പാപമോചനം ആവശ്യമില്ലാത്തവരുണ്ടാവില്ല. മനുഷ്യകുലത്തിന് (ആദമിന്) നല്‍കിയ ഒന്നാമത്തെ നിരോധം ലംഘിച്ച് കൊണ്ടാണ് അവന്‍ ജീവിതം ആരംഭിക്കുന്നത്. കര്‍മം, വാക്ക്, കാഴ്ച, കേള്‍വി, ചിന്ത എന്നിവയിലൂടെയെല്ലാം അരുതായ്മകള്‍ സംഭവിക്കുന്നവരാണല്ലോ മനുഷ്യന്‍. സാത്വികനായ ഒരാള്‍ സ്വന്തം ജീവിതത്തിലെ പാപങ്ങള്‍ കണക്കാക്കി നോക്കിയ ഒരു സംഭവമുണ്ട്. ദിവസം ഏതെങ്കിലും തരത്തില്‍ ഒരു പാപം സംഭവിച്ചുപോകുന്നു എന്ന് വിചാരിക്കുക. എങ്കില്‍ അറുപത് വയസ്സ് ജീവിക്കുന്ന ഒരാള്‍ അയാളുടെ ആയുസില്‍ 365×60=21900 പാപങ്ങള്‍ ചെയ്യുന്നു. 21900 പാപങ്ങളുമായി അല്ലാഹുവനെ കണ്ടുമുട്ടുന്ന ഒരാള്‍ക്ക് എങ്ങനെയാണ് പ്രവാചകന്‍മാരും ശുഹദാക്കളും സ്വാലിഹുകളും പ്രവേശിക്കുന്ന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവുക. ഇങ്ങനെയാണ് ആ സാത്വികന്‍ ജിവിതത്തെ വിലയിരുത്തിയത്. പരദൂഷണം, ഏഷണി, കളവ്, അരുതാത്ത് കാണുക, കേള്‍ക്കുക, മോശമായ ചിന്തകള്‍, സഹോദരനെ കുറിച്ച ചീത്ത വിചാരങ്ങള്‍, അനാവശ്യമായ കാര്യങ്ങളില്‍ വിഹരിക്കുക… തുടങ്ങിയ പലതരത്തിലുള്ള പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും എല്ലാ ദിവസത്തെയും മുക്തമാക്കുക ശ്രമകരമായ കാര്യമാണ്. ഈ ആലോചന പാപമുക്തി നമുക്ക് എത്രമാത്രം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി തരും.
റമദാനിലെ ശ്രേഷഠമായ ദിനങ്ങളില്‍ പാപമോചനത്തിന്റെ വഴികള്‍ നാം പ്രയോജനപ്പെടുത്തണം. പാപമോചനത്തിന്‍ വേണ്ടി തയ്യാറാക്കിയ സന്ദര്‍ഭങ്ങളെ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പാപങ്ങള്‍ പൊറുത്ത് കിട്ടാന്‍ വ്യത്യസ്തവഴികളുണ്ട്.
1) പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുക. പാപമോചനം തേടുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടകരമായി കാര്യമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. ദൈവികമായ സംരക്ഷണ വലയത്തില്‍ ജിവിച്ച പ്രവാചകന്‍മാര്‍ നിരന്തരമായി പശ്ചാതപിക്കുന്നവരായിരുന്നു. അവരുടെ പശ്ചാതാപത്തിന്റെ ചില സന്ദര്‍ഭങ്ങളും പ്രാര്‍ത്ഥനാ വാക്യങ്ങളും മാതൃകയെന്നോണം ഖുര്‍ആന്‍ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
പാപമോചനത്തിനുള്ള അര്‍ത്ഥനകന്‍ സ്വീകിരിക്കാന്‍ കുടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തുക. രാത്രിയുടെ അന്ത്യ യാമങ്ങള്‍, ഇബാദത്തുകള്‍ നിര്‍വഹിച്ചതിന് ശേഷം, നമസ്‌കാരം പ്രിതീക്ഷിച്ചിരിക്കന്ന സന്ദര്‍ഭങ്ങള്‍ എന്നിവ അത്തരം അവസരങ്ങള്‍ ചിലതാണ്. പ്രവാചകന്‍(സ) പഠിപ്പിച്ച വാക്യങ്ങള്‍ ധാരാളമായി വര്‍ധിപ്പിക്കാനും നമുക്ക് സാധ്യമാവണം. അബ്ദുല്ലാഹിബ്‌നും ബുസ്‌റ് (റ) പറയുന്നു. ആരുടെ കര്‍മ്മ പുസ്തകത്തിലാണോ ധാരാളമായി പാപമോചന പ്രാര്‍ത്ഥനയുള്ളത് അവന് ആശംസകള്‍ എന്ന് നബി(സ) പറയുന്നതായി ഞാന്‍ കേട്ടു.
2) ആരാധനാകര്‍മങ്ങള്‍ പാപം പൊറുക്കുന്നതിനുള്ള കാരണങ്ങളാണ്. നിര്‍ബന്ധ നമസ്‌കാരവും ജുമുഅയും ഉംറയും മറ്റും അവക്കിടയിലെ പാപങ്ങള്‍ മായ്ച്ചുകളയുമെന്ന് തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കുന്നവന്‍ അഞ്ച് നേരവും പുഴയില്‍ കുളിക്കുന്നവന്റെ ശരീരം അഴുക്കില്‍ നിന്നെന്ന പോലെ പാപങ്ങളില്‍ നിന്ന് മുക്തമായിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. അതിനാല്‍ പാപം പൊറുക്കാന്‍ അല്ലാഹു പ്രത്യേകം സജ്ജമായി നില്‍കുന്ന റമദാനില്‍ ആരാധനാ കര്‍മ്മങ്ങള്‍ അധികരിപ്പിക്കാന്‍ നമുക്കാവണം.
3) സര്‍കര്‍മ്മങ്ങളും സ്വദഖകളും പാപങ്ങള്‍ മായ്ച്ചുകളയും. നന്മകള്‍ തിന്‍മകളെ തേച്ച്മായ്ചുകളയുമെന്ന്. (ഹൂദ്: 114) അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. സല്‍കര്‍മ്മങ്ങളില്‍ തന്നെ ദാനധര്‍മ്മങ്ങള്‍ക്ക് ഈ രംഗത്ത് പ്രത്യേക പാധാന്യമാണുള്ളത്. സ്വദഖകള്‍ ദുഷ്‌ചെയ്തികളെ മറച്ചുകളയുമെന്നും (അല്‍ബഖറ: 271) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ പാപം പൊറക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്നത് കരണീയമത്രെ. വിശിഷ്യാ ദാനധര്‍മ്മങ്ങള്‍.
4) ജനങ്ങളോട് വിട്ടിവീഴ്ചാ മനോഭാവത്തോടെ പെരുമാറുന്നവന് അല്ലാഹു പോറുത്തുകൊടുക്കും. അല്ലാഹു പറഞ്ഞു. അവര്‍ക്ക് മാപ്പുകൊടുക്കയും വിട്ടുവീഴ്ച ചെയ്യുയകയുമാണ് വേണ്ടത്. അല്ലാഹു നിങ്ങള്‍ പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ. (അന്നൂര്‍:22). പ്രവാചകന്‍(സ) പറഞ്ഞു. നീ ഏവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മകള്‍ സംഭവിച്ചാല്‍ അതിനെ തുടര്‍ന്ന് നന്മ ചെയ്യുക. കരണം നന്മ തിന്‍മയെ മായ്ചുകളയും ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക (തിര്‍മിദി). ഇതരരുടെ ഭാഗത്ത് നിന്ന് സംഭവിച്ച തിന്മകള്‍ പരസ്യപ്പെടുത്താതിരിക്കുന്നവന്റെ പാപം അല്ലാഹു പരലോകത്ത് മറച്ച് വെക്കുമെന്ന് പ്രവാചകനും പഠിപ്പിച്ചിരിക്കുന്നു.
ഇവകൂടാതെ മാതാപിതാക്കളെ പരിചരിക്കല്‍, മൃഗങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കല്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍ പാപമോചനത്തിന്റെ വഴികളായി പ്രവാചകന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ സംഭവിച്ചു പോയ പാപങ്ങളില്‍ നിന്ന് മുക്തമാകാന്‍ നമുക്ക് സാധ്യമാകും. പാപങ്ങളെ അവഗണിക്കുന്നത് വന്‍പരാചയത്തിന് കാരണമാവകയാണ് ചെയ്യുക.