ദൈവ ഭവനത്തില്‍ വിരുന്ന് പാര്‍ക്കാനെത്തുന്ന വിശ്വാസി, ശ്രേഷ്ടിയായ മുഹമ്മദിന്റെ അനന്തര കാംക്ഷിയാണ്. ജാഹിലിയ്യത്തിനാല്‍ മേഘാവൃതമായ മക്കയിലെ സാത്വികനായ യുവാവ്, ചുറ്റുപാടിന്റെ മ്ലേഛതയിലും മൃഗീയതയിലും അന്തക്കേടിലും മനം മടുത്ത് ഏകാന്തനായി ഒരു മലമുകളില്‍ ധ്യാനിക്കുന്നു. പരിശുദ്ധമായ ആ ഹൃദയത്തിലേക്ക് പരിശുദ്ധ വചനങ്ങള്‍ ഒഴുകുകയായി. ചരിത്രത്തിലെ യുഗപുരുഷന്മാരുടെ ശീലമായിരുന്നു ധ്യാനവും ഏകാന്തതയും.
ഇഅ്തികാഫ് മനുഷ്യനില്‍ കഴുതയും മലക്കും ഉള്ളതായി റൂമി പറയുന്നുണ്ട്. സന്യാസമോ അതിരുവിട്ട ഭൗതികപ്രമത്തതയോ അംഗീകരിക്കാത്ത ഇസ്‌ലാം മനുഷ്യന്റെ ആത്മീയഭൗതിക വാജ്ഞകളെ പരിഗണിക്കുന്നു. ഭൗതിക വിരക്തിയിലും ദൈവസാന്നിധ്യത്തിലും ദിനരാത്രങ്ങള്‍ കഴിച്ച് കൂട്ടുന്ന വിശ്വാസി നേരിട്ട് പ്രവേശിക്കുന്നത് തക്ബീറുകള്‍ നിറഞ്ഞ പെരുന്നാളാഘോഷങ്ങളിലേക്കാണ്.
ചടഞ്ഞിരിക്കുക, ഒരു കാര്യം സ്ഥിരമായി അനുഷ്ഠിക്കുകയും മനസ്സില്‍ ധ്യാനിക്കുകയും ചെയ്യുക തുടങ്ങിയ ഭാഷാര്‍ത്ഥങ്ങളാണ് ഇഅ്തികാഫിനുള്ളത്. ദൈവം തമ്പുരാന്റെ പ്രീതിയും പ്രതിഫലവും സാമീപ്യവും കാംക്ഷിച്ച് ദൈവഭവനത്തില്‍ സ്വന്തത്തെ തടഞ്ഞ് വെക്കുന്നതിനാണ് ഇസലാമിന്റെ സാങ്കേതിക ഭാഷയില്‍ ഇഅ്തികാഫ് എന്ന് പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണം, അല്ലാഹുവെക്കുറിച്ച സ്മരണകള്‍, നമസ്‌കാരം, പ്രാര്‍ത്ഥനകള്‍, സുജൂദുകള്‍ തുടങ്ങിയ ആത്മിയ വ്യവഹാരങ്ങളുമായി കൂടുന്ന വിശ്വാസിക്ക് അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കുന്നതിന്നും പ്രവര്‍ത്തിക്കുന്നതിനും വിലക്കില്ല. ജാഹിലിയ്യാ കാലം മുതലെ ഉള്ള ഒരു ആരാധനാ കര്‍മമാണ് ഇഅ്തികാഫ്. നോമ്പെടുത്തും അല്ലാതെയും ഇഅ്തികാഫ് ഇരുക്കാമെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ പ്രവാചകന്‍(സ) ഇഅ്തികാഫിനായി തെരഞ്ഞെടുത്തത് റമദാനായിരുന്നു. അതിനാല്‍ ഇസ്‌ലാമിക ലോകം ഇഅ്തികാഫിനെ റമദാനുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്.
പ്രവാചകന്‍(സ) തന്റെ ജീവിതാന്ത്യം വരെ നിലനിര്‍ത്തിപ്പോന്ന സുന്നത്താണിത്. ‘റസൂല്‍(സ) ഒടുവിലത്തെ പത്തുനാളുകളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുമായിരുന്നു. അവസാന വര്‍ഷത്തിലദ്ദേഹം ഇരുപത് ദിവസം അതനുഷ്ഠിച്ചിരുന്നു.’ (ബുഖാരി) പ്രവാചകന്‍ തിരുമേനി(സ)യുടെ വിയോഗത്തിന് ശേഷവും അവിടത്തെ പത്‌നിമാരും ഇഅ്തികാഫ് അനുഷ്ഠിച്ചത് സ്ത്രീകള്‍ക്ക് ഇഅ്തികാഫിരിക്കാമെന്നതിന് തെളിവാണ്. സ്ത്രീകള്‍ക്ക് ഇഅ്തികാഫിരിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണമെന്ന് മദ്ഹബിന്റെ പണ്ഡിതന്മാര്‍ ഉദ്ദരിക്കുന്നുണ്ട്. ഒരിക്കല്‍ അനുവാദം നല്‍കിയ ശേഷം പിന്നീട് തടയുന്നത് അനുവദനീയമല്ല എന്ന് ഇമാം മാലിക് അഭിപ്രായപ്പെടുന്നു.
ഇഅ്തികാഫിരിക്കേണ്ടത് അല്ലാഹുവിന്റെ ഭവനങ്ങളിലാണ്. ജുമുഅ നടക്കുന്ന പള്ളികളിലേ പാടുള്ളൂവെന്നും, ജമാഅത്ത് നമസ്‌കാരം നടക്കുന്ന പള്ളികളിലും അനുവദനീയമാണ് എന്നും കര്‍മശാസ്ത്ര മദ്ഹബുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീകള്‍ വീട്ടിലെ നമസ്‌കാര മുറികളില്‍ ഇഅ്തികാഫ് ഇരിക്കാവതല്ല. നബി തിരുമേനി(സ)യുടെ പത്‌നിമാര്‍ മസ്ജിദുന്നബവിയിലായിരുന്നു ഭജനമിരുന്നത്.
പ്രവാചകന്‍ തിരുമേനി(സ) ഇഅ്തികാഫ് ഉദ്ദേശിച്ചാല്‍ രാത്രിതന്നെ പള്ളിയില്‍ എത്തുകയും സുബ്ഹി നമസ്‌കാരാനന്തരം ഇഅ്തികാഫിന്റെ സ്ഥാനത്ത് പ്രവേശിക്കുകയുമായിരുന്നു. ഒരിക്കല്‍ നബി(സ) ഇഅ്തികാഫിരിക്കാന്‍ തീരുമാനിക്കുകയും അതിന് സ്ഥലം സജ്ജീകരിക്കാന്‍ കല്‍പിക്കുകയും ചെയ്തതായി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നവരാണ്. ഇഅ്തികാഫിരിക്കുന്നവര്‍ക്ക് ഏകാന്തരായി ഒഴിഞ്ഞിരിക്കാന്‍ വേണ്ടി സ്ഥലം തെരഞ്ഞെടുക്കുകയും മറകെട്ടുകയും ചെയ്യുന്നത് അഭികാമ്യമാണ് എന്ന് റസൂലിന്റെ ചര്യയില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് ബുദ്ധിമിട്ടില്ലാത്ത രീതിയില്‍ ആയിരിക്കണം. ഏകാന്തത ലഭിക്കുന്നതിന് ഇതാണ് ഉത്തമം. ഇഅ്തികാഫ് നിയ്യത്ത് വെച്ച് തുടങ്ങിയാലും ഇടക്ക് വെച്ച് അവസാനിപ്പിക്കാമെന്ന് ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നിന്ന് മനസ്സിലാവുന്നു.
നബി തിരുമേനി(സ) ഇഅ്തികാഫിലായിരിക്കെ, തന്റെ അടുത്തുണ്ടായിരുന്ന ഭാര്യ സ്വഫിയ്യയെ തിരിച്ചയക്കാന്‍ ഉസാമത് ബിന്‍ സൈദിന്റെ വീട്ടിലേക്ക് വന്നതായി സ്വഫിയ്യ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അത് പോലെ അനിവാര്യമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും റസൂല്‍(സ) പുറത്ത്‌പോയതായി ഹദീസുകളില്‍ കാണാം. എന്നാല്‍ പള്ളിയോട് ചേര്‍ന്ന് പ്രാഥമികാവശ്യ നിര്‍വഹണത്തിനുള്ള സൗകര്യങ്ങളുണ്ടെങ്കില്‍ അവിടെത്തന്നെ നിര്‍വഹിക്കലാണ് ഉത്തമമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
മുടി ചീകുക, തലവടിക്കുക, നഖം മുറിക്കുക, ദേഹം വൃത്തിയാക്കുക, നല്ല വസ്ത്രങ്ങള്‍ ധരിക്കുക, സുഗന്ധം പൂശുക തുടങ്ങിയ കാര്യങ്ങളും അനുവദനീയമാണ്. ‘നബി(സ) ഇഅ്തികാഫിലായിരിക്കുമ്പോള്‍, മുറിയുടെ വിടവിലൂടെ അദ്ദേഹത്തിന്റെ ശിരസ്സ് എനിക്ക് നീട്ടിത്തരുമായിരുന്നു. ഞാന്‍ ഋതുമതിയായിരിക്കെ അദ്ദേഹത്തിന്റെ ശിരസ്സ് കഴുകിക്കൊടുക്കുകയും ചെയ്യുമായിരുന്നു.’ എന്ന് ആഇശ(റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഇശ(റ) റിപ്പോര്‍ട്ട് ചെയ്ത രണ്ട് വ്യത്യസ്ത ഹദീസുകളില്‍ അദ്ദേഹം രോഗസന്ദര്‍ശനം നടത്തിയിരുന്നതായും നടത്താത്തതായും പ്രസ്താവിക്കുന്നു. രോഗം ഗുരുതരമല്ലെങ്കില്‍ സന്ദര്‍ശിക്കാതിരിക്കുകയും, ഗുരുതമായാല്‍ സന്ദര്‍ശിക്കുകയും ചെയ്തുവെന്നതാണ് ഇവ നല്‍കുന്ന സൂചനയെന്ന് ഇമാം മൗദൂദി അഭിപ്രായപ്പെടുന്നു. ആഇശ(റ) പറഞ്ഞതായി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ‘ഒരുവന്‍ ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ ജുമുഅയിലും മയ്യിത്ത് സംസ്‌കരണത്തിലും പങ്കെടുത്ത് കൊള്ളട്ടെ. രോഗിയെ സന്ദര്‍ശിക്കട്ടെ. വീട്ടുകാരെ തന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നതിന് അവിടേക്ക് പോയിക്കൊള്ളട്ടെ’. രോഗ സന്ദര്‍ശനത്തനും മറ്റും പുറത്തിറങ്ങിയാല്‍ തന്നെ വഴിയില്‍ മറ്റൊന്നിനും വേണ്ടി സമയം ചെലവഴിച്ചിരുന്നില്ല.
പള്ളിയില്‍ വെച്ച് തന്നെ അന്നപാനീയങ്ങള്‍ കഴിക്കലും ഉറങ്ങലും അനുവദനീയമാണ്. പള്ളിയുടെ വൃത്തിയും വെടിപ്പും സംരക്ഷിച്ച് കൊണ്ടും പവിത്രത കാത്ത് സൂക്ഷിച്ച് കൊണ്ടുമായിരിക്കണം അവ ചെയ്യുന്നത്. പള്ളിയില്‍ വെച്ച് തന്നെ വിവാഹം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയും നടത്താവുന്നതാണ്.
അത്യാവശ്യങ്ങള്‍ അവയുടെ പ്രാധാന്യമനുസരിച്ച് പള്ളിക്കുള്ളിലെ പുറത്തോ വെച്ച് നിര്‍വഹിക്കാമെന്ന് ചുരുക്കം. ഇഅ്തികാഫിന്റെ നൈരന്തര്യം സുപ്രധാനമാണ്. വല്ലവിധേനയും മുറിഞ്ഞ് പോകുന്ന പക്ഷം നിയ്യത്ത് പുതുക്കേണ്ടതാണ്.
അസാധുവാകുന്നതെങ്ങനെ?
1. അനാവശ്യമായി പള്ളിയില്‍ നിന്ന് പുറത്ത് പോവുക, അതെത്ര കുറഞ്ഞ നേരത്തേക്കാണങ്കിലും ശരി. പള്ളിയില്‍ വസിക്കുകയെന്നത് ഇഅ്തികാഫിന്റെ പ്രധാന ഘടകമാണ്.
2. മതപരിത്യാഗം. അല്ലാഹു പറയുന്നു ‘നീ ബഹുദൈവത്വം സ്വീകരിച്ചാല്‍ നിന്റെ കര്‍മങ്ങള്‍ നശിച്ചത് തന്നെ.’
3. ലഹരിയോ, ഭ്രാന്തോ മൂലം ബുദ്ധി നഷ്ടപ്പെടുക, ആര്‍ത്തവമുണ്ടാവുക, പ്രസവരക്തം സ്രവിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍.
4. സംഭോഗം. അല്ലാഹു പറഞ്ഞു ‘നിങ്ങള്‍ പള്ളികളില്‍ ഉപവാസകരായിരിക്കെ അവരോട് അടുക്കരുത്.’ ചുംബിക്കുന്നതിനും സ്പര്‍ശിക്കുന്നതിനും പ്രശ്‌നമില്ല.
5. ഇഅ്തികാഫിന്റെ നിയ്യത്തുകളായ ഭൗതിക പരിത്യാഗം, ജനങ്ങളുമായി വിട്ട്‌നില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍മാത്രമല്ല, കച്ചവടം, സംഭോഗം തുടങ്ങിയ അനുവദനീയ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്ത് പോവുന്നതും ഇഅ്തികാഫിനെ അസാധുവാക്കും എന്ന് അഭിപ്രായമുണ്ട്.
ഇഅ്തികാഫ് ഒരു പ്രബലമായ സുന്നത്താണെങ്കിലും അത് നിര്‍ബന്ധമല്ല എന്ന് തെളിയിക്കുന്നതിനായി പ്രവാചകന്‍ ഒരു വര്‍ഷം ഇഅ്തികാഫ് അനുഷ്ഠിച്ചില്ല. എന്നാലും ഭൗതിക കെട്ടുപാടുകളില്‍ പിണഞ്ഞിരിക്കുന്ന ജീവിത ചുറ്റുപാടുകളില്‍ നിന്ന് ശാന്തിതേടി ലോകനാഥന്ന് മുന്നില്‍ ഭജനമിരിക്കുന്ന ദിനരാത്രങ്ങളാണ് ഇഅ്തികാഫ്. ഇഅ്തികാഫിന്റെ സമയത്ത് അയാള്‍ പുറത്തായിരുന്നെങ്കില്‍ ചെയ്യുമായിരുന്ന നന്മകള്‍ കൂടി അയാളുടെ പേരില്‍ എഴുതപ്പെടും. പുറത്താവുമ്പോള്‍ സംഭവിക്കുമായിരുന്ന തെറ്റുകള്‍ എഴുതപ്പെടുകയുമില്ല. പ്രീതിയും, പ്രതിഫലവും മോഹിച്ച് ദൈവം തമ്പുരാന്റെ ഉമ്മറപ്പടിയില്‍ വീണ്കിടക്കുന്ന ദാസന് രാജാധിരാജന്‍ തൃപ്തിപ്പെട്ട് നല്‍കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താന്‍ എന്ത് ന്യായമാണുള്ളത്?