ആത്മാര്‍തഥയുടെ ഉറവിടം ആത്മാവിലാണ്. ആ ആത്മാവിന്റെ അവസ്ഥയെ കുറിച്ച് മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു പറയുന്നു: ‘ആത്മാവിനെ അവന്‍ സന്തുലിതപ്പെടുത്തിയിരിക്കുന്നു.’ അതിന് ധര്‍മാധര്‍മ്മ ബോധം നല്‍കിയിരിക്കുന്നുവെന്ന് അതിന്റെ പ്രകൃതത്തെ കുറിച്ചും പറയുന്നു. ഇങ്ങനെ ധര്‍മ്മാധര്‍മ്മ ബോധം നല്‍കപ്പെട്ടിട്ടുള്ള ആത്മാവോടു കൂടിയ മനുഷ്യന്റെ വിജയപരാജയങ്ങളുടെ അടിസ്ഥാനമാണ് തുടര്‍ന്ന് പറയുന്നത്. ആത്മാവിനെ സംസ്‌കരിക്കുന്നവന്‍ വിജയിക്കുകയും അതിനെ അവഗണിക്കുന്നവന്‍ പരാജിതനാവുകയും ചെയ്യും. ആത്മാവിന്റെ സംസ്‌കരണമാണ് മാനവസമൂഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.
മത്സ്യം ചീയുന്നത് തലയില്‍ നിന്നാണെങ്കില്‍ മനുഷ്യന്‍ ചീയുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് പറയുന്നതിന് പിന്നിലെ കാരണവുമതാണ്. ഇവിടെ ഹൃദയം കൊണ്ടുദ്ദേശിക്കുന്നത് ഹൃദയ പേശികളല്ല, മറിച്ച് ആത്മാവാണ്. ഹൃദയ പേശികള്‍ക്കുള്ള കേടുപാടുകള്‍ ഒരു വിദഗ്ദ ഡോക്ടര്‍ക്ക് ചികിത്സിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ആത്മാവിന് വരുന്ന കേടുപാടുകള്‍ പുറമെയുള്ള ഒരാള്‍ക്ക് ചികിത്സിക്കാനാവില്ല. ഓരോരുത്തരുടെയും ആത്മാവിന് പറ്റിയിരിക്കുന്ന കേടുപാടിനെ കുറിച്ച് അവരവര്‍ക്ക് മാത്രമാണ് അറിയുക. അവന്‍ തന്നെ അത് തിരിച്ചറിഞ്ഞ് അതിന് ചികിത്സ നടത്തണം. അല്ലാഹു ഒരിക്കലും അതില്‍ ഇടപെടുകയില്ല.കുളിക്കാന്‍ ആവശ്യമായ വെള്ളവും കുളിച്ചാല്‍ വൃത്തിയാകുമെന്ന ബോധവും നല്‍കുക മാത്രമാണ് അല്ലാഹു ചെയ്യുക. കുളിച്ചു വൃത്തിയാവേണ്ട ബാധ്യത അവനവനുമാത്രമാണ്. ശരീരത്തെ ശുദ്ധിയാക്കാന്‍ വെള്ളം ഉപയോഗിക്കാം ഇതു പോലെ ആത്മാവിനെ വൃത്തിയാക്കുന്നതിനും ചില മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ആത്മാവിനെ ശുദ്ധിയാക്കാനുള്ള മാര്‍ഗമാണ് അനുഷ്ഠാനങ്ങള്‍, ആ അനുഷ്ഠാനങ്ങള്‍ അവയുടെ ആത്മാവോട് കൂടി കൃത്യതയോടെ നിര്‍വ്വഹിക്കുമ്പോള്‍ മാത്രമാണ് ആത്മാവ് സംസ്‌കരിക്കപ്പെടുക. കുളിയെന്ന പേരില്‍ വെള്ളത്തില്‍ മുങ്ങികയറുന്നത് കൊണ്ട് ഒരാള്‍ വൃത്തിയാവില്ലെന്നത് നമുക്കറിയാവുന്നത് പോലെ അനുഷ്ഠാനങ്ങള്‍ അവ നിര്‍വഹിക്കേണ്ടത് പോലെ നിര്‍വഹിച്ചില്ലെങ്കില്‍ സംസ്‌കരിക്കപ്പെടുകയില്ല.
മനുഷ്യഹൃദയത്തെ ചിലര്‍ കുപ്പതൊട്ടിയോട് ഉപമിച്ചിട്ടുണ്ട്. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാം അതിലേക്ക് വന്നടിഞ്ഞുകൊണ്ടിരിക്കും. തിന്മയിലേക്ക് ചായുന്ന പ്രകൃതത്തോടെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. മോശപ്പെട്ട കാര്യങ്ങളാണ് അതില്‍ ഏറ്റവുമധികം അടിഞ്ഞ് കൂടുക. അതിനെ സമയാസമയങ്ങളില്‍ വൃത്തിയാക്കിയില്ലെങ്കില്‍ മനുഷ്യന്‍ പരാജയപ്പെട്ടു പോകും. ഇന്ന് ബസ് യാത്രനടത്തുന്ന ഒരാള്‍ ബസ്സിനകത്തും പുറത്തും കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങള്‍ ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ അവന്റെ ആത്മാവിനെ ഒന്നിനും കൊള്ളാത്ത അവസ്ഥയിലായിരിക്കും. നമ്മുടെ അന്തരീക്ഷം അത്രത്തോളം മലിനപ്പെട്ടിരിക്കുകയാണ്. ബസ്സുകളില്‍ നാം കേള്‍ക്കുന്ന പാട്ടുകളും ചുറ്റുപാടുകളും ഇസ്‌ലാമിക പ്രേമഗാനങ്ങളും ‘തട്ടത്തിന്‍ മറയത്തുള്ള’ ദൃശ്യങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ ഇബ്‌ലീസും ‘മുസ്‌ലിമാ’യിരിക്കുന്നുവെന്ന് തോന്നുന്ന രൂപത്തില്‍ അന്തരീക്ഷം മാറിയിരിക്കുന്നു.
നാം നമ്മുടെ ആത്മാവിന്റെ സംസ്‌കരണത്തിന് പരിശ്രമിക്കുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം നാമുദ്ദേശിക്കുന്ന ഫലം നമുക്ക് കണ്ടെത്താനാവില്ല. ഇബിലീസ് ഏത് വഴിയിലൂടെയാണ് കടന്ന് വരികയെന്നത് നമുക്കറിയില്ല. നമ്മുടെ ഇച്ഛകള്‍ക്കും ചുറ്റുപാടുകള്‍ക്കുമൊപ്പം ഇബ്‌ലീസിന്റെ അദൃശ്യമായ ഇടപെടലുകളും വ്യാപകമാണ്. റമദാനില്‍ പിശാചിനെ ചങ്ങലക്കിട്ടുവെന്ന് പറയുന്നുണ്ട്. വിശ്വാസികളാണ് പിശാചിനെ ചങ്ങലക്കിടേണ്ടത്. ഇബ്‌ലീസ് കടന്നുവരുന്ന വഴികളെ കുറിച്ച് അറിവുണ്ടായിരിക്കല്‍ അതിന് ആവശ്യമാണ്.
സ്വര്‍ഗത്തില്‍ ആദംഹവ്വ ദമ്പതികളുടെ അടുത്തേക്ക് പിശാച് കടന്നു വന്നത് വളരെ നല്ല രീതിയിലാണ്. അവര്‍ക്കുമുമ്പില്‍ വിലക്കപ്പെട്ട കനിയെ കുറിച്ച് ഒരു പരസ്യമാണ് ആദ്യം ചെയ്യുന്നത്. ഇല്ലാത്ത ഗുണഗണങ്ങള്‍ പറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ് പരസ്യത്തിന്റെ മനശാസ്ത്രം. എണ്ണകളുടെയും സോപ്പുകളുടെയും പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് മനസ്സിലാക്കാം. പരസ്യത്തിന്റെ ഉപജ്ഞാതാവ് ഇബ്‌ലീസാണെന്ന് പറയാവുന്നതാണ്. ഇന്ന് നാമെല്ലാം സൗന്ദര്യ വര്‍ദ്ദക വസ്തുക്കളുടെയും മറ്റും പരസ്യത്തിന് വിധേയപ്പെടുന്നത് പോലെ ഇബ്‌ലീസിന്റെ പരസ്യത്തിന് അവര്‍ വിധേയരാവുകയും അതിന്റെ ഉപഭോക്താക്കളാവുകയും ചെയ്തു. അതോടെ അവരുടെ നഗ്‌നത വെളിപ്പെട്ടുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. നഗ്‌നതയും പരസ്യങ്ങളും തമ്മിലുള്ള ബന്ധം കൂട്ടിവായിക്കുമ്പോഴാണ് ഇബ്‌ലീസ് അന്ന് തുടങ്ങിയ പണി അവസാനിപ്പിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുക. ഇബ്‌ലീസിനെ പുറത്താക്കുന്ന സമയത്ത് തന്നെ ഇനിയും അവസരം കൂട്ടിതരാന്‍ അല്ലാഹുവോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിശാച് ഇന്ന് പണിയെടുക്കുന്നത് ഭൂമിയില്‍ തന്നെയാണ്.
ഒരിക്കല്‍ ഒരു പരിപാടിയില്‍ വെച്ച് ഈ ഉദാഹരണം സൂചിപ്പിച്ചപ്പോള്‍ ഒരു സഹോദരി ഒരു കാര്യം പറഞ്ഞു. ഒരു ഭീകര നാടകത്തിന്റെ പരസ്യങ്ങള്‍ നഗരത്തില്‍ വ്യാപകമായി പതിച്ചിട്ടുള്ള സമയമായിരുന്നു അത്. പല്ലും നഖവുമെല്ലാം കാണിച്ചു കൊണ്ടുള്ള ഒരു സ്ത്രീയുടെ പോസ്റ്ററായിരുന്നു അത്. ഇതാണ് അവരുടെ മനസില്‍ ഓര്‍മ്മവന്നത്. അവര്‍ ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഇബ്‌ലീസിന്റെ ഇടപെടലില്ലാത്ത പരസ്യമാണിതെന്ന് ഞാന്‍ പറഞ്ഞു. കാരണം ഇബ്‌ലീസ് ഒരിക്കലും പല്ലും നഖവും കാണിച്ച് ഭയപ്പെടുത്തുന്ന സ്വഭാവത്തിലല്ല വരിക. ജ്വല്ലറികളുടെയും ടെക്‌സറ്റൈല്‍സുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന മോഹന പരസ്യങ്ങളിലാണ് ഇബലീസിന്റെ ഇടപെടലുള്ളത്. കാരണം സകല ജാഹിലിയത്തും അതിലുണ്ട്. മുതലാളിത്തവും ആഢംബരവും അശ്ലീലതയുമെല്ലാം. എന്നാല്‍ അത് വളരെ മനോഹരമാണ്. ഈ പണി നമ്മുടെ മൊബൈല്‍ ഫോണില്‍ വരെ ഇബ്‌ലീസ് നടത്തുന്നുണ്ട്. ഇത്തരം ഒരവസ്ഥയില്‍ നാം സംസ്‌കരണത്തിന് എത്രത്തോളം ജാഗ്രത പുലര്‍ത്തേണ്ടിവരും എന്ന് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചുറ്റുപാട് വളരെയധികം മലീമസമായതിനാല്‍ തന്നെ വളരെ ശ്രമകരമാണ് ആത്മാവിനെ അതിന്റെ ശുദ്ധപ്രകൃതിയോട് കൂടി നിലനിര്‍ത്തുകയെന്നത്.
ആധുനിക സാങ്കേതിക വിദ്യ മനുഷ്യനേക്കാള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഇബലീസാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. പിശാച് മനുഷ്യരെ വട്ടമിട്ട് പറന്നില്ലായിരുന്നെങ്കില്‍ അവര്‍ അദൃശ്യ ലോകം കാണുമായിരുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. പിശാച് നമ്മെ വലയം ചെയ്തിരിക്കുന്നുവെന്ന ബോധം നമുക്കുണ്ടാവുകയും പ്രതിരോധിക്കാനുള്ള ഒരു പരിശീലനം നാം നോമ്പിലൂടെ നേടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.