നോമ്പുകാരന്റെ ശരീരത്തില്‍ നിന്നും ചികിത്സാവശ്യാര്‍ഥം കൊമ്പുവെക്കുന്നതുമൂലം നോമ്പ് ദുര്‍ബലമാകാത്തതു പോലെ സമാനമായ കാരണത്താല്‍ ശരീരത്തില്‍ നിന്നു രക്തം പുറത്തെടുക്കുന്നതു മൂലം നോമ്പ് ദുര്‍ബലമാകുകയില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് നോമ്പുകാരന്‍ പരിശോധനക്ക് വേണ്ടിയോ മറ്റുളളവര്‍ക്ക് ദാനമായി നല്‍കാനോ വേണ്ടി ശരീരത്തില്‍ നിന്നും രക്തമെടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ രക്തം നല്‍കുന്നതുമൂലം നോമ്പു പൂര്‍ത്തീകരിക്കാനാവാത്ത തരത്തില്‍ ക്ഷീണമുണ്ടാകുമെന്ന് ഭയപ്പെടുകയാണെങ്കില്‍ രക്തം നല്‍കുന്നത് അഭികാമ്യമല്ല, എന്നാല്‍ നിര്‍ബന്ധാവസ്ഥയില്‍ അതുമൂലം നോമ്പുമുറിക്കേണ്ടിവന്നാലും രക്തം നല്‍കാവുന്നതാണ്. സൂക്ഷ്മത കാരണം നോമ്പുള്ള അവസ്ഥയില്‍ കൊമ്പു വെക്കുന്നത് പ്രവാചകന്‍(സ) അരോചകമായി കണ്ടിരുന്നു. അധികമാളുകള്‍ക്കും കൊമ്പുവെച്ചതിന് ശേഷം നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതിനാല്‍ ‘കൊമ്പുവെച്ചവനും വെക്കപ്പെട്ടവനും നോമ്പു മുറിച്ചിരിക്കുന്നു’ എന്നു പ്രവാചകന്‍ സൂചന നല്‍കിയതായി കാണാം.( നസാഇ, ഇബ്‌നു മാജ)
നോമ്പുകാരന് കൊമ്പുവെക്കുന്നത് നിങ്ങള്‍ വെറുക്കുന്നുവോ എന്ന് അനസ് ബിന്‍ മാലിക്(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. ഇല്ല, ദുര്‍ബലരെ പരിഗണിച്ചാണ് അത്തരത്തില്‍ പ്രസ്താവിച്ചത്.(ബുഖാരി). അബ്ദുല്ലാഹി ബ്‌നു ഉമര്‍ നോമ്പുകാരനായിരിക്കെ കൊമ്പുവെച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു. (മാലിക്)