1. അയാള്‍ക്ക് പകരം അനന്തരാവകാശി വ്രതമെടുക്കുക. ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘വ്രത ബാധ്യതയോടുകൂടി മരണപ്പെട്ടവന് പകരമായി അയാളുടെ അനന്തരാവകാശി വ്രതമെടുക്കേണ്ടതാണ്.(ബുഖാരി) ബസ്സാറിന്റെ റിപ്പോര്‍ട്ടില്‍ ‘അയാള്‍ ഉദ്ദേശിച്ചെങ്കില്‍’ എന്നു കൂടിയുണ്ട്.
മരണപ്പെട്ടവന് വേണ്ടി അനന്തരാവകാശി വ്രതമെടുക്കുകയെന്നത് ഒരു പുണ്യകര്‍മമെന്ന നിലക്കാണ്. അയാള്‍ക്കത് നിര്‍ബന്ധമില്ല.
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘ഒരാള്‍ നബി(സ)യെ സമീപിച്ച് ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ മാതാവ് ഒരു മാസത്തെ നോമ്പ് നോറ്റ് വീട്ടാനുണ്ടായിരിക്കെ മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടി ഞാനത് നോറ്റുവീട്ടട്ടെയോ? തിരുമേനി(സ) പറഞ്ഞു: ‘അതെ’, വീട്ടാന്‍ കൂടുതല്‍ അര്‍ഹമായിട്ടുള്ളത് അല്ലാഹുവിനുള്ള കടമാണ്’.
പുണ്യത്തിന്റെയും ചാര്‍ച്ചയുടെയും പേരിലല്ലാതെ ഒരാളും മറ്റൊരാളുടെ കടം വീട്ടാന്‍ ബാധ്യസ്ഥനല്ല എന്ന കാര്യം സുവിദിതമാണല്ലോ. ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരിക്കുക എന്നതാണടിസ്ഥാനം. അതിനാല്‍ തന്നെ മറ്റൊരാളുടെ മേല്‍ സ്ഥിരപ്പെട്ട ബാധ്യത നിര്‍വഹിക്കാന്‍ ഉത്തരവാദത്തപ്പെട്ട ഒരാളും തന്നെ നിയമദൃഷ്ട്യാ ബാധ്യസ്ഥനല്ല. മരണപ്പെട്ടവന് വേണ്ടി വ്രതമെടുക്കുന്നത് നിര്‍ബന്ധമാണെന്നതല്ല, അനുവദനീയമാണെന്നതാണ് ശരി. അത് മുഖേന, മരണപ്പെട്ടവന്‍ തന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നൊഴിവാകുകയും ചെയ്യും.
2. അയാള്‍ക്കു വേണ്ടി ആഹാരം നല്‍കുക. അയാളുടെ അനന്തര സ്വത്തില്‍ നിന്ന് അയാള്‍ക്ക് നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരം അഗതിക്ക് നല്‍കേണ്ട ആഹാരം നിര്‍ബന്ധമായും മാറ്റിവെക്കണം. കാരണം തന്റെ അനന്തര സ്വത്തുമായി ബന്ധപ്പെട്ട അല്ലാഹുവിനുള്ള കടമാണത്. അല്ലാഹുവിനുള്ള കടമാണ് വീട്ടാന്‍ കൂടുതല്‍ അര്‍ഹമായിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ മരണപ്പെട്ട വ്യക്തി വസിയ്യത്ത് ചെയ്തിരിക്കണമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ചിലര്‍ ഉപാധി വെച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം അയാളുടെ അനന്തര സ്വത്തില്‍ നിന്ന് യാതൊന്നും നീക്കിവെക്കാവതല്ല. കാരണം അത് അനന്തരാവകാശികളുടെ അവകാശമാണ്.
വസിയ്യത്തും കടബാധ്യതയും കഴിഞ്ഞേ അനന്തരാവകാശികള്‍ക്ക് അവകാശം ലഭിക്കുകയുള്ളൂ എന്നാണ് ശരിയായ വീക്ഷണം. ഇതാകട്ടെ കടവും അയാളുടെ ധനത്തില്‍ അഗതികള്‍ക്കുള്ള അവകാശവുമാണ് താനും.