അരമുറുക്കുക എന്നര്‍ത്ഥമുള്ള ‘ശദ്ദ മിഅ്‌സറഹു’ എന്ന പദമാണ് ഹദീസില്‍ ഉപയോഗിച്ചിട്ടുള്ളത്. പതിവില്‍ കവിഞ്ഞ പ്രാധാന്യം നല്‍കി ആരാധനകള്‍ക്കായി തയ്യാറാവുക എന്നാണതിന്റെ ഉദ്ദേശ്യം. ഭാര്യാ സംസര്‍ഗത്തില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതിനുള്ള വ്യംഗ്യ സൂചനായാണിതെന്നും പറയപ്പെട്ടിട്ടുണ്ട്. ‘രാത്രിയെ ജീവിപ്പിച്ചു’ ഉറക്കമൊഴിച്ച് നമസ്‌കാരത്തിലും മറ്റ് ആരാധനകളിലും മുഴുകുക എന്നാണുദ്ദേശ്യം. ആഇശ(റ) ഉദ്ദരിച്ച് മറ്റൊരു ഹദീസില്‍ കാണാം: ‘റമദാനിലല്ലാതെ പ്രവാചകന്‍ രാത്രിമുഴുവന്‍ ഖുര്‍ആന്‍ പാരായണത്തിലേര്‍പ്പെടുകയോ, പ്രഭാതം വരെ നമസ്‌കരിക്കുകയോ, മാസം മുഴുവന്‍ നോമ്പെടുക്കുകയോ ചെയ്തതായി എനിക്കറിയില്ല.’ ഇവിടെ രാത്രിയെ ജീവിപ്പിക്കുക എന്നതിന്റെ ഉദ്ദേശ്യം രാത്രിയുടെ ഭൂരിഭാഗം സമയം എന്നോ രാത്രി പൂര്‍ണ്ണമായോ എന്നാണര്‍ത്ഥമാക്കുന്നത്.
നബി(സ) നമസ്‌കാരത്തിനായി ഭാര്യമാരെ വിളിച്ചുണര്‍ത്തിയിരുന്നു. എല്ലാ വര്‍ഷവും നബി(സ) ഇപ്രകാരം വിളിച്ചുണര്‍ത്തിയിരുന്നു എന്നാണ് മനസിലാവുന്നത്. എന്നാല്‍ ചില ദിവസങ്ങളില്‍ മാത്രമായിരുന്നു അത്. ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസില്‍ പറയുന്നു: ‘അല്ലാഹുവെത്ര പരിശുദ്ധന്‍, ഈ രാത്രിയില്‍ എന്തൊക്കെ പരീക്ഷണങ്ങളാണ് അവന്‍ ഇറക്കിയിരിക്കുന്നത്? എന്തൊക്കെയാണ് അവന്റെ ഖജനാവില്‍ നിന്ന് ഇറക്കിയിട്ടുള്ളത്? ആരാണ് മുറികളിലുള്ളവരെ ഉണര്‍ത്തുന്നത്? ഇഹലോകത്ത് എത്ര വസ്ത്രധാരികളാണ് പരലോകത്ത് നഗ്‌നരായിട്ടുള്ളത്.’ പ്രവാചകന്‍(സ) ആഇശയെ വിത്‌റ് നമസ്‌കരിക്കാന്‍ ഉണര്‍ത്താറുണ്ടായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ റമദാനിലെ അവസാന പത്തുകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.
നാഥനെ അനുസരിക്കുന്നതിലും സമയം പ്രയോജനപ്പെടുത്തുന്നതിലും തിരുമേനി നല്‍കിയ പ്രാധാന്യമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാവുന്നത്. പ്രവാചകനെ പിന്‍പറ്റല്‍ ഓരോ വിശ്വാസിക്കും നിര്‍ബന്ധമാണ്. ആരാധനകളില്‍ കാണിച്ചിരുന്ന അതീവ താല്‍പര്യം വിശ്വാസികള്‍ക്ക് മാതൃകയാണ്. മനുഷ്യന് എപ്പോഴാണ് മരണം പിടികൂടുകയെന്ന് അറിയുകയില്ല.
അവസാന പത്തിന്റെ ശ്രേഷ്ഠതകള്‍
ലൈലത്തുല്‍ ഖദ്ര്‍ ഉണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ സവിശേഷമായ രാവിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. അനുഗ്രഹീതമായ രാവെന്നാണ് അല്ലാഹു അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ലൈലത്തുല്‍ ഖദ്‌റിലാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇബ്‌നു അബ്ബാസ്, ഖദാതഃ, സഈദ് ബിന്‍ ജുബൈര്‍, ഇക്‌രിമ, മുജാഹിദ് പോലുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘യുക്തി പൂര്‍ണ്ണമായ സകലസംഗതികളും വേര്‍തിരിക്കുന്നത് അതിലാണ്.’ മുഴുവന്‍ സൃഷ്ടികളുടെയും ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത് അതിലാണ്. ആരൊക്കെ മരിക്കുമെന്നും ജീവിക്കുമെന്നും വിജയപരാജയങ്ങളേറ്റു വാങ്ങുമെന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അതിലാണ് നിര്‍ണ്ണയിക്കുന്നത്. സൃഷ്ടികളുടെ വിധി നിര്‍ണ്ണയിക്കുമെന്നതിന് അല്ലാഹുവില്‍ നിന്ന് പ്രസ്തുത വിവരങ്ങള്‍ മലക്കുകളിലേക്ക് എത്തുമെന്നാണ് ഉദ്ദേശ്യം (അതിനെ കുറിച്ച് സൂക്ഷ്മമായി അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ) ഇബ്‌നു അബ്ബാസ് പറയുന്നു: ‘വിരിപ്പ് വിരിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്നതായി ഒരാളെ കാണപ്പെടുന്നു, എന്നാല്‍ അവന്‍ അവന്‍ മരണപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കും’ അതായത് ലൈലത്തുല്‍ ഖദ്‌റില്‍ അവന്‍ മരണപ്പെട്ടവരുടെ കൂട്ടത്തിലാണെന്ന് എഴുതപ്പെട്ടിരിക്കുന്നു. നിര്‍ണ്ണയിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥം മലക്കുകള്‍ക്ക് അത് വെളിപ്പെടുത്തി കൊടുക്കുക എന്നാണെന്ന് പറയപ്പെട്ടിട്ടുണ്ട്.
ഖദ്ര്‍ എന്നതിന് മഹത്വമുള്ളത് എന്ന അര്‍ത്ഥത്തില്‍ മഹത്തായ രാത്രിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റുചിലര്‍ പറഞ്ഞിരിക്കുന്നത് ഭൂമി ആ ദിവസം മലക്കുകളെ കൊണ്ട് തിങ്ങിനിറയുന്നത് കൊണ്ട് ഇടുങ്ങിപോകുന്നു എന്ന അര്‍ത്ഥത്തിലാണ്. അല്ലാഹു ഒരാളെ പരീക്ഷിച്ചാല്‍ അവന്റെ വിഭങ്ങളില്‍ ഇടുക്കമുണ്ടാക്കുമെന്ന് (അല്‍ ഫജ്ര്‍ 16) ഖുര്‍ആന്‍ പറയുന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന പദം ‘ഖദറ’ എന്നാണ്. അല്ലാഹു ആ രാത്രിയുടെ മഹത്വത്തെ കുറിക്കുന്നതിനാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് വിളിച്ചിരിക്കുന്നത്. പാപമോചനത്തിന്റെയും വിട്ടുവീഴ്ചയുടെ രാത്രിയാണത്. അബൂഹുറൈറ ഉദ്ദരിക്കുന്നു: ‘ലൈലത്തുല്‍ ഖദ്‌റില്‍ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുത്തുകൊടുക്കും.’
ലൈലത്തുല്‍ ഖദ്‌റിന്റെ പ്രത്യേകതകള്‍
അല്ലാഹു ലൈലത്തുല്‍ ഖദ്‌റിന് വളരെയധികം സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്.
1. ഖുര്‍ആന്‍ അവതരിപ്പിച്ചത് അതിലാണ്. ഖുര്‍ആന്‍ പൂര്‍ണ്ണമായി ലൗഹുല്‍ മഹ്ഫൂദില്‍ നിന്നും വാനലോകത്തേക്ക് ഇറക്കിയത് ലൈലത്തുല്‍ ഖദ്‌റിലായിരുന്നു, പിന്നീട് അവിടെ നിന്ന് പല സന്ദര്‍ഭങ്ങളിലായി അവിടെ നിന്ന് ഇറക്കുകയായിരുന്നു എന്നാണ് ഇബ്‌നു അബ്ബാസിനെ പോലുള്ള പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്.
2. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി. അല്ലാഹു പറയുന്നു: ‘ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തേക്കാള്‍ പുണ്യമുള്ളതാണ്.’ (അല്‍ ഖദ്ര്‍: 3)
3. അനുഗ്രഹീതമായ രാത്രി. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം അനുഗ്രഹീതമായ രാത്രിയിലാണ് അത് ഇറക്കിയിരിക്കുന്നത്.’ (അദ്ദുഖാന്‍: 3)
4. മലക്കുകളും ജിബ്‌രീലും ഇറങ്ങുന്ന രാത്രി. ധാരാളം അനുഗ്രഹങ്ങളുമായി മലക്കുകള്‍ ഇറങ്ങുന്നു.
5. രക്ഷയുടെ രാത്രി. പിശാചിന് യാതൊരു ഉപദ്രവും ചെയ്യാന്‍ കഴിയാത്ത രാത്രി എന്നാണ് മുജാഹിദ് പോലുള്ള പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അല്ലാഹുവെ അനുസരിക്കുന്ന അടിമക്ക് ശിക്ഷയില്‍ നിന്ന് മോചനം നല്‍കുന്ന രാത്രിയാണത്.
6. ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്ന രാത്രി.
7. രാത്രി നിന്ന് നമസ്‌കരിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുന്ന രാത്രി. ലൈലത്തുല്‍ ഖദ്‌റില്‍ നിന്ന് നമസ്‌കരിക്കുന്നവര്‍ക്ക് അവരുടെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെടുമെന്ന് ഹദീസുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത കുറിക്കുന്ന മറ്റൊരു കാര്യമാണ് അതിനായി അല്ലാഹു ഒരു അധ്യായം തന്നെ ഖുര്‍ആനില്‍ ഒരുക്കിയിരിക്കുന്നുവെന്നത്. അന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 83 വര്‍ഷം ചെയ്യുന്ന പ്രവര്‍ത്തനത്തേക്കാള്‍ ശ്രേഷ്ഠതയാണുള്ളതെന്നും പറയുന്നു. ആ രാത്രിയില്‍ കൂടുതല്‍ പ്രവര്‍ത്തന നിരതരാവാന്‍ വിശ്വാസികള്‍ക്കുള്ള പ്രേരണയാണിത്.
ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക
ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയെന്ന് പിന്തുടരപ്പെടേണ്ട പ്രവാചക മാതൃകയാണ്, പ്രത്യേകിച്ചും റമദാനിന്റെ അവസാന പത്തില്‍. അതില്‍ തന്നെ ഒറ്റയായ രാവുകളിലാണെന്ന് റിപോര്‍ട്ടുകളുണ്ട്. ‘റമദാനിലെ അവസാന രാവുകളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക’ എന്ന് ഇബ്‌നു ഉമര്‍, ആഇശ, അബൂസഈദില്‍ ഖുദ്‌രി എന്നിവര്‍ ഉദ്ദരിച്ച ഹദീസില്‍ പറയുന്നു. അതിലെ ഒറ്റയായ രാവുകളില്‍ പ്രതീക്ഷിക്കുക എന്ന് പറയുന്ന ആഇശ(റ)ല്‍ നിന്ന് ഉദ്ദരിച്ച മറ്റൊരു ഹദീസില്‍ പറയുന്നു. ഒറ്റയായ രാവുകളിലാണെന്നതിനെ ശക്തിപ്പെടുത്തുന്ന വേറെയും പ്രബലമായ ഹദീസുകളുണ്ട്. അത് ഏത് ദിവസമാണെന്നതിനെ കുറിച്ച് വേറെയും അഭിപ്രായങ്ങളുണ്ട്.
ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ചോദിച്ച സ്വഹാബിയോട് ‘അല്ലാഹു നീ പൊറുത്തുകൊടുക്കുന്നവനാണ്, പൊറുത്തുകൊടുക്കുന്നത് ഇഷ്ടമുള്ളവനുമാണ്, എനിക്ക് നീ പൊറുത്തുതരേണമേ.’ എന്നാണ് നബി(സ) പഠിപ്പിച്ചത്. ലൈലത്തുല്‍ ഖദ്‌റില്‍ ഇഅ്തികാഫ് ഇരിക്കുന്നതും വളരെയധികം പുണ്യമുള്ള കാര്യമാണ്. നബി(സ) മരണപ്പെടുന്നത് വരെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു എന്നാണ് ഹദീസുകളില്‍ നിന്ന് മനസിലാവുന്നത്.
വിവ: അഹമദ് നസീഫ് തിരുവമ്പാടി