ബംഗളൂരു: ജാമ്യം കൊടുക്കരുതെന്ന സര്‍ക്കാര്‍ നിലപാട് അറിഞ്ഞിട്ടും പരപ്പന അഗ്രഹാര ജയിലിലെ സ്വീകരണ മുറിയില്‍ പ്രസന്നവദനനായാണ് അബ്ദുന്നാസിര്‍ മഅ്ദനി സന്ദര്‍ശകരെ വരവേറ്റത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശാരീരിക പ്രയാസങ്ങളുണ്ടെങ്കിലും നോമ്പുകാരനാണ് അദ്ദേഹം. ശബ്ദത്തില്‍ നേരിയ ഇടര്‍ച്ച പോലുമില്ലാതെ സര്‍ക്കാറിന്റെ തടസ്സവാദങ്ങളെ ഓരോന്നായി മഅ്ദനി തിരുത്തി.
‘രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ദിവസവും നാലു പ്രാവശ്യമാണ് ഇന്‍സുലിനെടുക്കുന്നത്. ഷുഗര്‍ കുറഞ്ഞ് ഇടക്കിടെ ബോധം നഷ്ടപ്പെടുന്നതിനാല്‍ ജയിലധികൃതര്‍ തന്നെയാണ് രണ്ടാമതൊരു സഹായിയെക്കൂടി ഏര്‍പ്പാടാക്കിയത്. സഹായികളായ മനാഫും ഷറഫുദ്ദീനും തന്റെ സെല്ലില്‍തന്നെയാണ് കഴിയുന്നത്. നോമ്പുകാരനായിരിക്കെ, രണ്ടുദിവസം മുമ്പും താന്‍ ബോധരഹിതനായി മറിഞ്ഞുവീണു. എന്നിട്ടും സാധാരണ രോഗങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്ന് എങ്ങനെ പറയാന്‍ കഴിയും’.
സാധാരണ 50 കഴിഞ്ഞവര്‍ക്കുണ്ടാകുന്ന രക്തസമ്മര്‍ദം, പ്രമേഹം, നടുവേദന തുടങ്ങിയ രോഗങ്ങളല്ലാതെ മഅ്ദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ജാമ്യം നല്‍കരുതെന്നതിന് സര്‍ക്കാര്‍ അഭിഭാഷകന്‍ തടസ്സവാദമുന്നയിച്ചത്.
‘കാഴ്ചശക്തി കുറഞ്ഞു വരുകയാണ്. അക്ഷരങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ‘പെന്‍ ഖുര്‍ആന്‍’ ഉപയോഗിച്ചാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. പെന്‍ ഖുര്‍ആനില്‍നിന്ന് പുറപ്പെടുന്ന ശബ്ദം പിന്തുടര്‍ന്നാണ് പാരായണം. സഹായികളാണ് പത്രങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നത്. തനിക്ക് ശരിയായ കാഴ്ചയുണ്ടെന്ന് സ്ഥാപിക്കാന്‍ സി.സി.ടി.വിയില്‍ നേരത്തേ റെക്കോഡ് ചെയ്തതാണ് പത്രം വായിക്കുന്നതിന്റെയും ടി.വി കാണുന്നതിന്റെയും ദൃശ്യങ്ങള്‍.
നിംഹാന്‍സ് മുതല്‍ മണിപ്പാല്‍ വരെ ബംഗളൂരുവിലെ നിരവധി ആശുപത്രികളില്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സിച്ചു. എന്നാല്‍, തുടര്‍ചികിത്സക്ക് അവസരം ലഭിക്കാത്തതും മറ്റും രോഗങ്ങള്‍ ഭേദമാകാതിരിക്കാന്‍ കാരണമാകുന്നു. ഇടതുകാലിന് മരവിപ്പാണ്, സ്പര്‍ശനശേഷി നഷ്ടപ്പെട്ടു തുടങ്ങി.
നോമ്പെടുക്കുന്നതിനാല്‍ ഇന്‍സുലിന്‍ രാത്രിയാണ് എടുക്കുന്നത്. നോമ്പായതിനാല്‍ വിവിധ രോഗങ്ങള്‍ക്കുള്ള ഗുളികകള്‍ കഴിക്കുന്നതും രാത്രിയാക്കി. പ്രമേഹം നിയന്ത്രണവിധേയമാക്കാനാണ് പ്രധാനമായും വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടത്. മഅ്ദനിക്കിത് ജയിലിലെ 14ാം നോമ്പുകാലമാണ്. ശാരീരിക അവശതകള്‍ക്കിടയിലും സ്വയം ആര്‍ജിച്ചെടുത്ത മാനസിക കരുത്താണ് അദ്ദേഹത്തിന്റെ ശക്തി. അതുകൊണ്ടുതന്നെ റമദാനിലെ ജയില്‍വാസം അനുഗ്രഹമാണെന്നും മഅ്ദനി പറയുന്നു.