക്കാറുണ്ട്. മനുഷ്യന്‍ മതം കൊണ്ടല്ല നന്നാവുന്നത് എന്ന ഒരു ധ്വനി അതിലുണ്ട്. അല്ലാഹുവെന്ന പരമസത്യത്തെ ഉള്‍ക്കൊള്ളാന്‍ അതിനോട് പരലോകം കൂടി ചേര്‍ത്തു വെക്കേണ്ടതുണ്ട്. ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം ചേര്‍ത്ത് തന്നെ പരലോക വിശ്വാസവും പറയുന്നതായി കാണാം. പരലോക വിശ്വാസത്തിന്റെ അഭാവത്തില്‍ ദൈവവിശ്വാസം ഇല്ല എന്ന് തന്നെ പറയാം. യഥാര്‍ഥ ദൈവവിശ്വാസം പരലോകവുമായി ബന്ധപ്പെട്ടതാണ്. അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പരലോകവുമായി ബന്ധമുള്ളതാണ്. ഈമാനികമായ അടിത്തറ ഇല്ലെങ്കില്‍ കര്‍മങ്ങള്‍ എത്രമനോഹരമായി തോന്നിയാലും ഫലമില്ലെന്ന് സാരം.
പ്രയോജനവാദത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണുന്നു എന്നതിനാല്‍ പല ശിര്‍കുകളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കുറെ ആളുകള്‍ക്ക് ഉപകാരം ഉണ്ട് എന്നത് പല തെറ്റുകള്‍ക്കും ന്യായമായി തീരുന്നു. ദര്‍ഗയുടെ വരുമാനം കൊണ്ട് നടക്കുന്ന ആശുപത്രികള്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ പലപ്പോഴും ഈമാനികാടിത്തറക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല.
മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തം വിശ്വസിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞ ശേഷം പരാമര്‍ശിക്കുന്നത് ധനവ്യയത്തിന്റെ വിശദമായ രൂപമാണ്. ഈമാനിനെ നിരന്തരം വേട്ടയാടുന്ന ഒന്നാണ് ധനപൂജ എന്നതായിരിക്കാം അതിന് കാരണം. അതുകൊണ്ടാണ് ഈമാനെ കുറിച്ച് പറഞ്ഞ ശേഷം വളരെ സുപ്രധാനമായ നമസ്‌കാരത്തെ കുറിച്ച് പറയാതെ ചെലവഴിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. ഈമാനിനെ ബാധിക്കാവുന്ന മാരകമായ രോഗമായ ധനപൂജ ശിര്‍ക്കാണ്.
അറബി പേരുള്ളത് കൊണ്ടോ, മുസ്‌ലിം കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ ഒരാളുടെയും ഈമാന്‍ ശക്തമാണെന്ന് തെറ്റിധരിക്കേണ്ടതില്ല. ഈമാന്‍ ഏറുകയും കുറയുകയും ചെയ്യുന്ന ഒന്നാണ് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. നമ്മുടെ ഈമാന്‍ അതിന്റെ തീക്ഷണതയോടെയും അതിന്റെ ശുദ്ധിയോടും കൂടി നിലകൊള്ളുന്നുണ്ടോ എന്ന് നാം അടിക്കടി ആത്മപരിശോധന നടത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം നിങ്ങളുടെ ഈമാനിനെ നിങ്ങള്‍ പുതുക്കണം (Update) ചെയ്യണമെന്ന് നബി(സ) പറഞ്ഞത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ മൂഢവിശ്വാസങ്ങളെയും തെറ്റായ പ്രചരണങ്ങളെയും അതിജീവിക്കാന്‍ പാകത്തില്‍ നമ്മുടെ ഈമാന്‍ കരുത്തുറ്റതാകണം. അതിന് അറിവ് സുപ്രധാനമാണ്. എല്ലാ അറിവും എല്ലാവരും ആര്‍ജ്ജിക്കേണ്ടതില്ലെങ്കിലും ഈമാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മതിയായ വിജ്ഞാനം ആര്‍ജ്ജിക്കല്‍ ഓരോ വ്യക്തിയുടെയും നിര്‍ബന്ധ ബാധ്യതയാണ്.