ബനുല്‍ മുസ്തലഖ് യുദ്ധംകഴിഞ്ഞ് തിരുനബിയും അനുചരന്മാരും മടങ്ങുകയായിരുന്നു. മദീനയ്ക്കടുത്തുള്ള ഒരിടത്ത് വിശ്രമത്തിനായി അവര്‍ താവളമടിച്ചു. എല്ലാവരും മയക്കത്തിലാണ്ടിരിക്കേ, പ്രവാചകന്റെ ഭാര്യ ആയിശ പ്രാഥമിക കൃത്യങ്ങള്‍ക്കുവേണ്ടി ദൂരെ മാറി. അതിനിടെ അവരുടെ കല്ലുമാല എവിടെയോ കളഞ്ഞുപോയി. മാല നോക്കിനടന്ന് നേരം പോയതറിഞ്ഞില്ല. മടങ്ങിയെത്തിയപ്പോഴേക്കും നബിയും സംഘവും സ്ഥലംവിട്ടിരുന്നു. എത്തുംപിടിയും കിട്ടാതെ അവരവിടെ ഇരിക്കുമ്പോഴുണ്ട്, അതുവഴി സഫ്‌വാനുബ്‌നു മുഅതല്‍ കടന്നുവരുന്നു. ആയിശ ഉണ്ടായ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. സഫ്‌വാന്‍ തന്റെ ഒട്ടകപ്പുറത്ത് കയറ്റി അവരെ മദീനയിലെത്തിക്കുകയും ചെയ്തു.
ആയിശയും സഫ്‌വാനും ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്‌തെത്തിയ സംഭവത്തെക്കുറിച്ച് മദീനയില്‍ മുറു മുറുപ്പുകളുയര്‍ന്നു. ആയിശ പ്രവാചക പത്‌നിയാണ്; പ്രവാചകന്റെ ഏറ്റവും പ്രിയ മിത്രമായ അബൂബക്കറിന്റെ പുത്രിയാണ്. അതൊന്നും കണക്കിലെടുക്കാതെ, സഫ്‌വാനെയും ആയിശയെയും ചേര്‍ത്തുകെട്ടിയ അപവാദപ്രചാരണം തീപോലെ പടര്‍ന്നു. ഒടുവില്‍, ഈ വ്യാജാരോപണം ചമച്ചവരെക്കുറിച്ച് നബിതിരുമേനിക്ക് വെളിപാടുണ്ടായി. ആ കുപ്രചാരകരെ അദ്ദേഹം അനുയായികള്‍ക്കു മുമ്പാകെ തുറന്നുകാട്ടുകയും ചെയ്തു. ആ കുടുംബത്തിലെ പ്രമുഖനായിരുന്നു മിസ്തഹ്.
ദുരാരോപണം ഉന്നയിച്ചവരില്‍ മിസ്തഹിന്റെ പേര് കണ്ടപ്പോള്‍ അബൂബക്കറും ആയിശയും ഞെട്ടി. കാരണം, ദരിദ്രനായ മിസ്തഹ്, അബൂബക്കറിന്റെ കാരുണ്യത്തില്‍, അദ്ദേഹത്തിന്റെ സഹായങ്ങള്‍ പറ്റി ജീവിച്ചുവരുന്ന ഒരു ദരിദ്രനായിരുന്നു. അത് അബൂബക്കറിന് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. പ്രവാചകനെയും തന്റെ മകളെയും സമൂഹമധ്യത്തില്‍ ഇകഴ്ത്താന്‍ ഗൂഢാലോചന നടത്തിയവരില്‍ താന്‍ അന്നം കൊടുത്തുവളര്‍ത്തുന്ന ഒരാളുണ്ടെന്നറിഞ്ഞാല്‍ അദ്ദേഹത്തിന് എങ്ങനെ പൊറുക്കാനാകും? ഇനി മേലില്‍ ഒരു സഹായവും മിസ്തഹിന് നല്‍കില്ലെന്ന് അബൂബക്കര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ അബൂബക്കറിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ഖുര്‍ആന്‍ വചനം അവതീര്‍ണമായി: ‘നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും അഗതികള്‍ക്കും ദൈവമാര്‍ഗത്തില്‍ പാലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം ചെയ്യില്ലെന്ന് ശപഥമെടുക്കരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. ദൈവം നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ദൈവംതമ്പുരാന്‍ ഏറെ പൊറുക്കുന്നവനും പരമ കാരുണികനുമാണ്’ (24:22) പിന്നെ, ഒട്ടും വൈകിയില്ല. ശപഥം പിന്‍വലിച്ച് മിസ്തഹിന് നല്‍കിവന്ന സഹായധനങ്ങള്‍ പുനരാരംഭിച്ചു. നബിതിരുമേനി അബൂബക്കറിനെ ശ്ലാഘിക്കുകയും ചെയ്തു.
കടപ്പാട്: മാതൃഭൂമി