വയറിനെ മാത്രമല്ല ശരീരത്തിലെ മുഴുവന്‍ അവയവങ്ങളെയും വ്രതമനുഷ്ഠിപ്പിക്കണം. തെറ്റിലേക്കു നോക്കാതിരിക്കല്‍ കണ്ണിന്നുള്ള വ്രതമാണ്. പരദൂഷണം പറയാതിരിക്കല്‍ നാവിന്റെ വ്രതമാണ്. പരദൂഷണം പറയുന്നതു കേട്ടാല്‍ ചെവിപൊത്തുകയോ അവിടെ നിന്ന് സ്ഥലം വിടുകയോ ചെയ്യുന്നത് കാതുകളെ വ്രതമനുഷ്ഠിപ്പിക്കലാണ്.
പരിച സൂക്ഷിച്ചുവെക്കാനുള്ളതാണെന്ന കാര്യം നോമ്പുകാരന്‍ മറക്കാന്‍ പാടില്ല. റമദാന്‍ കഴിയുന്നതോടെ ആ പരിച എറിഞ്ഞു കളയരുത്. അനന്തര ജീവിതത്തിലും നമ്മെ ശത്രു കീഴ്‌പ്പെടുത്താന്‍ വരും. അവന്‍ വെട്ടി പരിക്കേല്‍പിക്കാന്‍ ശ്രമിക്കും. അപ്പോള്‍ നോമ്പുകൊണ്ട് നേടിയ ഉറപ്പുള്ള പരിചയെടുത്ത് വെട്ടു തടുക്കാന്‍ നമുക്കു കഴിയണം.
റമദാനില്‍ പാപവിമുക്തിക്ക് ഒരുപാട് അവസരം നല്‍കിയിട്ടുണ്ട്. നോമ്പുകാലത്തെ നിശാനമസ്‌കാരം ശരിയായ രീതിയില്‍ നിര്‍വ്വഹിച്ചാല്‍ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് നബി(സ) പറഞ്ഞത്. അതാണ് റമദാനിലെ രാത്രികളില്‍ പ്രാര്‍ഥനക്കായി ജനങ്ങള്‍ തടിച്ചുകൂടുന്നത്.റമദാനില്‍ മുസ്‌ലിങ്ങളില്‍ പ്രകടമാകുന്ന ഉണര്‍വിനെ ഖുര്‍ആന്‍ ലഭിച്ചതുമൂലമുള്ള സന്തോഷമായി കണക്കാക്കാം. ഖുര്‍ആനിന്റെ പേരില്‍ സന്തോഷിക്കാന്‍ അല്ലാഹു കാരണമായി പറയുന്നത് ആത് മനുഷ്യന്റെ സമ്പാദ്യങ്ങളില്‍ ഏറ്റവും ഉത്തമമാണ് എന്നാണ്. ‘പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ് അത് ലഭിച്ചത്, അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമം.'(വി.ഖു 10:58)
മനുഷ്യരെല്ലാം ധൃതിയിലാണല്ലോ. ധൃതിയുടെ പ്രധാനകാരണം ധന സമ്പാദനം തന്നെ. തനിക്കും മക്കള്‍ക്കും ജീവിക്കാന്‍ മാത്രം സമ്പാദിച്ചു കഴിഞ്ഞാലും മനുഷ്യന്ന് മതിവരികയില്ല. അങ്ങനെ സമ്പാദിക്കുന്നതില്‍ തെറ്റുണ്ടെന്നല്ല പറയുന്നത്. സമ്പാദ്യത്തിന് ഇസ്‌ലാം പരിധി വെച്ചിട്ടില്ല. അത് ധൂര്‍ത്തടിക്കുകയോ നല്ല മാര്‍ഗത്തിലല്ലാതെ ചെലവഴിക്കുകയോ ആണെങ്കിലേ അപകടമുള്ളൂ. ഈ തിരക്കിന്നിടയില്‍ ഏറ്റവും വലിയ സമ്പാദ്യമായ ഖുര്‍ആനിനെ മറന്നു കളയരുത് എന്നും സമ്പാദ്യം പ്രയോജനപ്പെടുത്തേണ്ട രീതി മനസ്സിലാക്കണമെന്നും ഓരോ വ്യക്തിയും തീരുമാനിക്കണം. അപ്പോള്‍ നല്ല വ്യക്തികളുടെ എണ്ണം കൂടും. ഒരു നല്ല സമൂഹം നിലവില്‍ വരികയും ചെയ്യും. ഖുര്‍ആനിന്റെ ആശയം ജീവിതത്തില്‍ പകര്‍ത്തലാണ് സമ്പാദ്യത്തെ പ്രയോജനപ്പെടുത്തല്‍. അതിന്റെ പാരായണം പുണ്യമുള്ളതാണെന്നു മനസ്സിലാക്കി അതിന്നും സമയം കണ്ടെത്തണം. ഖുര്‍ആനില്‍ വൈദഗ്ധ്യം തേടിയവര്‍ ആദരണീയരായ മലക്കുകളുടെ പദവിയിലാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞതൊന്നും റമദാനില്‍ മാത്രം ചെയ്യേണ്ടതല്ല. റമദാനില്‍ പ്രത്യേകം ഗൗനിക്കണമെന്നുമാത്രം.