ഉത്തരം : നോമ്പിന്റെ ആരംഭത്തെയും അവസാനത്തെയും കുറിച്ച് ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുനിയമം ഇതാണ് :
‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകുംവരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക.’ (അല്‍ ബഖറ 187). ‘നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ
മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്’ (അല്‍ബഖറ 185) എന്നു മറ്റൊരു ഖുര്‍ആന്‍ വാക്യത്തിലും അല്ലാഹു കല്‍പിച്ചിട്ടുണ്ട്. ഇതനുസരിച്ച് റമദാന്‍ മാസത്തിന് സാക്ഷിയാകുന്ന ഓരോ മുസ്‌ലിമും പകല്‍ മുഴുവന്‍ – അതു ദീര്‍ഘിച്ചതാവട്ടെ, കുറിയതാവട്ടെ – വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്.
എന്നാല്‍ റമദാന്‍ കാലത്ത് സ്‌ക്കാന്റിനേവിയന്‍ നാടുകളില്‍ സന്ദര്‍ശിക്കേണ്ടി വരുന്നവര്‍ക്ക് യാത്രക്കാര്‍ക്കുള്ള ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. ‘ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ (ആ നാളുകളില്‍ വ്രതം ഉപേക്ഷിക്കാവുന്നതാണ്) ‘( അല്‍ ബഖറ 185). ഒരു യാത്രക്കാരന്‍ മൂന്നു ദിവസം വരെ ഒരിടത്തു തങ്ങിയാല്‍ അയാള്‍ക്ക് യാത്രക്കാരന്നുള്ള ഇളവുകളെല്ലാം ബാധകമാകും. മൂന്നിലധികം ദിവസം ഒരിടത്തു തങ്ങിയാല്‍ ആ സ്ഥലത്തെ സ്ഥിരവാസികളുടെ നിയമം തന്നെയാണ് അയാള്‍ക്കും ബാധകമാവുക. ഇതാണ് ഇവ്വിഷയകമായി ഇമാം അഹ്മദ്, ശാഫിഈ, മാലിക്ക് തുടങ്ങിയവരുടെ അഭിപ്രായം. എന്നാല്‍ ഹനഫീ മദ്ഹബനുസരിച്ച് 14 ദിവസം വരെ ഒരിടത്തു തങ്ങിയാലും ഒരു യാത്രക്കാരന്ന് യാത്രക്കാരന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 15-ഓ അതില്‍ കൂടുതലോ ദിവസം ഒരിടത്തു താമസിക്കുന്നുണ്ടെങ്കിലേ അയാള്‍ നമസ്‌കാരം പൂര്‍ണരൂപത്തില്‍ നിര്‍വഹിക്കുകയും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യേണ്ടതുള്ളൂ.
ഇവ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ വമ്പിച്ച അഭിപ്രായാന്തരങ്ങളാണുള്ളത്. അതില്‍ കൂടുതല്‍ പ്രബലമായിത്തോന്നുന്ന വീക്ഷണം ഇതാണ് : ഒരു യാത്രക്കാരന്‍ ഒരിടത്തു മൂന്നു ദിവസം തങ്ങാന്‍ സ്വമേധയാ നിശ്ചയിച്ചുറപ്പിച്ചു തങ്ങുകയാണെങ്കില്‍ ആ ദിവസങ്ങളിലും അയാള്‍ യാത്രക്കാരനായിത്തന്നെ പരിഗണിക്കപ്പെടും. നാലോ അതിലധികമോ ദിവസം തങ്ങാന്‍ നിശ്ചയിച്ചാല്‍ അയാള്‍ സ്ഥിരവാസിയായി പരിഗണിക്കപ്പെടും. ഇനി ഒരാള്‍ ഒരു പ്രത്യേക കാര്യസാധ്യത്തിന് വേണ്ടി ഒരിടത്ത് അനിശ്ചിതമായി തങ്ങുകയാണ്. ആ കാര്യം സിദ്ധിച്ചാല്‍ ഉടനെ പുറപ്പെടേണമെന്നാണ് അയാളുടെ ഉദ്ദേശ്യം. ഇങ്ങനെയുളളവര്‍ ഒരിടത്ത് എത്ര ദിവസം താമസിക്കേണ്ടി വന്നാലും അവര്‍ യാത്രക്കാരായിത്തന്നെ പരിഗണിക്കപ്പെടും.
സ്‌ക്കാന്റിനേവിയന്‍ നാടുകള്‍ പോലുള്ള പ്രദേശങ്ങൡ വസിക്കുകയോ അവിടെ ചെന്നെത്തുകയോ ചെയ്യുന്നവര്‍ക്ക് ഇരുപതും ഇരുപത്തൊന്നും മണിക്കൂറുകള്‍ നീണ്ട നോമ്പ് അനുഷ്ഠിക്കാന്‍ ആരോഗ്യപരമായി സാധ്യമല്ലാതെ വരികയും ജീവാപായം ഭയപ്പെടുന്ന അവസ്ഥയുണ്ടാവുകയുമാണെങ്കില്‍ അവര്‍ അപായം ഒഴിവാക്കാന്‍ ആവശ്യമായത്ര ഭക്ഷണം കഴിക്കുന്നത് അനുവദനീയമാണെന്നും എന്നാല്‍ ബാക്കി സമയം നോമ്പുകാരനെപ്പോലെ കഴിയണമെന്നും പിന്നീട് അനുകൂല സന്ദര്‍ഭം വരുമ്പോള്‍ ആ നോമ്പുകള്‍ നോറ്റുവീട്ടണമെന്നുമാണ് സഊദി അറേബ്യയിലെ ഫതവാസമിതി പുറപ്പെടുവിച്ചിട്ടുള്ള ഫതവ (അല്‍മുസ്‌ലിമൂന്‍ 22- 4 – 88)