സ്രഷ്ടാവുമായുള്ള ബന്ധം, സമസൃഷ്ടികളുമായുള്ള ബന്ധം, പ്രപഞ്ചവുമായുള്ള ബന്ധം എന്നീ മൂന്ന് ബന്ധങ്ങളാണ് അല്ലാഹു മനുഷ്യര്‍ക്ക് നിര്‍ണ്ണയിച്ചു തന്നിട്ടുള്ളത്. ഈ മൂന്ന് കര്‍മങ്ങളെയും പരസ്പരം ശക്തിപ്പെടുത്തുന്നതാണ് ഇസ്‌ലാമിലെ എല്ലാ ആരാധനകര്‍മങ്ങളും. അല്ലാഹുവുമായുള്ള ബന്ധം ഒരേ പോലെയല്ല എല്ലാവരും അനുഭവിച്ചറിയുന്നതും നേടിയെടുക്കുന്നതും. നമ്മുടെ ശരീരം മണ്ണുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മണ്ണ് നമ്മുടെ പാദത്തേക്കാള്‍ താഴെയാണുള്ളത്. അത് എപ്പോഴും മനുഷ്യനെ പിടിച്ചുവലിച്ചുകൊണ്ടിരിക്കുക സ്വാഭാവികമായും കീഴ്‌പ്പോട്ടേക്കും പതനത്തിലേക്കുമായിരിക്കും. മനുഷ്യന്റെ മനസ്സും ഇഛകളും അവനെ പലപ്പോഴും പാപത്തിലേക്ക് പ്രേരിപ്പിച്ചുകൊണ്ടിരിക്കും എന്ന് യൂസുഫ് നബി (അ) പറഞ്ഞതും അതുകൊണ്ടുതന്നയാണ്. അനിയന്ത്രിതമായാണ് ശാരീരികേഛകളെ മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ അവന്‍ ജന്തുസമാനനായിരിക്കും. അതിനെ നിയന്ത്രിക്കുന്നിടത്താണ് മനുഷ്യന്‍ മാനവികമായി ഉയരുന്നത്. അതിനെ എത്രത്തോളം സംസ്‌കരിക്കുന്നു എന്നതിനനുസൃതമായാണ് മനുഷ്യമനസ്സിന്റെ സംസ്‌കരണവും ആത്മാവിന്റെ വിശുദ്ധിയും സാധ്യമാകുന്നത്.
നമ്മുടെ ശരീരം മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഒട്ടേറെ പരിമിതികളുണ്ടതിന്. ഇവിടെ നിന്നും ഡല്‍ഹിയിലേക്കോ മക്കയിലേക്കോ എത്തണമെങ്കില്‍ നിരവധി മണിക്കൂറുകള്‍ താണ്ടേതുണ്ട്. എന്നാല്‍ നമ്മുടെ മനസ്സിന് ഇത്തരം പരിമിതകള്‍ ഇല്ല, ഇവിടെയിരുന്ന് കൊണ്ട് മാനസികമായി ആഗ്രയിലെത്തി താജ്മഹല്‍ കാണാനും മക്കയിലെത്തി ഹജ്ജ് നിര്‍വഹിക്കാനും നമുക്ക് സാധിക്കുന്നു. അപരിമിതമായ മനസ്സിനെ അഭൗതിക ലോകത്തേക്കയക്കുന്ന മൂന്ന് സന്ദര്‍ഭങ്ങളുണ്ട്. നമസ്‌കാര വേള, വിശുദ്ധ ഖുര്‍ആന്റെ പാരായണ വേള, ദിക്‌റുകളുടെയും പ്രാര്‍ഥനകളുടെയും സന്ദര്‍ഭവുമാണത്. മൗനം കൊണ്ടും വാചികമായും അഭൗതിക ലോകത്തേക്ക് സഞ്ചരിക്കുന്ന സന്ദര്‍ഭങ്ങളാണത്. അപ്പോള്‍ അല്ലാഹുവിന്റെ സന്നിധാനത്തിലെത്തി ആവലാതികള്‍ ബോധിപ്പിച്ചും സംവദിച്ചും അവനെ അനുഭവിച്ചറിയാന്‍ നമുക്ക് സാധിക്കുന്നു. ഭൂമിയില്‍ വെച്ച് സ്വര്‍ഗ-നരകങ്ങളെ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന നിമിഷങ്ങളാണ് വിശുദ്ധ ഖുര്‍ആന്റെ പാരായണവേള. സ്ഫടിക സമാനമായ സ്വര്‍ഗത്തിലെ വെള്ളവും ചേതോഹരമായ തോട്ടങ്ങളും നദികളുടെ കളകളാരവവും ഖുര്‍ആന്‍ പാരായണ വേളയില്‍ നമുക്ക് അകക്കണ്ണുകൊണ്ട് അനുഭവിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. അപ്രകാരം ഭൂമിയില്‍ വെച്ച് സ്വര്‍ഗം അനുഭവിച്ചറിയാനും അവിടെയെത്താനുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിനെ അടക്കിഭരിക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസി ആഹ്ലാദമനുഭവിക്കുന്നതും ജീവിതത്തില്‍ ഉന്നതങ്ങളിലെത്തുകയും ചെയ്യുന്നത്.
അല്ലാഹുവുമായുള്ള ബന്ധം എത്രത്തോളം സുദൃഢവും സുശക്തവുമാകുന്നുവോ തദനുസൃതമായി സമസൃഷ്ടികളും പ്രപഞ്ചവുമായുള്ള ബന്ധവും സുദൃഢമാകുന്നു. ആരാധന കര്‍മങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള മാനുഷികമായ മുഖം നമുക്ക് കാണാം. ആരാധനകര്‍മങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ വിവരണം ശ്രദ്ദേയമാണ്. നമസ്‌കാരം തിന്മകളെയും നീചകൃത്യങ്ങളെയും വിലക്കുന്നതാണ്. നഗ്നപാദനായ മനുഷ്യന്‍ കല്ലും മുള്ളും ചിതറിയ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ അത് കാലില്‍ തറക്കാതിരിക്കാന്‍ സൂക്ഷമതയോടെ നടക്കുന്നതുപോലെ ജീവിതത്തെ ആത്മവിശുദ്ധിയിലേക്ക് നയിക്കുകയാണ് നോമ്പിന്റെ ലക്ഷ്യം. സമ്പത്തിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയും സംസ്‌കരണമാണ് സകാത്തിന്റെ ലക്ഷ്യം. ഉമ്മ പ്രസവിച്ച കുഞ്ഞിനെ പോലെ മനുഷ്യനെ പരിശുദ്ധനാക്കുകയാണ് ഹജ്ജ് നിര്‍വഹിക്കുന്നത് എന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ ആരാധന കര്‍മങ്ങളൊന്നും ലക്ഷ്യങ്ങളല്ല, ലക്ഷ്യത്തിലേക്കെത്താനുള്ള മാര്‍ഗങ്ങളാണ്. ജീവിതം മുഴുവന്‍ അല്ലാഹുവിന്ന് വിധേയമാക്കിയെടുക്കാനുള്ള പ്രചോദനം അല്ലാഹുവുമായുള്ള ആത്മ ബന്ധത്തിലൂടെ നേടിയെടുക്കുക എന്നതാണ് ഇത്തരം ആരാധനകളിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ജീവിതത്തെ പൂര്‍ണമായി അല്ലാഹുവിന് വിധേയമാക്കാനും സംസ്‌കരിക്കാനുമാണ് നോമ്പിലൂടെ നമുക്ക് സാധ്യമാകേണ്ടത്. ഇതിന്റെയെല്ലാം ആത്യന്തമായ പ്രചോദനം അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ക്ഷണവുമായിത്തീരേണ്ടതുണ്ട്.