ഉത്തരം : നേരത്തെ മാസപ്പിറവി സ്ഥിരപ്പെട്ട ഒരു നാട്ടില്‍ നിന്ന് താമസിച്ചു മാസം പിറന്ന മറ്റൊരു നാട്ടില്‍ എത്തുന്ന ആള്‍, എന്തു ചെയ്യണമെന്നതു സംബന്ധിച്ച് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ആഗതന്‍ എത്തിച്ചേര്‍ന്നതെവിടെയാണോ, അവിടത്തുകാരനായി പരിഗണിക്കപ്പെട്ടുകൊണ്ട് അവരോടൊപ്പം നോമ്പനുഷ്ഠിക്കുകയും പെരുന്നാള്‍ കൊള്ളുകയും ചെയ്യണമെന്നാണ് ഒരഭിപ്രായം. കൂടതല്‍ പ്രബലമായിട്ടുള്ളതും ഇതുതന്നെ. താന്‍ പുറപ്പെട്ട നാട്ടിലെ കണക്കനുസരിച്ച് അയാള്‍ക്ക് നോമ്പ് ഒഴിവാക്കാം എന്നാണ് രണ്ടാമത്തെ അഭിപ്രായം. രണ്ടാമത്തെ നാട്ടുകാര്‍ ആഗതനോട് യോജിച്ചുകൊണ്ട് നോമ്പും പെരുന്നാളും കണക്കാക്കണമെന്ന് മൂന്നാമതൊരഭിപ്രായവുമുണ്ട്. അയാളെ അവര്‍ക്ക് ബോധിച്ചില്ലെങ്കില്‍ സ്വയം മാസപ്പിറവി കാണുകയും മറ്റാരും അതംഗീകരിക്കാതിരിക്കുകയും ചെയ്താലെന്നപോലെ അയാള്‍ തനിച്ച് നോമ്പ് ഉപേക്ഷിക്കണം. അത് രഹസ്യമായേ ചെയ്യാവൂ എന്നും അവര്‍ പറയുന്നു.
കൂട്ടത്തില്‍ പ്രബലമായ ആദ്യത്തെ അഭിപ്രായമനുസരിച്ച് കേരളത്തില്‍ നിന്നു മദ്രാസില്‍ പോയവരും ഖത്തറില്‍ നിന്നു കേരളത്തിലെത്തിയവരും അതതു നാട്ടുകാരെന്ന നിലയില്‍ അവരോടൊപ്പം നോമ്പെടുക്കുകയും പെരുന്നാളു കൊള്ളുകയുമാണ് വേണ്ടത്. അപ്പോള്‍ അവരുടെ ആദ്യത്തെ നോമ്പ് റമദാനില്‍ പെട്ടതായി പരിഗണിക്കപ്പെടുന്നില്ല. അതുകൊണ്ട് മുപ്പത്തി ഒന്നാം നോമ്പ് ഇടക്ക് നഷ്ടപ്പെട്ട നോമ്പിനു പകരമായി പരിഗണിക്കപ്പെട്ടുകൂടാ. അന്നാട്ടുകാരുടെ കണക്കനുസരിച്ചുള്ള നോമ്പായേ പരിഗണിക്കപ്പെടാവൂ. രണ്ടാമത്തെ അഭിപ്രായമനുസരിച്ച് മുപ്പത്തൊന്നാം ദിവസം അയാള്‍ക്കും പെരുന്നാളാണ്. പെരുന്നാള്‍ ദിവസം നോമ്പ് എടുക്കുന്നത് നിഷിദ്ധമാണ്. മൂന്നാമത്തെ അഭിപ്രായമനുസരിച്ചും മുപ്പത്തൊന്നാം ദിവസം പെരുന്നാളാണ്. ഏതു നിലക്കും അന്നത്തെ നോമ്പ് നഷ്ടപ്പെട്ട നോമ്പിനു പകരമാവുകയില്ല.