”കരുണാവാരിധിയായ രക്ഷിതാവേ, ഞങ്ങള്‍ക്ക് റജബ്, ശഅബാന്‍ എന്നീ മാസങ്ങളില്‍ അനുഗ്രഹം ചെയ്യുകയും ഞങ്ങളെ വിശുദ്ധമായ റമദാന്‍ മാസത്തില്‍ എത്തിക്കുകയും ചെയ്യേണമേ. റമദാനില്‍ നീ കല്പിച്ചത് പ്രകാരമുള്ള സദ്‌വൃത്തികള്‍ ചെയ്തുതീര്‍ക്കാനാവശ്യമായ മനസ്സും ആരോഗ്യവും ഓശാരം നല്‍കേണമേ”. കഴിഞ്ഞദിവസങ്ങളിലായി ലോകത്തുടനീളമുള്ള മുസ്‌ലിം വിശ്വാസികള്‍ നിസ്‌കാരശേഷവും മറ്റുമുള്ള പ്രാര്‍ഥനകളില്‍ മുടങ്ങിപ്പോവാതെ അല്ലാഹുവോട് നടത്തുന്ന അപേക്ഷയാണിത്. അടുത്ത ഒരു റമദാനിലേക്കുകൂടി ആയുസ്സിനെ ബാക്കിവെക്കേണമേ എന്നാണ് റമദാനില്‍ വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന മറ്റൊരു പ്രാര്‍ഥന. റമദാന്‍ മുസ്‌ലിംങ്ങളുടെ നിത്യജീവിതത്തിലുള്ള പ്രധാന്യത്തെ വിളിച്ചറിയിക്കുന്ന പ്രാര്‍ഥനകൂടിയാണിത്.
മുസ്‌ലിങ്ങളുടെ ജീവിതവുമായി റമദാന്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ആരാധന എന്നനിലയില്‍ മാത്രമല്ല, മറിച്ച് സമൂഹജീവി എന്നനിലയില്‍ അവനെ ചിട്ടപ്പെടുത്തുന്നതിലും റമദാന് വലിയ പങ്കുണ്ട്. ചന്ദ്രവര്‍ഷകലണ്ടര്‍ പ്രകാരമുള്ള ഒന്‍പതാമത്തെ മാസമാണ് റമദാനെങ്കിലും വിശ്വാസപരമായ മറ്റൊരുതലത്തില്‍നിന്ന് നോക്കുമ്പോള്‍ ഓരോ വിശ്വാസിയുടെയും പുതിയവര്‍ഷം ആരംഭിക്കുന്നത് റമദാന്റെ വരവോടെയാണ്. കെട്ടുപാടുകളില്ലാതെ സ്വച്ഛന്ദമായി ഒഴുകുന്ന ഒരു പുഴയ്ക്കുകുറുകെ പണിത തടയണപോലെ റമദാന്‍ വിശ്വാസികളുടെ ജീവിതത്തിനുകുറുകെ തടയണപോലെ കാവല്‍നില്‍ക്കുന്നു. വിശ്വാസികളെ അവിടെ തടുത്തുനിര്‍ത്തി ശുചീകരിച്ച് സ്വച്ഛന്ദമായ അടുത്തയാത്രയ്ക്ക് റമദാന്‍ അവരെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു.
റമദാന്‍ എന്ന വാക്കിന്റെ ഉദ്ഭവത്തെക്കുറിച്ച് അറബിഭാഷാ ശാസ്ത്രജ്ഞര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അതില്‍ പ്രബലമായ ഒരഭിപ്രായം റമിദ എന്ന വാക്കില്‍നിന്നാണ് റമദാന്‍ എന്ന പദത്തിന്റെ ഉദ്ഭവം എന്നാണ്. വരണ്ടുണങ്ങിയ, വരള്‍ച്ചയ്ക്ക് സമാനമായ കാലാവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. വ്രതത്തിലൂടെ റമദാന്‍ മുന്നോട്ടുവെക്കുന്ന ആശയത്തെ ഈ നിരീക്ഷണം മനോഹരമായി പ്രതീകവത്കരിക്കുന്നുണ്ട്. വരണ്ടുണങ്ങിയ ആത്മാവിനും ശരീരത്തിനുംമേല്‍ കരുണാനിധിയായ ലോകരക്ഷിതാവിന്റെ കടാക്ഷംകൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന മാസമാണ് മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം റമദാന്‍. വരണ്ടുണങ്ങി വിണ്ടുകീറിയ ഭൂമി മഴകൊണ്ട് ഫലഭൂയിഷ്ഠമായി തീരുന്നതുപോലെ റമദാന്‍ വിശ്വാസികളുടെ ആത്മാവിനെ ഫലപുഷ്ടിയുള്ളതാക്കിത്തീര്‍ക്കുന്നു. വിത്തിടാന്‍ പാകത്തില്‍ ഭൂമിയെ ഒരുക്കുന്നതുപോലെ അനാവശ്യമായതിനെ എല്ലാം കരിച്ചുകളഞ്ഞ് സമൃദ്ധമായ ഒരു ഭാവിക്കുവേണ്ടി റമദാന്‍ മനുഷ്യജീവിതത്തെ കരുതിവെക്കുകയും ചെയ്യുന്നു.
ശരീരവും ആത്മാവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും റമദാന്‍ മുന്നോട്ടുവെക്കുന്നുണ്ട്. റമദാനിലെ വ്രതം ശാരീരികമായ അധ്വാനം കൂടിയാണ്. ശാരീരികമായ നിയന്ത്രണങ്ങള്‍ പാലിക്കുകവഴി ആത്മാവിനെ സംസ്‌കരിച്ചെടുക്കാന്‍ കഴിയും എന്നാണ് റമദാന്റെ കാഴ്ചപ്പാട്. ഈവിധം ആത്മാവിനെയും ശരീരത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതികളിലൂടെ ആത്മീയമായ ഔചിത്യം നേടിയെടുക്കാന്‍ ഏതൊരു വിശ്വാസിയെയും പ്രാപ്തമാക്കാന്‍ പോന്നതാണ് ഈ മാസം. ആത്മീയത എന്നത് പലരും കരുതുന്നതുപോലെ സാധാരണക്കാര്‍ക്ക് അന്യമായ ഒന്നല്ല. മറിച്ച് കഠിനാധ്വാനത്തിലൂടെയും സമ്പൂര്‍ണമായ സമര്‍പ്പണത്തിലൂടെയും ഏതൊരു വിശ്വാസിക്കും എത്തിപ്പിടിക്കാന്‍ കഴിയുന്ന അനുഭവമാണ്.
സഹജീവികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കുനേരേ വിശ്വാസിയുടെ കണ്ണുതുറപ്പിക്കുക എന്നതാണ് റമദാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു സാമൂഹികദൗത്യം. അന്യരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുമ്പോഴേ ഒരാളുടെ വിശ്വാസം പൂര്‍ണമാവുകയുള്ളൂ. ഈയര്‍ഥത്തില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാസംകൂടിയാണ് റമദാന്‍.
കടപ്പാട്: മാതൃഭൂമി