റമദാന്‍ നമ്മെ സംബന്ധിച്ചടത്തോളം ഒരു പാഠശാലയാണ്. നമ്മുടെ പോരായ്മകള്‍ കണ്ടെത്താനും തിരുത്താനുമുള്ള സുവര്‍ണാവസരമാണത്. അല്ലാഹുവിലുള്ള ദൃഢമായ ബോധ്യത്തോടെയും ആത്മവിചാരണ നടത്തിയും പ്രതിഫലം ആഗ്രഹിച്ചും നോമ്പ് നോല്‍ക്കുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും. നാളെ എല്ലാറ്റിനെ സംബന്ധിച്ചും അല്ലാഹുവിന്റെ മുന്നില്‍ സമാധാനം പറയേണ്ടവരാണ് നാം. നമ്മുടെ കണ്ണിനെയും കാതിനെയും ഹൃദയത്തെയും സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. നമ്മുടെ സംസാരം, സ്വഭാവം, ആരാധനാ കര്‍മങ്ങള്‍, കുടുംബ ബന്ധങ്ങള്‍, സാമ്പത്തിക രംഗം, ഉത്തരവാദിത്വ നിര്‍വഹണം തുടങ്ങിയ ജീവിതത്തിന്റെ ഏതൊക്കെ മേഖലകളിലാണ് കുറവുകളുള്ളതെന്ന് കണ്ടെത്തി അത് തിരുത്താന്‍ ദൃഢപ്രതിജ്ഞ ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ള പോലെ ‘മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നവരുടെ’ കൂട്ടത്തില്‍ ഉള്‍പ്പെടുക.
നോമ്പാകുന്ന പാഠശാലയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അതിന്റെ വ്യത്യാസം നമ്മുടെ ജീവിതത്തിലുണ്ടാവണം. അത് നമുക്കും നമ്മുടെ ചുറ്റുവട്ടത്തുള്ളവര്‍ക്കും അനുഭവിക്കാന്‍ കഴിയണം. അങ്ങനെയാകുമ്പോഴാണ് ആ പാഠശാലയില്‍ നിന്ന് വിജയശ്രീലാളിതരായി, അല്ലാഹു സ്വീകരിക്കുന്ന നോമ്പിന്റെ ഉടമകളായി പുറത്തുവരാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
ഇത് ഖുര്‍ആനിന്റെ മാസമാണ്. അതിന്റെ ആശയം മനസ്സിലാക്കി ഒരു തവണയെങ്കിലും പാരായണം ചെയ്യാന്‍ ഈ മാസത്തില്‍ കഴിയണം. റമദാനിലെ പിന്നിട്ട നാളുകളില്‍ ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധം എവിടെയാണ് നില്‍ക്കുന്നതെന്ന് വിലയിരുത്തുക. വരുംനാളുകളില്‍ അതിലെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യുക. അപ്രകാരം പ്രാര്‍ഥനക്ക് പ്രത്യേകമായി ഉത്തരം ലഭിക്കുന്ന സന്ദര്‍ഭത്തിലാണ് നാമുള്ളത്. നാഥനോട് ചോദിക്കാനുള്ള നിരവധി കാര്യങ്ങള്‍ നമുക്കുണ്ട്. സ്വന്തത്തിന്റെയും കുടുംബത്തിന്റെയും ലോകഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നമ്മുടെ പ്രാര്‍ഥനയില്‍ ഇടം നല്‍കേണ്ടതുണ്ട്. വിശ്വാസിയുടെ ആയുധവും ആകാശഭൂമികളുടെ പ്രകാശവുമാണ് പ്രാര്‍ഥന. അത്താഴത്തിന് നാം എണീക്കുന്ന സന്ദര്‍ഭത്തിലും നോമ്പു തുറക്കുന്ന സന്ദര്‍ഭത്തിലും നമസ്‌കാര വേളകളിലും പ്രാര്‍ഥനക്ക് പ്രത്യേകം സമയം കണ്ടെത്താന്‍ നമുക്കാവണം. പരസ്പരം നന്മക്കായി പ്രാര്‍ഥിക്കാന്‍ നമുക്ക് കഴിയുകയും അത് നമ്മുടെ ആത്മബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ഒന്നായി മാറുകയും ചെയ്യണം. അത്തരമൊരു ബന്ധത്തില്‍ കഴിയുന്ന നമ്മെ അകറ്റാന്‍ ഒരു പിശാചിനും കഴിയുകയില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.