ചോദ്യം:ശറഈയായ കാരണമില്ലാതെ വര്‍ഷങ്ങളോളം നോമ്പുപേക്ഷിക്കുന്ന വ്യക്തിയുടെ വിധി എന്താണ്? മറ്റു ആരാധനാ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അദ്ദേഹം നോമ്പ് വീട്ടുകയാണോ പ്രായശ്ചിത്തം നല്‍കുകയാണോ വേണ്ടത്? വീട്ടേണ്ടതുണ്ടെങ്കില്‍ എങ്ങനെയവനത് സാധിക്കും?
– നോമ്പു നോല്‍ക്കാന്‍ ബാധ്യതയുള്ള ഒരാള്‍ നോമ്പുപേക്ഷിക്കുന്നത് അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കലാണ്. തൗബ ചെയ്യല്‍ നിര്‍ബന്ധമായ വലിയ തെറ്റാണ് അവന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. അവന്‍ നോമ്പ് നോറ്റുവീട്ടുകയും പ്രായശ്ചിത്തമായി ഓരോ ദിവസത്തിനും അഗതിക്ക് ആഹാരം നല്‍കാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യണം. അവന്‍ അത് കൊടുക്കാന്‍ സാധിക്കാത്ത ദരിദ്രനാണെങ്കില്‍ തൗബയും നോമ്പ് നോറ്റ് വീട്ടലും മതിയാവും. കാരണം റമദാനിലെ നോമ്പ് വളരെ നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിസ്ഥിരതയുള്ളവര്‍ക്കെല്ലാം അത് നിര്‍ബന്ധമാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായിട്ടാണ് നബി(സ) എണ്ണിയിട്ടുള്ളത്.
റമദാനിലെ നോമ്പിനെ നിഷേധിക്കാത്തവന്റെ വിധിയാണീ പറഞ്ഞത്. എന്നാല്‍ നോമ്പ് നിര്‍ബന്ധമാണെന്ന കാര്യത്തെ നിഷേധിക്കുന്നവന്‍ നിഷേധിയും അല്ലാഹുവിനെയും അവന്റെ ദൂതനെയും കള്ളമാക്കിയവനുമാണ്. ഇസ്‌ലാമിക ഭരണത്തില്‍ അവന്‍ തൗബ ചെയ്തില്ലെങ്കില്‍ അവനെ മതപരിത്യാഗിയായി കണക്കാക്കുകയും വധിക്കുകയും ചെയ്യണമെന്നാണ് വിധി.
എന്നാല്‍ ഒരാള്‍ നോമ്പുപേക്ഷിക്കുന്നത് രോഗം, യാത്ര പോലുള്ള കാരണങ്ങളാലാണെങ്കില്‍ അവന്‍ നോമ്പ് നോറ്റ് വീട്ടിയാല്‍ മതി. രോഗം സുഖപ്പെട്ടാല്‍ അല്ലെങ്കില്‍ യാത്ര കഴിഞ്ഞാല്‍ അത് നോറ്റ് വീട്ടണം. അത് അല്ലാഹു തന്നെ നല്‍കിയ ഇളവാണ്. ‘ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം.’ (അല്‍ ബഖറ: 185)
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി