സ്വപ്‌നസ്ഖലനമെന്ന് ഒരാള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ലാത്തതിനാല്‍ തന്നെ അത് നോമ്പിനെ മുറിക്കുകയില്ല. എന്നാല്‍ ജനാബത്ത്കാരന് നിര്‍ബന്ധമായ കുളി നിര്‍ബന്ധമാണ്. ഒരാള്‍ക്ക് സ്വപ്‌നസ്ഖലനം ഉണ്ടാകുന്നത് സുബ്ഹിക്ക് ശേഷമാണെങ്കില്‍ ളുഹര്‍ നമസ്‌കാരത്തിന്റെ സമയം വരെ അവന് കുളി പിന്തിപ്പിക്കാവുന്നതാണ്. അപ്രകാരം രാത്രിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാള്‍ക്ക് കുളി പ്രഭാതം വരെ നീട്ടാവുന്നതുമാണ്. നബി(സ) ജനാബത്തുകാരനായി നേരം വെളുക്കുകയും എന്നിട്ട് കുളിക്കുകയും നോമ്പെടുക്കുകയും ചെയ്തതായി ആഇശ(റ)യും ഉമ്മുസലമയും ഉദ്ധരിച്ചതായി ബുഖാരിയും(1926) മുസ്‌ലിമും(1109) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇപ്രകാരം ആര്‍ത്തവകാരിയും പ്രസവിച്ചവളും രാത്രിയില്‍ രക്തം നിലച്ചാല്‍ കുളി പ്രഭാതത്തിലേക്ക് മാറ്റിവെച്ച് അവര്‍ക്ക് നോമ്പെടുക്കാവുന്നതാണ്. എന്നാല്‍ അവര്‍ക്കോ ഏതെങ്കിലും രൂപത്തില്‍ ജനാബത്തുകാരനായവര്‍ക്കോ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് നമസ്‌കാരം നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. സൂര്യന്‍ ഉദിക്കുന്നത് വരെ കുളിയോ നമസ്‌കാരമോ വൈകിക്കാവതല്ല. ഒരാള്‍ക്ക് ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ കുളി അവന്‍ വേഗത്തിലാക്കണം.