ഇബ്രാഹീം നബിയുടെ വ്യക്തിത്വത്തെയും ആദര്‍ശത്തെയും ആഗ്രഹത്തെയുമൊക്കെ അറിയണമെങ്കില്‍ ഖുര്‍ആനില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥനകള്‍ പരിശോധിച്ചാല്‍ മതി. ഇബ്രാഹീം നബി(അ)യുടെ പ്രാര്‍ഥന തന്നെയായിരിക്കാം ഖുര്‍ആനില്‍ കൂടുതലായി വന്നിട്ടുള്ളതും. ആത്മീയമായ അര്‍ഥത്തിലുള്ളതും ഒരു ജനനായകന്‍ എന്ന നിലയിലുള്ള പ്രാര്‍ഥനയും നമുക്കതില്‍ ദര്‍ശിക്കാം. ‘പുനരുത്ഥാന നാളില്‍ നാഥാ നീ എന്നെ വഷളാക്കരുതേ’ എന്നതാണ് ഒരു പ്രാര്‍ഥന. സ്വര്‍ഗവും അല്ലാഹുവിന്റെ പ്രീതിയും കാംക്ഷിച്ചുകൊണ്ടുള്ള ഇത്തരത്തിലുളള വൈകാരികമായ പ്രാര്‍ഥനകള്‍ നമുക്ക് അദ്ദേഹത്തിന്റേതായി കാണാം. ഇമാമുന്നാസ് അഥവാ ഒരു ജനനായകന്‍ എന്ന അര്‍ഥത്തിലുള്ള അദ്ദേഹത്തിന്റെ പ്രാര്‍ഥനകളും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ‘നാഥാ ഞങ്ങളുടെ നാടിനെ നിര്‍ഭയത്വമുള്ള ഒരു പ്രദേശമാക്കി നീ മാറ്റേണമ!’ എന്നത് അദ്ദേഹത്തിന്റെ പ്രാര്‍ഥനയാണ്. നാടിന്റെ സുരക്ഷയും ക്രമസമാധാനവുമെല്ലാം മുന്‍നിര്‍ത്തിയുള്ള ഒരു ജനനായകന്റെ ഐഹിക ലോകത്തേക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണിത്. പട്ടിണിയും ദാരിദ്ര്യവുമൊന്നുമില്ലാത്ത സുഭിക്ഷമായ നാടിന്ന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിലാഷവും തേട്ടവുമായിരുന്നു സുഭിക്ഷമായ കായ്കനികള്‍ രാജ്യനിവാസികള്‍ക്ക് നല്‍കണമേ എന്ന പ്രാര്‍ഥനയിലടങ്ങിയിട്ടുള്ളത്. ഈ പ്രാര്‍ഥനയുടെ ഓരോ വശവും എടുത്ത് പരിശോധിക്കുമ്പോള്‍ ആ വ്യക്തിത്വത്തിന്റെ പ്രോജ്ജ്വലത നമുക്ക് കൂടുതല്‍ വെളിപ്പെടും.
ഇബ്രാഹീം നബിയുടെ പ്രാര്‍ഥനകളില്‍ ഒരിടത്ത് ചേര്‍ത്ത് പറഞ്ഞതും എന്നാല്‍ നാം വേണ്ടത്ര പരിഗണിക്കാത്തതുമായ മൂന്ന് കാര്യങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാം. ”എന്റെ നാഥാ, എനിക്കു നീ യുക്തിജ്ഞാനം നല്‍കേണമേ. എന്നെ നീ സജ്ജനങ്ങളില്‍പെടുത്തേണമേ.’പിന്‍മുറക്കാരില്‍ എനിക്കു നീ സല്‍പ്പേരുണ്ടാക്കേണമേ’.(അശ്ശുഅറാഅ് 83-84)
‘നാഥാ ഹുക്മ് നല്‍കേണമേ’ എന്നതാണ് ഇതില്‍ ഒന്നാമത്തെ വശം. ഈ ദീനിനെ ഭൂമുഖത്ത് സ്ഥാപിക്കുവാന്‍ വേണ്ടി തെരഞ്ഞെടുത്ത പ്രവാചകന്മാര്‍ക്ക് അല്ലാഹു നുബുവ്വത്ത് നല്‍കിയതോടൊപ്പം തന്നെ നല്‍കിയ ഒന്നാണ് ഹുക്മ്. ഹുക്മ് എന്നു പറയുമ്പോള്‍ പെട്ടെന്ന് നമ്മുടെ മനസ്സില്‍ ഭരണം എന്നാണ് വരാറുള്ളത്. എന്നാല്‍ വലിയ വലിയ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട പ്രവാചകന്മാര്‍ നേതാക്കള്‍ തുടങ്ങിയവര്‍ അല്ലാഹു നല്‍കുകയും അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്ത ഒന്നാണ് ഹുക്മ്. രാജ്യത്ത് നടക്കുന്ന സംഭവങ്ങളെയും നമ്മുടെ ചുറ്റുപാടുകളെയും വിവേകപൂര്‍ണമായി നോക്കിക്കാണും അതിനെ കൃത്യമായി വിശകലനം ചെയ്യാനും എന്നിട്ട് കൃത്യമായ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികമായ അവസ്ഥയുടെ പേരാണ് ഖുര്‍ആനിന്റെ ഭാഷയില്‍ ഹുക്മ്. എന്തെങ്കിലും പുതിയ ഒരു തീരുമാനമെടുക്കുമ്പോള്‍ അത് അബദ്ധത്തില്‍ കലാശിക്കാത്തവണ്ണം, ഭാവിയില്‍ തിരിച്ചടിക്ക് കാരണമാകാത്ത വിധം സുബദ്ധമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. വലിയ വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രസ്ഥാനങ്ങള്‍ പ്രതിസന്ധിയിലകപ്പെട്ടതു നമുക്ക് കാണാം. മഹത്തായ ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ട് വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയ പ്രസ്ഥാനങ്ങള്‍ക്ക് പാതിവഴിയില്‍ ഇടര്‍ച്ചകള്‍ സംഭവിച്ചത് കാണാം. ഇതെല്ലാം ഹുക്മിന്റെ അഭാവത്തിലായിരുന്നു. വിവേകം നഷ്ടപ്പെടുന്നതുകൊണ്ട് ശത്രുവിന്റെ ഇരയായിത്തീരുന്നതും നമുക്ക് കാണാന്‍ കഴിയും. കാര്യങ്ങളെ യഥാവിധി വിവേകത്തോടെ വിലയിരുത്തി അനുയോജ്യമായ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയാണ് ഹുക്മ്. വ്യക്തി, കുടുംബ നാഥന്‍, ജനപ്രതിനിധി തുടങ്ങിയ എല്ലാ തലങ്ങളിലും ഒരാള്‍ക്കുണ്ടായിരിക്കേണ്ട വിശേഷണമാണ് ഇത്. ‘ഏതൊരു വ്യക്തിക്കാണ് അല്ലാഹു ഈ വിവേകവും ജ്ഞാനവും നല്‍കുന്നത് അവന് അനുഗ്രഹങ്ങളുടെ വിശാലമായ കവാടം അല്ലാഹു നല്‍കപ്പെടും’ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് കാണാം. ഇല്യാസ്, ദാവൂദ്, സുലൈമാന്‍, യൂസുഫ്…തുടങ്ങിയ പ്രവാചകന്മാര്‍ക്കെല്ലാം ‘ഹുക്മ്’ നല്‍കിയതായി കാണാം. ഇബ്രാഹീം നബി അല്ലാഹുവിനോട് പ്രാര്‍ഥിച്ച പ്രാര്‍ഥനയിലും മുഖ്യമായ ഒരാവശ്യമായി ഇത് വന്നിട്ടുണ്ട്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകാതെ ഒരു അവിവേകിയായിത്തീരുന്ന അവസ്ഥയില്‍ നിന്ന് നീ ഞങ്ങളെ രക്ഷപ്പെടുത്തണമേ എന്നാണ് ഈ പ്രാര്‍ഥനയുടെ പൊരുള്‍. ഇസ് ലാമിക പ്രസ്ഥാനങ്ങള്‍ക്കും നായകന്മാര്‍ക്കും വിജയകരമായി മുന്നോട്ട പോകണമെങ്കില്‍ ഈ ഹുക്മ് അനിവാര്യമാണ്.
‘സജ്ജനങ്ങളോടൊപ്പം നീ ഞങ്ങളെ ചേര്‍ക്കേണമേ’ എന്നാണ് പ്രാര്‍ഥനയിലെ രണ്ടാമത്തെ വചനം. സാധാരണ സജ്ജനങ്ങളോടൊപ്പം സ്വര്‍ഗപ്രവേശം സാധിക്കണമേ എന്ന് മാത്രമാണ് ഇതിന് അര്‍ഥം നല്‍കാറുള്ളത്. ദുനിയാവില്‍ ജീവിക്കുമ്പോഴും ഒരു സത്യവിശ്വാസിയുടെ ആഗ്രഹവും മോഹവും ഇതു തന്നെയാണ്. നല്ലവരുമായുള്ള ചങ്ങാത്തം, നല്ലവരുമായുള്ള ജീവിതം എന്നത് വളരെ ആസ്വാദ്യകരവും മധുരമുള്ളതും അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ ഒരനുഗ്രഹവുമാണ്. നാം ബന്ധപ്പെടുന്നവരും ഇടപഴകുന്നവരുമെല്ലാം സംസ്‌കാരമുള്ളവരും നല്ലവരുമായിരിക്കുക എന്നത് നല്ല ഒരനുഭൂതിയാണ്. വീട്ടിലെ അംഗങ്ങള്‍, കുടുംബക്കാര്‍, പ്രസ്ഥാനപ്രവര്‍ത്തകര്‍, സ്ഥാപനത്തില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍…തുടങ്ങിയ സ്ഥലങ്ങളെല്ലാം സ്വാലിഹീങ്ങളുമായി ബന്ധപ്പെടുന്ന ഒരിടമായിരിക്കുക എന്നത് വലിയ അനുഗ്രഹമാണ്. ദുനിയാവില്‍ പ്രവാചകന്റെ ചങ്ങാത്തത്തിന്റെ മാധുര്യം വേണ്ടുവോളം നുകര്‍ന്ന സഹാബികള്‍ മരണശേഷം ഈ മാധുര്യം അനുഭവിക്കാന്‍ കഴിയുകയില്ലല്ലോ എന്നാശങ്കപ്പെട്ടുകൊണ്ട് പ്രവാചക സവിദത്തില്‍ എത്തിയ സംഭവങ്ങള്‍ നമുക്ക് കാണാം. ‘ഭൂമുഖത്ത് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ച് കൊണ്ട് ആ മാര്‍ഗത്തിലൂടെ ചരിച്ചവര്‍ നാളെ പ്രവാചകന്മാരുടേയും സിദ്ദീഖുകളുടെയും രക്തസാക്ഷികളുടെയും സ്വാലിഹീങ്ങളുടെയും കൂടെയായിരിക്കുമെന്ന്’ വിശുദ്ധ ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വ്യക്തിക്ക് ജീവിത കാലത്ത് ആരോടാണ് കൂടുതല്‍ ഇഷ്ടം അവരോടൊപ്പം തന്നെയായിരിക്കും അല്ലാഹു അവര്‍ക്ക് നല്‍കുന്ന സ്ഥാനം.
എന്റെ മരണ ശേഷം ആളുകള്‍ എന്നെ കുറിച്ച് നല്ലതുപറയണം എന്നാണ് പ്രാര്‍ഥനയിലെ മൂന്നാമത്തെ വാചകം. നാം ഓരോരുത്തരും മരണപ്പെട്ടാല്‍ നമ്മുടെ വീട്ടിലും മറ്റും ഒത്തുകൂടിയ ആളുകള്‍ നമ്മെ കുറിച്ച് എന്തായിരിക്കും പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടിലൊരഭിപ്രായം മരിച്ചവരെ കുറിച്ച് ആളുകള്‍ പറയാതിരിക്കില്ല. മരിച്ച് പോയ ഒരു വ്യക്തിയെ കുറിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് നല്ലത് പറയാനും നല്ല മാതൃക ഉള്‍ക്കൊള്ളാനും സാധിക്കുന്ന അവസ്ഥ ഉണ്ടാകണം. പ്രവാചകന്മാരെ കുറിച്ചെല്ലാം ഇത്തരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം അനുസ്മരിക്കുന്നത് കാണാം. ജീവിതത്തില്‍ നാം നിലനിര്‍ത്തേണ്ട മൂന്ന് ശക്തമായ അഭിലാഷവും പ്രാര്‍ഥനയുമാണിത്.