ഒരു മുസ്‌ലിമിന്റെ എല്ലാ ആരാധനകളും തന്റെ സ്രഷ്ടാവിനുള്ള സമര്‍പ്പണങ്ങളാണ്. എല്ലാത്തിനും അല്ലാഹു ഉചിതമായ പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. എന്നാല്‍, വ്രതാനുഷ്ഠാനത്തെ അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. അത് തനിക്കുള്ളതാണെന്നും താനാണതിനു പ്രതിഫലം നല്‍കുകയെന്നും. എന്തുകൊണ്ടായിരിക്കാം അല്ലാഹു അങ്ങനെ പറഞ്ഞത്?
മറ്റെല്ലാ അനുഷ്ഠാനങ്ങളിലും പ്രകടനപരതയുടെ ഒരു വശമുണ്ട് എന്നതാവാം അതിനു കാരണം. എന്നു വെച്ചാല്‍ അവ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയും, അഥവാ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയും നിര്‍വഹിക്കാം. താനൊരു ഭക്തനാണെന്നറിയിക്കാന്‍ ഒരാള്‍ക്ക് പള്ളിയില്‍ പോവുകയും അഞ്ചുനേരവും നമസ്‌കരിക്കുകയും ചെയ്യാം. ധര്‍മിഷ്ഠനാണെന്ന പേരിനുവേണ്ടി സകാത്തു കൊടുക്കാം. ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനായി മക്കയില്‍ പോയി ഹജ്ജ് ചെയ്യാം. എന്നാല്‍ നോമ്പുമാത്രം മറ്റുള്ളവര്‍ക്ക് വേണ്ടി നിര്‍വഹിക്കാനാവില്ല. അഥവാ, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ യഥാര്‍ത്ഥത്തില്‍ നോമ്പനുഷ്ഠിക്കണമെന്നു തന്നെയില്ല. അങ്ങനെ ഭാവിക്കുകയോ മറ്റുള്ളവര്‍ കാണ്‍കെ ഒന്നും കഴിക്കാതിരിക്കുകയോ ചെയ്താല്‍ മതി. അങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവും ഇല്ലതാനും. എന്നിട്ടും ഒരാള്‍ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ അത് തന്റെ സ്രഷ്ടാവായ അല്ലാഹുവിന് വേണ്ടി തന്നെയാണ്; സംശയമില്ല! ഒരു സൃഷ്ടിക്കും അതില്‍ പങ്കില്ലാത്ത സ്ഥിതിക്ക് അതിനു പ്രതിഫലം നല്‍കേണ്ടത് അല്ലാഹു തന്നെയാണെന്ന് പറഞ്ഞതില്‍ അത്ഭുതമില്ലല്ലൊ.
നോമ്പ് ഒരു പരിചയാണെന്ന് പ്രവാചകന്‍ പറഞ്ഞതും അതിന്റെ ഈ സവിശേഷത തന്നെയാണ്. അഥവാ തെറ്റുകളില്‍ നിന്ന് മനുഷ്യരെ കാത്തുരക്ഷിക്കുന്ന ഒരു രക്ഷാകവചം എല്ലാ ആരാധനകള്‍ക്കും ഈ പ്രതിരോധഭാവം ഉണ്ടെങ്കിലും നോമ്പിലാണതു കൂടുതല്‍ പ്രകടം. റമദാന്‍ മാസത്തില്‍ കുറ്റകൃത്യങ്ങള്‍ വളരെ വളരെ കുറയുന്നത് അതുകൊണ്ടാണ്. എങ്ങനെ കുറയാതിരിക്കും? സകലപാപങ്ങളുടെയും പ്രചോദകനായ സാക്ഷാല്‍ പിശാച് ആ മാസം മുഴുവന്‍ ഉപവാസത്തിന്റെ ചങ്ങലയാല്‍ ബന്ധിതനാണല്ലോ!