റമദാന്‍ നോമ്പ് അതിന്റെ ചൈതന്യത്തോടെ അനുഷ്ഠിക്കാന്‍ പ്രവാസ ജീവിതത്തില്‍ കൂടുതല്‍ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം പകരുന്നു. റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണരൂപത്തില്‍ ‘ഫീല്‍’ ചെയ്യാന്‍ സൗദി അറേബ്യയില്‍ താമസിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ അതൊരു സത്യമായി എനിക്കും തോന്നിയത് സൗദിയിലെ യാമ്പുവില്‍ റമദാന്‍ നാളുകള്‍ ചെലവഴിച്ചപ്പോഴാണ്. സൗദിയിലെ നിയമങ്ങളും വ്യവസ്ഥകളും കണിശമായതിനാല്‍ ഇവിടുത്തെ ജീവിതവും ദുഷ്‌കരമാകുമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്. സത്യത്തില്‍ ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ ജനങ്ങളുടെ നന്മക്കും പുരോഗതിക്കും തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. സൗദിയിലെ പ്രവാസ ജീവിതത്തിനിടയില്‍ നിയമങ്ങള്‍ കര്‍ശനമാണ് എന്നത് കൊണ്ട് പ്രത്യേകം ജീവിത പ്രയാസങ്ങള്‍ നേരിടേണ്ടി വരാറില്ല. സൗദിയിലെ റമദാന്‍ നാളുകള്‍ ഏതൊരു വിശ്വാസിക്കും ഹൃദ്യമായ അനുഭൂതി പകര്‍ന്ന് നല്‍കും. മറ്റ് ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് സൗദിയില്‍ പള്ളികളുടെ എണ്ണം ധാരാളമാണ്. ഒരേ ചുറ്റുവട്ടത്ത് ചെറുതും വലുതുമായ ഒത്തിരി പള്ളികള്‍, ബാങ്കും നമസ്‌കാരവും, അതിനാല്‍ തന്നെ ഒരാളും കേള്‍ക്കാതെ പോകുന്ന അവസ്ഥ ഇവിടെയില്ല. ബാങ്കുവിളിച്ചാല്‍ കടകളെല്ലാം സൗദിയില്‍ അടവായി. ഇത് ഇവിടുത്തെ കാലങ്ങളായി ഉള്ള നിയമവുമാണ്. ഏത് തിരക്കുപിടിച്ച ജോലിക്കാര്‍ക്കും സൗദിയില്‍ നമസ്‌കാര സമയമായാല്‍ അത് ഭംഗിയായി നിര്‍വഹിക്കാന്‍ ഈ നിയമം വഴി സാധിക്കുന്നു.
റമദാന്‍ നാളുകളില്‍ സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു ഉത്സവപ്രതീതിയാണ്. വീടുകളും കടകളും അലങ്കരിക്കുകയും റമദാന്‍ സ്വാഗതം ചെയ്ത് വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. തൊഴിലാളികള്‍ക്ക് ജോലിസമയത്തില്‍ ഇളവ് നല്‍കുന്നു. നോമ്പ് തുറക്കാനും മറ്റും സൗദിയിലെ പള്ളികളിലെ സൗകര്യങ്ങള്‍ക്ക് പുറമെ ചിലയിടത്ത് ‘ഇഫ്ത്വാര്‍ കൂടാര’ങ്ങള്‍ സഞ്ചാരികളെ ഉദ്ദേശിച്ചു പലയിടത്തും ഒരുക്കുന്നു. ‘റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം കിട്ടു’ മെന്ന നബിവചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റമദാനില്‍ സൗദിയില്‍ കഴിയുന്ന വിദേശികളും സ്വദേശികളുമായ വിശ്വാസികളില്‍ പലരും ഉംറ നിര്‍വഹിക്കാനും റമദാനില്‍ സമയം കണ്ടെത്താറുണ്ട്.
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ഹൃദയത്തോട് അടുപ്പിക്കാന്‍ ഓരോ വിശ്വാസിക്കും ഇവിടെ സാധിക്കുന്നു. ഈ ഒരുമാസക്കാലം മാധുര്യമായ അനുഭവങ്ങളാണ് ഓരോവിശ്വാസിക്കും സൗദിയിലെ പ്രവാസജീവിതം നല്‍കുന്നത്. ഇവിടുത്തെ പ്രവാസികളായ മലയാളികളില്‍ മിക്കവരും റമദാന്‍ മുഴുവനും ഇവിടെ കഴിയാനാണ് പലപ്പോഴും ഇഷ്ടപ്പെടുന്നത്. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ സൗദിയില്‍ റമദാനില്‍ ഒരുക്കുന്ന തിളക്കമാര്‍ന്ന സൗകര്യങ്ങള്‍ പ്രവാസികളെ ഏറെ സ്വാധീനിക്കുന്നു. ആകര്‍ഷണീയമായ ഖുര്‍ആന്‍ പാരായണത്തോടെയുള്ള സംഘടിത നമസ്‌കാരം എല്ലാവരും ഹൃദ്യമായി ആസ്വദിക്കുന്നു. നോമ്പ് കാലത്ത് കൂടുതല്‍ ഭയഭക്തിയോടെ ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഈ അറബ് നാട്ടില്‍ ഉള്ളതാണ് പലരെയും ആകര്‍ഷിക്കുന്നത്. പരസ്പര ഐക്യത്തിലും സ്‌നേഹത്തിലും കഴിയുന്ന ശാന്തമായ ആത്മീയമായ അന്തരീക്ഷമാണ് ഇരു ഹറമുകളുടെ ഈ പരിശുദ്ധ രാജ്യത്ത് അനുഗ്രഹങ്ങളുടെ റമദാനില്‍ നമുക്ക് കാണാന്‍ കഴിയുക.