കുവൈത്ത്: പരിശുദ്ധ റമദാനിനെ ആത്മവിശുദ്ധി നേടിയെടുക്കാനും വ്യക്തിത്വ വികാസത്തിനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് മുതുവട്ടൂര്‍ മഹല്ല് ഖാദിയും ഖതീബുമായ സുലൈമാന്‍ അസ്ഹരി പറഞ്ഞു. കെ.ഐ.ജി. അബൂ ഹലീഫ ഏരിയ സംഘടിപ്പിച്ച മര്‍ഹബന്‍ യാ റമദാന്‍ പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആനും പ്രവാചകചര്യയും വരച്ചുകാണിക്കുന്ന യഥാര്‍ത്ഥ വിശ്വാസിയെ രൂപപ്പെടുത്തുന്നതില്‍ റമദാനിന് അനല്‍പമായ പങ്കുണ്ട്. പകരങ്ങളില്ലാത്തതും സമാനതകളില്ലാത്തതുമാണ് റമദാനിലെ പുണ്യങ്ങളെന്ന് പറഞ്ഞ അദ്ദേഹം അവ കരസ്ഥമാക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ഉണര്‍ത്തി.
അബൂ ഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടന്ന പഠന സംഗമം കെ.ഐ.ജി. ഈസ്റ്റ് മേഖല പ്രസിഡണ്ട് കെ. മൊയ്തു ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് വി കെ. താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മിന്‍ഹാല്‍ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നിഹാദ് ഫൈസല്‍ സ്വാഗതവും കണ്‍വീനര്‍ നിയാസ് ഇസ്‌ലാഹി ഉപസംഹാരം പ്രസംഗവും നടത്തി