ചോദ്യം : വിശുദ്ധ റമദാന്‍ മാസത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിന് വളരെയധികം പ്രധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഒന്നാണോ അത്?
മറുപടി : ഇഅ്തികാഫ് പ്രവാചകചര്യയുടെ ഭാഗമാണെന്ന് പ്രമാണങ്ങളില്‍ നിന്നും ബോധ്യമാകുന്നതാണ്. ഇഅ്തികാഫ് പ്രവാചകന്‍ ജീവിതചര്യയാക്കിയിരുന്നതു കൊണ്ടാണ് പ്രവാചകന്റെ വിയോഗത്തിന് ശേഷം പ്രവാചക പത്‌നിമാരും സ്വഹാബികളും ഇഅ്തികാഫ് അനുഷ്ടിച്ചത്.
പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് റമദാന്‍ മാസത്തിന്റെ അവസാന നാളുകളില്‍ പ്രവാചകന്‍ മക്കയിലെ ഹിറാ ഗുഹയില്‍ സൃഷ്ടാവിനെയും സൃഷ്ടിവൈഭവത്തെയും കുറിച്ച് ചിന്തിച്ച് ധ്യാന നിമഗ്നനായി ഇരിക്കാറുണ്ടായിരുന്നു. ഹിറാ ഗുഹയില്‍ വെച്ചാണ് പ്രവാചകന് ജിബ്‌രീല്‍ വഴി ആദ്യമായി ദിവ്യസന്ദേശം ലഭിച്ചത്. അപ്പോള്‍ നമ്മള്‍ എന്തിന് ഇഅ്തികാഫ് ഇരിക്കണമെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം. അതിനുള്ള വളരെ ലളിതമായ ഉത്തരം, നമ്മള്‍ പ്രവാചകന്റെ പാത പിന്തുടരുന്നു എന്നതാണ്. നോമ്പിനെ കുറിച്ച് പറയുന്നതിനിടയിലാണ് മസ്ജിദില്‍ ഇഅ്തികാഫ് അനുഷ്ടിക്കുന്നതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്.
യോഗിമാരും തപസ്വിനികളും ജനങ്ങളില്‍ നിന്നും അകന്ന് ജീവിതകാലം മുഴുവന്‍ മഠങ്ങളില്‍ ഏകാന്തവാസം അനുഷ്ടിക്കുന്ന രീതി പലമതങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ആത്മീയ ഔന്നിധ്യം നേടിയെടുക്കാന്‍ ഇത് ആവശ്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു : ‘അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹത്തിനു ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു. അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി. എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല. അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു’ (അല്‍ ഹദീദ് 27)
എന്നാല്‍ ഇസ്‌ലാമില്‍ ഇഅ്തികാഫ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമല്ല, സാധിക്കുന്നവര്‍ മാത്രം പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.
ഇഅ്തികാഫിനെ നിഷേധാത്മക പ്രതിഫലനമുണ്ടാക്കുന്ന പ്രവര്‍ത്തനമായിട്ട് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ അതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും പൂര്‍ണ മനസ്സോടെ അനുഷ്ഠിക്കുകയും ചെയ്താന്‍ ഇഅ്തികാഫ് ഉണ്ടാക്കുന്ന ക്രിയാത്മകവും ആരോഗ്യപരവുമായ ഫലങ്ങള്‍ എന്തെല്ലാമെന്ന് ബോധ്യപ്പെടും. ജനങ്ങളില്‍ നിന്നും അകന്ന് കഴിഞ്ഞ് സമൂഹത്തോടും സ്വന്തത്തോടുമുള്ള കടമകളില്‍ നിന്ന് മാറിനടക്കാനുള്ള പ്രേരണ നല്‍കുന്നതല്ല ഇഅ്തികാഫ്, ഉത്തരവാദിത്വങ്ങളില്‍ ഓടിയൊളിക്കാനുള്ള പ്രേരണ ഇഅ്തികാഫ് നല്‍കുന്നേയില്ല. മറിച്ച്, ആരാധനയിലും ഖുര്‍ആന്‍ പാരായണത്തിലും സൃഷ്ടാവിനെയും സൃഷ്ടികളെയും കുറിച്ചുള്ള ചിന്തയിലുമായി പള്ളിയില്‍ പത്ത് ദിവസങ്ങള്‍ ചെലവഴിക്കുമ്പോള്‍ ശരീരത്തിനും ആത്മാവിനും അത് കൂടുതല്‍ ഉന്മേഷം നല്‍കുകയും ബുദ്ധിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു, അതോടൊപ്പം സ്വന്തത്തെ നിയന്ത്രിക്കേണ്ടത് എങ്ങനെയെന്നും ഇഅ്തികാഫിലൂടെ നാം പഠിക്കുന്നു. ജീവിതത്തിന്റെ യഥാര്‍ഥ മൂല്യം തിരിച്ചറിയാനും തെറ്റുകളില്‍ നിന്ന് ആത്മാവിനെ ശുദ്ധീകരിക്കാനും ഇത് ഉപകരിക്കുന്നു, നമ്മള്‍ യഥാര്‍ഥ മാര്‍ഗത്തിലാണെന്ന വിശ്വാസം ഇഅ്തികാഫിലൂടെ കൂടുതല്‍ ദൃഢമാകുകയും ചെയ്യും. ആത്മീയ ബോധം കൂടുതല്‍ വിശാലമാകുന്നതിനനുസരിച്ച് നമ്മുടെ കാഴ്ച്ചപ്പാടിന് കൂടുതല്‍ വ്യക്തത കൈവരികയും, നമ്മുടെ ആത്യന്തിക ലക്ഷ്യമായ പരലോക ജീവിതത്തിന് വേണ്ട മുന്നൊരുക്കങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാനും സാധിക്കുന്നു.
ഇഅ്തികാഫ് എല്ലാ മുസ്‌ലിംകളും നിര്‍വഹിക്കേണ്ടതില്ല, അതിന് സാധിക്കുന്നവര്‍ മാത്രം നിര്‍വഹിച്ചാല്‍ മതി. എന്നുമാത്രമല്ല, മസ്ജിദില്‍ മറ്റ് മുസ്‌ലിംകളുടെ കൂടെയാണ് അത് നിര്‍വഹിക്കേണ്ടതും. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് അകന്ന് കഴിയലാകുന്നുമില്ല അത്. ഇഅ്തികാഫ് നിന്റെ ജീവിത ചുറ്റുപാടുകളെയും ജോലിയെയും സമൂഹത്തെയും ദോശകരമായി ബാധിക്കുന്നുവെങ്കില്‍, അത്തരം സന്ദര്‍ഭങ്ങളില്‍ ഇഅ്തികാഫ് നിര്‍വഹിക്കേണ്ട ആവശ്യമില്ല.
നിത്യജീവിതത്തില്‍ നമുക്ക് അവധി ദിനങ്ങളുണ്ടാകാറുണ്ട്. കടല്‍ തീരത്തോ, വിദേശത്തേക്ക് യാത്ര പോയോ, ക്ലബ്ബുകളിലോ മറ്റു വിനോദ കേന്ദ്രങ്ങളിലോ ആയി ആളുകള്‍ ഒഴിവുദിനങ്ങള്‍ ചിലവഴിക്കുന്നു, ഏതാനും നേരത്തെ സന്തോഷത്തിന് വേണ്ടി ഇപ്രകാരം ധാരാളം പണമാണ് ആളുകള്‍ ചെലവാക്കുന്നത്. എന്നാല്‍ ഇഅ്തികാഫിലൂടെ യാതൊരു ചെലവുമില്ലാതെ നിങ്ങളുടെ മനസ്സിനും ആത്മാവിനും ശാന്തിയും സന്തോഷവും ആശ്വാസവും ലഭിക്കുന്നു.
വിവ : ജലീസ് കോഡൂര്‍