കുട്ടിക്കാലം കൊടിയ ദാരിദ്ര്യത്തിന്റെതായിരുന്നു. പട്ടിണികൊണ്ട് പൊറുതിമുട്ടിയ നാളുകള്‍. മിക്കദിവസവും നോമ്പുപോലെയായിരുന്നതിനാല്‍ ആദ്യനോമ്പ് ഓര്‍മയില്‍ അവശേഷിക്കുന്ന ഒരനുഭവമായി മാറിയില്ല.
എന്നാല്‍ ഹൈസ്‌കൂള്‍ പഠനകാലത്തെ ഒരനുഭവം കാലമെത്ര പിന്നിട്ടിട്ടും മനസ്സില്‍ നിന്ന് മായുന്നില്ല. കാരകുന്നിന്റെ ഉള്‍പ്രദേശത്തെ വീട്ടില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ ദൂരെയുള്ള മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തിക പ്രയാസം കാരണം രാവിലെയും വൈകുന്നേരവുമായി ഇരുപത്തിരണ്ട് കിലോമീറ്റര്‍ എന്നും നടക്കേണ്ടതുണ്ടായിരുന്നു. നോമ്പുകാലത്തും അതുതന്നെയായിരുന്നു പതിവ്. കടുത്ത വേനല്‍കാലത്തായിരുന്നു നോമ്പ്. ഒരുദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങിവരവെ തൃക്കലങ്ങോട് പള്ളിപ്പടി എന്ന പേരിലറിയപ്പെടുന്ന സ്ഥലത്തെ പള്ളിയില്‍ നമസ്‌കാരത്തിന് കയറി. അംഗശുദ്ധി വരുത്താനായി കുളത്തിലിറങ്ങി.
അസഹ്യമായ ദാഹമുണ്ടായതിനാല്‍ വായില്‍ ഒഴിച്ച വെള്ളത്തില്‍ നിന്ന് അല്‍പം കുടിച്ചു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠ സഹോദരന്‍ വരെ അറിയുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണതു ചെയ്തത്. ഇതെഴുതുന്നത് വരെ ഈ ലോകത്ത് ആരും അതറിഞ്ഞിട്ടില്ലെന്നുറപ്പ്. എന്നിട്ടും ദീര്‍ഘകാലം വല്ലാത്തൊരു കുറ്റബോധം മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. അതൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് അന്നു തന്നെ പ്രതിഞ്ജയെടുത്തു. ആരും കണ്ടില്ലെങ്കിലും അല്ലാഹു അറിഞ്ഞിരിക്കുമല്ലോ എന്ന ബോധമാണ് അതിനു പ്രേരിപ്പിച്ചത്. ഈ ബോധം എല്ലാ ജീവിതവൃത്തികളിലും കൂട്ടിനുണ്ടായിരുന്നെങ്കില്‍! ആ ബോധം സജീവമാക്കി ജീവിത വിശുദ്ധിക്ക് വഴിയൊരുക്കുന്ന ആരാധനയാണല്ലോ വ്രതാനുഷ്ഠാനം. അക്കാലത്ത് ഏതാണ്ടെല്ലാവരും അത്താഴം കഴിച്ചിരുന്നത് പാതിരാവിലായിരുന്നു. സമയമറിയിക്കാന്‍ മുട്ടിവിളിക്കുന്നവരുണ്ടായിരുന്നു. കിഴക്കന്‍ ഏറെനാട് പ്രദേശത്ത് ‘ പാര്‍ത്തിയക്കാര്‍’ എന്ന പേരിലാണ് അവരറിയപ്പെട്ടിരുന്നത്.
എടവണ്ണയിലെ പാര്‍ത്തിയക്കാരുടെ മുട്ടുകേട്ടാണ് ഞങ്ങളുടെ ഗ്രാമത്തില്‍ വിശ്വാസികളെല്ലാം അത്താഴം കഴിച്ചിരുന്നത്. എന്നാല്‍ പിതാവ് പരിഷ്‌കരണ പ്രസ്ഥാനവുമായി ബന്ധമുളള വ്യക്തിയായിരുന്നതിനാല്‍ ഞങ്ങള്‍ അത്താഴം വളരെ വൈകിയേ കഴിച്ചിരുന്നുള്ളൂ. അതാണ് പുണ്യകരവും പ്രവാചക ചര്യയുമെന്ന് പിതാവ് ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. അത്താഴത്തിന് സമയമറിയിക്കാന്‍ പള്ളിയില്‍ നിന്ന് ‘ നകാര’ മുട്ടുന്ന സമ്പ്രദായവുമുണ്ടായിരുന്നു. പ്രത്യേക രൂപത്തിലുള്ള ഒരുതരം ചെണ്ടയാണ് നകാര എന്ന പേരിലറിയപ്പെട്ടിരുന്നത്. ഒരുവശം മാത്രമേ വടികൊണ്ട് മുട്ടാന്‍ പാകത്തില്‍ തോലുകൊണ്ട് ബന്ധിക്കുമായിരുന്നുള്ളൂ. ഉച്ചഭാഷിണി വ്യാപകമായി പ്രചാരത്തിലില്ലായിരുന്നതിനാല്‍ നകാര മുട്ടിയാണ് നമസ്‌കാര സമയമറിയിച്ചിരുന്നത്. അതിനുശേഷമാണ് ബാങ്ക് കൊടുത്തിരുന്നത്. അന്നു ഞങ്ങളുടെ നാട്ടിലെല്ലാം നോമ്പു അവസാനിപ്പിച്ചിരുന്നത് കതിന വെടിയുടെ ശബ്ദം കേട്ടാണ്. പതിനഞ്ചു കിലോമീറ്ററോളം അകലെയുള്ള മമ്പാട് പ്രദേശത്തെ വെടിയെയാണ് ഞങ്ങള്‍ ആശ്രയിച്ചിരുന്നത്. അതിനാല്‍ അന്ന് നോമ്പുതുറക്കാറായാല്‍ എല്ലാവരും ചോദിക്കുക ‘ വെടിപൊട്ടിയോ ‘ എന്നായിരുന്നു. അപ്പോള്‍ വെടിയുടെ ശബ്ദം പേടിപ്പെടുത്തുന്ന ഭീകരതയുടെ പ്രതീകമായിരുന്നില്ല. ആശ്വാസത്തിന്റെ സന്ദേശമായിരുന്നു. നോമ്പു തുറക്കുമ്പോള്‍ മിക്കദിവസവും കപ്പയും കട്ടന്‍ചായയുമായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ അതിന് ഇന്നത്തെ സദ്യയേക്കാള്‍ രുചിയുണ്ടായിരുന്നു. മുഖ്യകാരണം അത്താഴം കൊണ്ട് വയറുനിറഞ്ഞിരുന്നില്ലെന്നതു തന്നെ. വിശപ്പിന്റെ കാഠിന്യമനുസരിച്ചാണല്ലോ ആഹാരത്തിന്റെ രുചി വര്‍ധിക്കുക. സാധാരണഗതിയില്‍ വിശപ്പിന്റെ രുചിയറിയാന്‍ സാധ്യതയില്ലാത്ത സമ്പന്ന വിഭാഗം വിശപ്പും ദാഹവും അനുഭവിച്ചറിയുന്നതിലൂടെ അവരില്‍ ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും കാരുണ്യവും ദയയും ഉദാരതയും വളര്‍ത്തിയെടുക്കലും റമസാനിലെ വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണല്ലോ.