പുണ്യങ്ങളുടെ പാതയിലൂടെ …
സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍
വഴിമധ്യേ,
എനിക്കെന്റെ ഒട്ടകം നഷ്ടമായി …
പിന്നെ …
കനിവില്ലാ ചൂടിനു താഴെ
ഭയമേറിയ വിജനതയില്‍,
ഞാനൊരു മാളമില്ലാത്ത പാമ്പ്.
വീശിയടിക്കുന്ന ചുടു മണല്‍ കാറ്റിന്
നരകത്തിന്റെ ഗന്ധം …
നാഥാ,
എന്റെ ഒട്ടകം
എവിടെയാണത് മറഞ്ഞത്…?
കാപട്യം മിനുക്കിയെടുത്ത
കച്ചവടത്തിന്റെ മുള്‍ക്കാടുകളില്‍…!
സുഹൃത്തിനോരം ചേര്‍ന്ന
പരദൂഷണ മണല്‍ക്കാട്ടില്‍ …!
സുബഹിന്റെ സൗന്ദര്യം കാട്ടാതെ
ഇബലീസ് തഴുകിയുറക്കിയ ശാപയാമങ്ങളില്‍ …!!!
പുണ്യങ്ങളെക്കാള്‍ വാരിക്കൂട്ടിയ റിയാലുകള്‍ക്കിടയില്‍ …!!!!
എവിടെയാണത് മറഞ്ഞത് …?
എവിടെ തിരയണം …??
തിരക്ക് വിസമ്മതം മൂളിയ
നിസ്‌കാരത്തിന്റെ മുന്‍ വരിയില്‍
നില്‍ക്കാന്‍ കൊതിച്ച മനസ്സില്‍ നിന്ന് …
ക്ഷീണം കണ്‍ പോളകളെ അടച്ച
ഖുര്‍ആന്റെ ഏടുകളെയോര്‍ത്ത്
ഇടറിയ നെഞ്ചില്‍ നിന്ന്…!
ലൈലത്തുല്‍ ഖദ്‌റില്‍…
തല തല്ലിക്കൊഴിഞ്ഞ കിനാവുകളുടെ
അനാഥക്കാഴ്ചയില്‍
യാചനാപാത്രം നീട്ടി
വിതുമ്പിയ ഹൃദയത്തില്‍ നിന്ന് …….
തീര്‍ച്ച ,
ഞാനെന്റെ ഒട്ടകത്തെ
കണ്ടെത്തുക തന്നെ ചെയ്യും …!!!
ഇന്‍ശാ അല്ലാഹ് …