ഉപ്പ വിളിച്ച് തളര്‍ന്നിട്ടും ഏറെ പണിപ്പെട്ടാണ് കിടക്കപ്പായ ഉപേക്ഷിച്ചത്. അപ്പോഴേക്കും ഉച്ചത്തിലൊരു കൂവല്‍ കിണറ്റിന്‍കരയില്‍ നിന്ന് കേട്ടു. ഓടിച്ചെന്നപ്പോള്‍ ആപാപ്പയുടെ പല്ല് തേക്കലും അനുബന്ധകര്‍മങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള നില്‍പ്പ് മാത്രമേ കാണാനായുള്ളു. കൂവലെന്താണെന്നന്വേഷിച്ചപ്പോള്‍ ഒന്നുകൂടി ഉച്ചത്തില്‍ കൂവിക്കേള്‍പ്പിച്ചു. ഈ നട്ടപ്പാതിരാക്ക് കിണറ്റിന്‍കരയില്‍ നിന്ന് കൂവുന്നത് എന്തിനാണെന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല. അപ്പോഴേക്കും ചുറ്റുവട്ടത്തെ വീടുകളില്‍ നിന്നെല്ലാം വെളിച്ചം കണ്ടുതുടങ്ങി. ‘മതിയെടോ, ഞങ്ങളെല്ലാം എണീറ്റല്ലോ. ഉള്ള പൈതങ്ങളും കൂടി ഉണര്‍ന്നുപോകും.’ കൂവലിന്റെ ഗുട്ടന്‍സ് അപ്പോഴാണ് എനിക്ക് വെളിവായത്. വല്ല്യുമ്മ ഹജ്ജിന് പോയിവരുമ്പോള്‍ കൊണ്ടുവന്ന അലാറമായിരിക്കണം ആപാപ്പയെ എണീപ്പിച്ചത്.
‘നീയെന്തിനാ പൊലച്ചക്ക് എണീറ്റതെ’ന്ന് വല്ല്യുമ്മ ചോദിച്ചപ്പോ ദേഷ്യം തോന്നി. നിങ്ങളൊക്കെ എണീറ്റിട്ട് ആരെങ്കിലും ചോദിച്ചോ? എന്ന് ഉള്ളില്‍ വന്നെങ്കിലും ഉറക്കച്ചടവില്‍ മറുപടിയൊന്നും വന്നില്ല. കന്നി നോമ്പിന് എണീറ്റത് കണ്ട് അമ്മായി അന്ന് ഭക്ഷണം വായിലിട്ടുതരാമെന്ന് ഓഫര്‍ ചെയ്തപ്പോള്‍ കൈകഴുകാന്‍ ഇത്തിരി മടിയുള്ള എനിക്ക് ആവേശമായി. ആദ്യമായി നോമ്പ് നോല്‍ക്കുന്നവര്‍ക്ക് കുറെ പരിഗണനയുണ്ടെന്ന് ആദ്യമായറിഞ്ഞ ദിനം കൂടിയായിരുന്നു അത്.