സകല ജന്തുക്കളെയും ദൈവം വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. ദൈവം ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും ദൈവം എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുര്‍ആന്‍)
ജന്തുജാലങ്ങളുടെ ഉത്ഭവവവും അതില്‍ ചിലതിന്റെ പ്രത്യക്ഷ ചിത്രങ്ങളുമാണ് ഈ സൂക്തത്തില്‍ വിവരിക്കുന്നത്. അഥവ ഇഴജന്തുക്കള്‍, ഇരുകാലികള്‍, നാല്‍കാലികള്‍ എന്നീ ക്രമത്തില്‍ പരിചയപ്പെടുത്തിത്തരുന്ന കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട ഒരു ജന്തുവിന്റെ അറിവിലേക്കാണ് ഓതിത്തരുന്നത് എന്നത് വിസ്മരിക്കാവതല്ല. ജന്തുക്കളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നുവെന്ന് മാത്രമല്ല അതില്‍ തന്നെ ഇഴജന്തുവിന്റെ ശേഷമാണ് ഇരുകാലിയുടെ സ്ഥാനം. ചുരുക്കത്തില്‍ അഹങ്കാരത്തിന്റെ മട്ടുപ്പാവില്‍ കണ്ണു മഞ്ഞളിച്ച മനുഷ്യന്റെ മസ്തകത്തില്‍ നോക്കിയുള്ള പ്രഹരം തന്നെയാണ് ഈ വിശുദ്ധ വചനം.
പഴയ ഒരു കഥയിലെ പരാമര്‍ശം ഓര്‍ത്തു പോകുന്നു. ‘ഇനി ആരും ഇല്ല്യ എല്ലാവരും കഴിച്ചു. മാമനും പിന്നെ പട്ടിയും കഴിച്ചിട്ടില്ല്യാ…’ മുത്തശ്ശിയുടെ വര്‍ത്തമാനത്തിലൂടെ കാര്‍കശ്യക്കാരനായ കാരണവര്‍ക്ക് പറ്റിയ പരുക്ക് വിവരണാതീതമത്രെ. ഈ പരുക്ക് വിലയിരുത്തിയ വായനാ സമൂഹത്തിനു വിശുദ്ധ വചനത്തിലെ മര്‍മ്മപ്രയോഗവും വിഷയമാക്കാവുന്നതാണ്.
ഇരുകാലിയായ ജന്തുവിനെ മനുഷ്യനായി പരിവര്‍ത്തിപ്പിക്കുന്ന ഒരേയൊരു ഘടകം അവന് നല്‍കപ്പെട്ട വിശേഷ ബുദ്ധിയത്രെ. ഈ വിശേഷ ബുദ്ധിയുടെ തെളിച്ചത്തില്‍ സത്യത്തിന്റെ വെളിച്ചത്തെ പുല്‍കാന്‍ സാധ്യമാകുന്നതിലൂടെയാണ് മനുഷ്യന്‍ സൌഭാഗ്യവാനാകുന്നത്. ഇത്തരം സൗഭാഗ്യവാന്മാര്‍ തങ്ങളുടെ ജീവിതം കൊണ്ട് ധന്യമായ മുഹൂര്‍ത്തങ്ങളെ രചിക്കുന്നവരും രചിപ്പിക്കുന്നവരുമായിരിക്കും. ഇവരുടെ താളാത്മകമായ ജീവിതത്തില്‍ കാവ്യാത്മകമായ ശീലും ശൈലിയും സ്വാംശീകരിച്ച് ഭാവാത്മകമാക്കാനുള്ള മഹാഭാഗ്യമാണ് ആണ്ടിലൊരിക്കല്‍ അനുഗ്രഹിച്ചുകിട്ടുന്ന റമദാന്‍. പ്രകാശത്തോട് പ്രകാശം എന്ന് പരിചയപ്പെടുത്തപ്പെട്ട പ്രഭാവലയത്തിലേയ്ക്ക് പറന്നടുക്കാന്‍ ഏറെ സഹായിക്കുന്ന ഭൂമിക ഒരുക്കപ്പെടുന്നതും ഈ മഹിതമാസത്തില്‍ തന്നെ.
‘ദൈവം ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. ദൈവം തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. ദൈവം സകല സംഗതികളും നന്നായറിയുന്നവനാണ്.’ (ഖുര്‍ആന്‍)
ദൈവത്തെക്കുറിച്ച് മനുഷ്യ ബുദ്ധിക്ക് ഉള്‍കൊള്ളാനാകും വിധം ഒരു സങ്കല്‍പം മാത്രമാണിത്. അഥവ നമ്മുടെ വിഭാവനകള്‍ക്കും എത്രയോ കാതം അകലെയാണ് ആ പ്രഭാപൂരം. ദൈവ കല്‍പനപ്രകാരം ജിവിതം ചിട്ടപ്പെടുത്തുമ്പോള്‍ ആ പ്രകാശവലയത്തില്‍ സുരക്ഷിതരായിരിക്കും ഭൗതികമായ ഈ ജിവിതം അസ്തമിക്കുമ്പോളാകട്ടെ അതേ പ്രകാശ ധാരയില്‍ വിലയം കൊള്ളാനും സാധിക്കും. ബുദ്ധിമാനായ മനുഷ്യന്‍ വിളക്കും വെളിച്ചവും ഉള്ള വഴികള്‍ ജീവിതയാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. അന്വേഷിക്കുന്നവര്‍ക്ക് ഈ പാതകള്‍ കണ്ടെത്താനും കഴിയും. പ്രകാശ വൃത്തത്തിലേയ്ക്ക് വരുന്നവര്‍ക്ക് വെളിച്ചം നല്‍കുക എന്ന ദൗത്യം മാത്രമേ വിളക്കു മാടം നിര്‍വഹിക്കുകയുള്ളൂ.
ഭൂമിയില്‍ നന്മയുടെ പ്രസാരണത്തിന് അനുകൂലമായും പ്രതികൂലമായും ഒക്കെയുള്ള അവസ്ഥകളും വ്യവസ്ഥകളും മാറി മാറി വന്നേക്കാം. എന്തിനേയും ഇച്ഛാശക്തിയോടെ നേരിടുക. ദൈവത്തിന്റെ പ്രകാശം പൂര്‍ത്തീകരിക്കാതിരിക്കില്ല.ശത്രുക്കള്‍ക്ക് അതെത്ര അരോചകമാണെങ്കിലും.
‘രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും ‘(ഖുര്‍ആന്‍)
പ്രകൃതിയിലെ ഒരു പ്രതിഭാസം മനുഷ്യര്‍ക്ക് പരിചയപ്പെടുത്തുക എന്നതിലുപരി തെളിനീരായി ഒഴുകാന്‍ ഒരുക്കമുണ്ടെങ്കില്‍ എല്ലാ വിഘാതങ്ങളേയും മറികടന്ന് ഒഴുക്കും എന്ന പ്രഖ്യാപനം വരികള്‍ക്കിടയില്‍ വായിക്കപ്പെടാതെ പോകരുത്.
വ്രത വിശുദ്ധിയുള്ളവനെ അസ്സല്‍ ഊദിനോട് ഉപമിച്ചുകൊണ്ടുള്ള അറബി കവിത ഏറെ പ്രസിദ്ധമാണ്. യഥാര്‍ഥ ഊദ് തിരിച്ചറിയപ്പെടുന്നത് ചൂടേല്‍ക്കുമ്പോഴാണ്. യഥാര്‍ഥ നോമ്പുകാരന്റെ ഭാവവും ഇതുപോലെത്തന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും അരോചകമായതൊന്നും അവനില്‍ നിന്നുണ്ടാവുകയില്ല. നന്മയുടെ സുഗന്ധം മാത്രമേ നോമ്പുകാരനില്‍ നിന്നും പ്രസരിക്കുകയുള്ളൂ. കനല്‍കട്ടയില്‍ പരിമളം പരത്തുന്ന ഊദിന്റെ കഷ്ണം പോലെ. പുണ്യങ്ങളുടെ പൂക്കാലത്തിലൂടെ സംസ്‌കരിക്കപ്പെടുന്ന വിശ്വാസികള്‍ സമൂഹത്തിലെ മാതൃകാ വ്യക്തിത്വങ്ങളായി പരിണമിക്കും. ഇരുകാലിയില്‍ നിന്നും ഉത്തമ പുരുഷനിലേയ്ക്കുള്ള ദൂരം ഒരു റമദാന്‍ മാസക്കാലമായിരിക്കാം.