‘സത്യവിശ്വാസികളെ, നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി’ എന്ന സൂക്തം നോമ്പിന്റെ സമ്പൂര്‍ണ ലക്ഷ്യത്തെയാണ് പ്രഖ്യാപിക്കുന്നത്. ഭക്തിയും വിധേയത്വവുമാണ് അടിമയെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറമെ വികാര വിചാരങ്ങളെക്കൂടി വിശുദ്ധമാക്കുന്നതിലൂടെയാണ് അടിമ യജമാനനോടുള്ള കടപ്പാട് പൂര്‍ത്തിയാക്കുന്നത്.
വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്. വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കില്‍ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്. ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും. സ്വര്‍ഗത്തിലേക്കുള്ള ആദ്യചുവടുവെപ്പ് ഹൃദയത്തില്‍ നിന്നാവണം. റയ്യാന്‍ കവാടങ്ങളെ സ്വപ്‌നം കാണേണ്ടത് ഹൃദയത്തെ ശുദ്ധിയാക്കിയതിന് ശേഷമായിരിക്കണം. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ള വാതിലുകള്‍ തുറക്കാനും അടച്ചിടാനും പ്രേരണ നല്‍കുന്നത് പ്രധാനമായും ഹൃദയമാണ്. ഹൃദയത്തിലാണ് തഖ്‌വ വേണ്ടത് എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
മനുഷ്യന് അവന്റെ ആയുസില്‍ അല്ലാഹു കണക്കാക്കിയ റമദാനാണ് അവനിലേക്കു വിരുന്നെത്തുന്നത്. അല്ലാഹു ആദരിച്ച മാസമാണിത്. പന്ത്രണ്ട് മാസങ്ങളില്‍ വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഏക മാസമാണ് റമദാന്‍. ശഹ്‌റുല്ലാഹ് എന്ന് പുണ്യ നബി മുഹമ്മദ് മുസ്തഫ(സ) ഈ മാസത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അല്ലാഹു ആദരിച്ച മാസത്തെ ആദരിക്കുക എന്നത് വിശ്വാസികളുടെ മേല്‍ കടപ്പെട്ടതാണ്. പരിശുദ്ധ പ്രവാചകന്‍(സ) റമദാന്‍ മാസത്തെ അങ്ങേയറ്റം ആദരവോടെയാണ് സമീപിച്ചിരുന്നത്. അല്ലാഹുവിന്റെ പ്രത്യേകമായ ഒരു വിരുന്നായാണ് പുണ്യനബി(സ) വിശുദ്ധ റമദാനിനെ വിശേഷിപ്പിച്ചത്. അലി(റ)വില്‍ നിന്ന് നിവേദനം ചെയ്ത തിരുവചനത്തില്‍ ഇങ്ങനെ കാണാം: ‘ജനങ്ങളേ, അല്ലാഹുവിന്റെ മാസം അനുഗ്രഹവും കാരുണ്യവും പാപവിമുക്തിയുമായി നിങ്ങളെയിതാ സമീപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ള മാസമാണിത്. പകലുകളില്‍ ഏറ്റവും ശ്രേഷ്ഠം അതിന്റെ പകലുകളാണ്. രാത്രികളില്‍ ഏറ്റവും ശ്രേഷ്ഠം അതിന്റെ രാവുകളാണ്.
ഈ മാസത്തില്‍ അല്ലാഹുവിന്റെ വിരുന്നിലേക്ക് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. അവന്റെ ആദരവ് അര്‍ഹിക്കുന്നവരില്‍ നിങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു’. അല്ലാഹുവിന്റെ വിരുന്നില്‍ അന്നപാനീയങ്ങളും ശാരീരിക ആവശ്യങ്ങളും നിയന്ത്രിക്കപ്പെടുകയാണ്. മാനസികവും ആത്മീയവുമാണ് അല്ലാഹുവിന്റെ വിരുന്നിലെ വിഭവങ്ങള്‍. അല്ലാഹുവിന്റെ സാമീപ്യവും മലക്കുകളുടെ സഹവാസവുമാണ് ഈ വിരുന്നിലെ പ്രത്യേകത. വ്രതം അനുഷ്ഠിക്കേണ്ട മാസമായി നിശ്ചയിക്കപ്പെട്ടു എന്നതു തന്നെയാണ് ‘മാസങ്ങളുടെ നേതാവ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമദാനിന്റെ പ്രധാന സവിശേഷത. സകല പാപങ്ങളും കരിച്ചു കളയുന്ന മാസത്തെ ആദരിക്കാത്തവര്‍ക്കു മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകുമെന്ന് തിരുവചനങ്ങളില്‍ കാണാം. നോമ്പ് രഹസ്യമായ ആരാധനയാണ്.
അല്ലാഹുവും വിശ്വാസിയും തമ്മിലുള്ള ഹൃദയ ബന്ധവും വിശ്വാസക്കരാറുമാണത്. നോമ്പുകാരന് രണ്ട് സന്തോഷമാണുള്ളത്. പാളിച്ചകളില്ലാതെ നോമ്പ് പൂര്‍ത്തിയാക്കിയ സത്യവിശ്വാസിക്ക് നല്‍കുന്ന ഇരട്ട സന്തോഷത്തില്‍ ഏറ്റവും പ്രധാനം അല്ലാഹുവിനെ നേരില്‍ കാണുക എന്നതാണ്. നോമ്പ് തുറയുടെ സവിശേഷമായ സമയമാണ് മറ്റൊരു സന്തോഷം.
നോമ്പ് ത്യാഗമാണ്. അല്ലാഹുവിന്റെ തൃപ്തിക്കായി എല്ലാം ത്യജിക്കുകയാണ് മനുഷ്യന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും തന്നെ ഏറെ പ്രലോഭിപ്പിക്കുന്നതുമാണ് അവന്‍ വേണ്ടെന്നു വെക്കുന്നത്. അല്ലാഹുവിന്റെ ഇഷ്ടത്തെ കൊതിച്ചുകൊണ്ട് തന്റെ ഇച്ഛകളെല്ലാം ത്യജിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്നത് മഹാപ്രതിഫലമാണ്. നോമ്പ് എനിക്കുള്ളതാണ്.
ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന അല്ലാഹുവിന്റെ വചനം ഇത് വ്യക്തമാക്കുന്നു. തിട്ടപ്പെടുത്താത്ത പ്രതിഫലമാണ് വ്രതത്തിന് അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നത്. ശരീരവും മനസും ഒരുപോലെ നോമ്പെടുത്താല്‍ മാത്രമേ പരിപൂര്‍ണ പ്രതിഫലം നേടിയെടുക്കാനാവുകയുള്ളൂ. വ്രതം കേവലം വിശപ്പു മാത്രമല്ല. വാക്കിലും നോക്കിലും പ്രവൃത്തികളിലും ചിന്തകളിലും സൂക്ഷ്മത പാലിക്കണം. ചീത്ത വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നോമ്പുകാരന്‍ പ്രധാനമായും ചെയ്യേണ്ടത്. ശരീരത്തെ പട്ടിണിക്കിടുക എന്നതുപോലെ പ്രധാനമാണിത്. ‘കുറ്റകരമായ വാക്കും പ്രവൃത്തിയും ഒരാള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ പിന്നെ, അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കേണ്ട ആവശ്യം അല്ലാഹുവിനില്ല എന്ന് പുണ്യനബി (സ) തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തികളിലും പവിത്രത പാലിക്കുന്നതിലൂടെ മാത്രമാണ് നോമ്പിന്റെ യഥാര്‍ത്ഥ പ്രതിഫലം ലഭിക്കുക.
ശരീരത്തെയും മനസിനെയും അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പിച്ച്, ഭൗതികമായ എല്ലാ താല്‍പര്യങ്ങള്‍ക്കുമപ്പുറം അവന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടായിരിക്കണം വ്രതമനുഷ്ഠിക്കേണ്ടത്. നോമ്പ് ശരീരത്തിന്റെയും മനസിന്റെയും ആരാധനയാകുന്നത് അപ്പോള്‍ മാത്രമാണ്. ഭൗതിക ലോകത്തിന്റെ ആകര്‍ഷണ വലയത്തില്‍ നിന്നും വ്യക്തിപരമായ ദുഷ്‌പ്രേരണകളില്‍ നിന്നും മുക്തി നേടി നന്മയുടെ തീരത്തെത്താനും രക്ഷിതാവിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കാനും നോമ്പിലൂടെ വിശ്വാസി കരുത്ത് നേടണം.
തന്റെ കാരുണ്യം മറ്റെല്ലാ ഗുണത്തേക്കാളും വലുതാണെന്നും തനിക്ക് താന്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ് കാരുണ്യമെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. റമദാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നു നാം ചോദിച്ചു വാങ്ങണം. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ തയാറാകുകയും വേണം. സ്‌നേഹമസൃണമായ ജീവിതം സ്വയം സൃഷ്ടിക്കാനും മറ്റുള്ളവരെ അതിലേക്ക് വഴിനടത്താനും റമദാന്‍ മാസം പ്രചോദനമാകണം. പാപമോചനത്തിലൂടെ നല്ല മനുഷ്യനായി അല്ലാഹുവിലേക്ക് അടുക്കുകയും അതുവഴി നരകമോചനം സാധ്യമാവുകയും വേണം.
വിശുദ്ധ ഖുര്‍ആനാണ് റമദാനിന്റെ ജീവന്‍. വിശുദ്ധ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുര്‍ആന്‍ അവതരിച്ച മാസം എന്നാണ്. അത് പ്രപഞ്ചത്തിന്റെ ദിവ്യവെളിച്ചവും വിശ്വാസിയുടെ ജിവജലവുമാണ്. ഖുര്‍ആന്‍ പാരായണത്തിലൂടെ ആത്മാവിനെ പ്രകാശിപ്പിക്കാനാവും. റമദാനിലെ രാപകലുകളില്‍ വിശ്വാസികള്‍ പ്രധാനമായും സമയം കണ്ടെത്തുന്നത് ഖുര്‍ആന്‍ പാരായണത്തിനാണ്. വിശുദ്ധ ഖുര്‍ആനും റമദാനും തമ്മിലുള്ള ഈ ബന്ധമാണ് പൂര്‍വികര്‍ വിശുദ്ധ മാസത്തില്‍ മറ്റെല്ലാ ആരാധനകളേക്കാളും ഖുര്‍ആന്‍ പാരായണത്തിന് സമയം കണ്ടെത്താന്‍ കാരണം.
ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്ന രാത്രിയും ഈ പുണ്യമാസത്തിന്റെ പ്രത്യേകതയാണ്. തറാവീഹ് നമസ്‌കാരം റമദാനിന്റെ മാത്രം പ്രത്യേകതയാണ്. വലിയ പ്രതിഫലമാണ് തറാവീഹിനുള്ളത്. പകലില്‍ പട്ടിണി കിടക്കുന്ന അടിമ രാത്രിയില്‍ നിന്നു നമസ്‌കരിക്കുന്നത് അല്ലാഹുവിനെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. അവന്‍ അവന്റെ മലക്കുകളെ വിളിച്ച് ഈ സന്തോഷം പങ്കുവെക്കുമെന്ന് തിരുവചനത്തില്‍ കാണാം.
വ്യക്തി വിശുദ്ധിക്കും ആത്മീയാഭിവൃദ്ധിക്കുമൊപ്പം വിശുദ്ധ റമദാന്‍ വ്രതത്തിനു സാമൂഹിക മാനം കൂടിയുണ്ട്. സമഭാവനയുടെയും സഹവര്‍ത്തിത്വത്തിന്റെയും മാസമാണത്. ഇസ്‌ലാമിന്റെ ഏകതയും സാഹോദര്യവും നോമ്പില്‍ പ്രകടമായി കാണാം. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവനും സുഭിക്ഷമായി ജീവിക്കുന്നവനും നോമ്പില്‍ ഒരുപോലെ പങ്കുചേരുന്നു. റമദാനിലെ ജീവകാരുണ്യങ്ങള്‍ക്ക് ഇത് പ്രചോദനമേകുന്നതാണ്.
മിതവ്യയത്തിലും റമദാന്‍ വിശ്വാസിക്ക് പാഠമാവേണ്ടതുണ്ട്. രാത്രി യഥേഷ്ടം ഭക്ഷണം കഴിച്ച് പകല്‍ പട്ടിണി കിടക്കാം എന്നതാവരുത് വിശ്വാസികളുടെ വിചാരം. ഇഫ്താറിലും മറ്റും മിതവ്യയം പാലിച്ച് ലോകത്ത് പട്ടിണി കിടക്കുന്നവരോട് ഐക്യപ്പെടാന്‍ വിശാല മനസ് കാണിക്കണം. പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന സമയങ്ങളില്‍ അവരെ കൂടി കരുതണം. ലോകത്ത് പീഡനമനുഭവിക്കുന്ന മുസ്‌ലിം സഹോദരങ്ങളുടെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം. ഇത്തരം സുകൃതങ്ങളിലൂടെയാണ് നോമ്പിനെ സമ്പന്നമാക്കേണ്ടത്.
കടപ്പാട്: ചന്ദ്രിക ദിനപത്രം