മറുപടി: ഫിത്വര്‍ സകാത്ത് ഭക്ഷ്യവസ്തുക്കള്‍ തന്നെ നല്‍കണമെന്നാണ് അഹമ്ദ്, മാലിക്, അബൂഹനീഫ എന്നീ മൂന്ന് ഇമാമുമാരുടെയും അഭിപ്രായം. ജനങ്ങള്‍ക്ക് പണത്തിന് ഭക്ഷ്യവസ്തുക്കളേക്കാള്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ കടുത്ത നിലപാടായിട്ടാണ് ഞാനിതിനെ കാണുന്നത്. ഫിത്വര്‍ സകാത്തിന്റെ ലക്ഷ്യമായി പ്രവാചകന്‍(സ) പറഞ്ഞത് ‘ഈ ദിവസം നിങ്ങള്‍ അവരെ (ദരിദ്രരെ) ഐശ്വര്യവാന്‍മാരാക്കുക.’ എന്നാണ്. ധനികരായിട്ടുള്ളവരെ സംബന്ധിച്ച് ഭക്ഷ്യവസ്തുക്കള്‍ പോലെ പണവും അവരുടെ പക്കലുണ്ടാവും. അതേസമയം ദരിദ്രനെ സംബന്ധിച്ചടത്തോളം വളരെയധികം ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതിനേക്കാള്‍ ആവശ്യമായിട്ടുണ്ടാവുക പണമായിരിക്കും. പണമാണ് നല്‍കുന്നതെങ്കില്‍ അവന്റെ ഭക്ഷണം, പാര്‍പ്പിടം തുടങ്ങി എല്ലാ ആവശ്യങ്ങളും അവന് പൂര്‍ത്തീകരിക്കാം.
ഫിത്വര്‍ സകാത്ത് പണമായി നല്‍കാമെന്നതിന് തെളിവാണ് ഇബ്‌നു മുന്‍ദിറിന്റെ വാക്കുകള്‍. ഗോതമ്പ് അര സ്വാഅ് നല്‍കുന്നത് സഹാബിമാര്‍ അനുവദിച്ചിരുന്നു. കാരണം, അത് ഒരു സ്വാഅ് ഈത്തപ്പഴത്തിന് അല്ലെങ്കില്‍ ബാര്‍ലിക്ക് തുല്ല്യമായി അവര്‍ മനസിലാക്കിയിരുന്നു. സകലമേഖലകളിലും പണം ഉപയോഗിക്കുന്ന ഇക്കാലത്ത് ഏറ്റവും എളുപ്പമായിട്ടുള്ളത് പണം നല്‍കലായിരിക്കും. അതായിരിക്കും ദരിദ്രര്‍ക്ക് ഏറ്റവും പ്രയോജനപ്രദമായിരിക്കുക.
നബി(സ) ഫിത്വര്‍ സകാത്തിന് ഭക്ഷ്യവസ്തുക്കള്‍ തിരെഞ്ഞെടുത്തതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഞാന്‍ മനസിലാക്കുന്നത്. ഒന്നാമതായി അന്ന് അറബികളുടെ അടുത്ത് നാണയങ്ങള്‍ വളരെ അപൂര്‍വമായിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഭക്ഷ്യവസ്തുക്കള്‍ നല്‍കുകയായിരുന്നു ഏറ്റവും എളുപ്പമായിട്ടുള്ളത്. രണ്ടാമതായി നാണയങ്ങളുടെ മൂല്യം ഓരോ കാലഘട്ടത്തിലും മാറിയിരുന്നു. അതുകൊണ്ട് തന്നെ അത്‌കൊണ്ട് ലഭിക്കുന്ന ഭക്ഷ്യവസ്തുവിന്റെ അളവിലും ഏറ്റവ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സ്വാഅ് ഭക്ഷണമെന്നു പറഞ്ഞതിനാല്‍ അത് മനുഷ്യന്റെ വിശപ്പ് ശമിപ്പിക്കുന്നതാണ്. അപ്രകാരം തന്നെ അക്കാലത്ത് കൊടുക്കുന്നവനും വാങ്ങുന്നവനും എളുപ്പവും അതായിരുന്നു.
ഫിത്വര്‍ സകാത്ത് വാങ്ങുന്നവന് ഏതാണോ കൂടുതല്‍ ഉപകാരപ്രദമായിട്ടുള്ളത് അത് നല്‍കുകയാണ് ഉത്തമമെന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്.