ഉന്നത പദവിയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ദൈവത്തിന്റെ പ്രിയ തോഴരായ മലക്കുകളടക്കം മനുഷ്യന് സുജൂദ് ചെയ്തു. മനുഷ്യപദവി മനസിലാക്കാന്‍ ഈ സംഭവം തന്നെ ധാരാളമാണ്. ദൈവം മനുഷ്യന് നല്‍കിയ ഈ പദവിയാണ് പിശാചിനെ ചൊടിപ്പിച്ചത്. അന്നു മുതലാണ് മനുഷ്യനും പിശാചും പരസ്പര ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടതും.
സ്വര്‍ഗസ്ഥരായിക്കഴിഞ്ഞിരുന്ന ആദമിനെയും ഹവ്വയെയും വഴിപിഴപ്പിക്കാനിറങ്ങിയതും പിശാചാണ്. തന്റെ പ്രലോഭനങ്ങളാല്‍ ദൈവം വിലക്കുകല്‍പിച്ച വൃക്ഷത്തോട് അവന്‍ അവരെ അടുപ്പിച്ചു. തങ്ങള്‍ക്ക് ദൈവം നല്‍കിയ മഹത്പദവികള്‍ അവര്‍ ഒരു നിമിഷം വിസ്മരിച്ചുപോയി. പിശാചിന്റെ പ്രലോഭനങ്ങളില്‍ വഞ്ചിതരായി. സ്വര്‍ഗത്തില്‍ നിന്നും അവര്‍ ഭൂമിയിലേക്ക് അയക്കപ്പെട്ടു. തെറ്റു ബോധ്യമായ ആദമും ഹവ്വയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി. കാരുണ്യവാനായ ദൈവം അവന് പാപമോചനം നല്‍കി.
സ്വര്‍ഗീയാരാമത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും പൂര്‍ണ്ണ സംതൃപ്തിയും അനുഭവിച്ച മനുഷ്യന്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ കാര്യങ്ങള്‍ക്കുള്ള നെട്ടോട്ടത്തിലായി ഭൂമിയില്‍. അവന്റെ ആവിഷ്‌കാരം അപൂര്‍ണ്ണമായിത്തീര്‍ന്നു.
മനുഷ്യന് ദൈവം നല്‍കിയ പദവി(ദറജ)യെക്കുറിച്ചുള്ള ബോധ്യവും അതിലേക്കുയരാനുള്ള പരിശ്രമവുമാണ് ഈ ജീവിതം കൊണ്ട് സാധ്യമാകേണ്ടത്. സ്വര്‍ഗമെന്ന തറവാടിലേക്കുള്ള തിരിച്ചുപോക്കാണ് അവന്‍ ലക്ഷ്യമാക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ സ്ത്രീയാണോ പുരുഷുഷനാണോ, ബാല്യമാണോ വാര്‍ധക്യമാണോ, കറുത്തവനാണോ വെളുത്തവനാണോ, പണ്ഡിതനാണോ പാമരനാണോ, പണക്കാരനാണോ ദരിദ്രനാണോ എന്നീ ചര്‍ച്ചകള്‍ അപ്രസക്തമാകുന്നു. ഇതിനെല്ലാമപ്പുറമുള്ള മനുഷ്യ പദവിയിലേക്കുയരാനാണ് ഒരുവന് സാധിക്കേണ്ടത്. തന്റെ ഔന്നത്യത്തിന്റെ പൂര്‍ണ്ണാവിഷ്‌കാരം സാധ്യമാകുന്ന സ്വര്‍ഗത്തിലേക്കുള്ള ‘ഘര്‍വാപസി’യാണ് സത്യവിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കേണ്ടത്. അതിനുള്ള സുവര്‍ണാവസരമായി ഈ വിശുദ്ധ റമദാനെ ഉപയോഗപ്പെടുത്താനായിരിക്കട്ടെ നമ്മുടെ പരിശ്രമം.