റമദാനിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) റമദാനിനെ കുറിച്ച് അല്‍പ്പം ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. റമദാന്‍ മാസത്തെയും അതിലെ അനുഷ്ഠാന കര്‍മ്മങ്ങളെയും പരിചയപ്പെടുത്തുന്ന പ്രസ്തുത പ്രഭാഷണം പ്രവാചകനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കുറച്ചധികം ദൈര്‍ഘ്യമുള്ള പ്രഭാഷണമാണ്.
ആ പ്രഭാഷണത്തില്‍ പ്രവാചകന്‍ റമദാനിലെ പരിചയപ്പെടുത്തി കൊണ്ട് പറയുന്ന ഒരുവാചകം പ്രത്യേകം ശ്രദ്ധേയമാണ് شهر المواسات (ശഹ്‌റുല്‍ മുവാസാത്) എന്നതാണത്. ‘മുവാസാത്’ എന്ന പദത്തിന് സഹാനുഭൂതി എന്നാണ് മലയാളത്തില്‍ അര്‍ഥം പറയാറുള്ളത്. واسى الأب ابنته الباكية (കരയുന്ന മകളോട് പിതാവ് സഹാനുഭൂതി കാണിച്ചു) എന്നാണ് ഈ പദത്തെ പരിചയപ്പെടുത്തി ഭാഷാ ശാസ്ത്രജ്ഞര്‍മാര്‍ ഉദാഹരണമായി പറയാറുള്ളത്. വീട്ടിലിരിക്കുമ്പോള്‍ അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും കുട്ടികള്‍ നിര്‍ത്താതെ കരയുന്നതും ചുമക്കുന്നതും കേട്ടാല്‍ നമുക്ക് പ്രയാസവും സങ്കടവും തോന്നാറുണ്ട്. ഇനി നമ്മുടെ വീട്ടില്‍ തന്നെയുള്ള കുട്ടി കരയുകയാണെങ്കില്‍ അതിന് മറ്റൊരു തലമുണ്ട്. കുട്ടി എന്തിനാണ് കരയുന്നതെന്ന് പിതാവിന് അറിയാം. അതുകൊണ്ട് തന്നെ കരയുന്ന കുഞ്ഞിന് എത്രമാത്രം സങ്കടമുണ്ടോ അത് പിതാവ് ശരിക്കും മനസ്സിലാക്കുകയും പിതാവിന്റെ കൂടി സങ്കടമായി അത് മാറുകയും ചെയ്യും.
‘മുവാസാതി’ന് ഇംഗ്ലീഷില്‍ രണ്ട് വാക്കുകളുണ്ട്. ഒന്ന് Sympaty യും മറ്റൊന്ന് Empathy യും. ഈ രണ്ട് പദങ്ങളെയും വേര്‍തിരിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷാശാസ്ത്രജ്ഞര്‍മാര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. Sympathy എന്നു പറഞ്ഞാല്‍ മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാനാകുകയും അതിനോട് അനുതപിക്കാനും കഴിയുക എന്നതാണ്. എന്നാല്‍ Empathy യുടെ അര്‍ഥത്തില്‍ ചെറിയ വ്യത്യാസമുണ്ട്. ഒരാളുടെ ദുഃഖം സ്വന്തം ദുഃഖമായി അനുഭവപ്പെടുക, ദുഃഖിക്കുന്നവന് തന്റെ ദുഃഖം മാറ്റാന്‍ എത്രമാത്രം താല്‍പര്യമുണ്ടോ അത്രയും താല്‍പര്യം സ്വയം കാണിക്കുക എന്നതിനാണ് Empathy എന്നു പറയുക. അഥായത്, പ്രയാസം അനുഭവിക്കുന്നവരോടും ദുഃഖിക്കുന്നവരോടും താദാത്മ്യം പ്രാപിക്കുകയും അവരുടെ വികാരങ്ങളെ പൂര്‍ണമായും സ്വാംശീകരിക്കുകയും ചെയ്യുക എന്നതാണതിന്റെ അര്‍ഥം.
‘മുവാസാത്’ എന്നതിന്റെ അര്‍ഥം Empathy ആണ് Sympathy അല്ല. അതിന്റെ മനോഹരമായ ആവിഷ്‌കാരമാണ് പട്ടിണി കിടക്കുന്നവനെ ഉള്‍ക്കൊള്ളുന്നു എന്നത്. നമ്മുടെ നാട്ടിലും മറ്റു രാജ്യങ്ങളിലുമായി കോടിക്കണക്കിന് പേര്‍ ഭക്ഷണം കഴിക്കാനില്ലാതെ പട്ടിണി കിടക്കുന്നുണ്ട്. ഇത്രയുമധികം ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ അവരുടെ പട്ടിണിയില്‍ നാം പങ്കുചേരുന്നു എന്നത് ‘മുവാസാതി’ന്റെ താല്‍പര്യത്തില്‍ പെട്ടതാണ്. ഈ മാസം അല്ലാഹുവുമായി ഏറ്റവും കൂടുതല്‍ അടുക്കാനുള്ള മാസമാണ് എന്നതിനോടൊപ്പം തന്നെ കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാടുകള്‍ സ്വയം നെഞ്ചിലേറ്റി അതിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടുന്ന ഒരു സവിശേഷമായ മാസം കൂടിയാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്.
സാധാരാണയായി തന്നെ ‘മുവാസാത്’ നന്നായി പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നു പ്രവാചകന്‍. അതുകൊണ്ടാണ്, മരണാസന്നയായ ഒരു കുട്ടിയെ പ്രവാചകന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ ആ കുട്ടിയെ മടിയിലെടുത്ത പ്രവാചകന്റെ കണ്ണില്‍ നിന്നും കണ്ണീരൊഴുകിയത്. ആ കുട്ടിയുടെയും, കുട്ടിയുടെ മാതാവിന്റെയും ദുഃഖം പ്രവാചകന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ‘പ്രവാചകരേ, താങ്കളും കരയുകയാണോ’ എന്ന് സ്വഹാബികളാരോ ചോദിച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി ‘അല്ലാഹു എനിക്കും കാരുണ്യം നല്‍കിയിട്ടുണ്ട്’ എന്നായിരുന്നു. പ്രവാചകന്റെ ഈ മൗലിക സ്വഭാവം സ്വഹാബികളിലേക്കും പകര്‍ന്നിട്ടുണ്ടായിരുന്നു. മുഹാജിറുകളെ സ്വീകരിച്ച അന്‍സ്വാരി സ്വഹാബികളുടെ ചരിത്രം അത് നമ്മെ പഠിപ്പിക്കുന്നു. ഒരു അന്‍സാരിയായ സ്വഹാബി അതിഥിയായി താന്‍ സ്വീകരിച്ച മുഹാജിറുമായി തന്റെ വീട്ടിലെത്തി. വീട്ടില്‍ മക്കള്‍ക്ക് നല്‍കാനുള്ള അല്‍പ്പം ഭക്ഷണം കഴിച്ചാല്‍ വേറൊന്നുമില്ല. ഉടന്‍ ആ സ്വഹാബി ഭാര്യയെ വിളിച്ച് മക്കളെ ഉറക്കാനും ശേഷം വിളക്കണച്ച് ഭക്ഷണം വിളമ്പാനും ആവശ്യപ്പെട്ടു. അങ്ങനെ അതിഥിയെ ഊട്ടി അവര്‍ പട്ടിണി കിടക്കുകയും ചെയ്തു. അതിനെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ‘തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു’ എന്നു പറഞ്ഞത്.
ഇത് പ്രവാചകന്റെയും സ്വഹാബികളുടെയും സ്വഭാവമായിരുന്നു. ഈ സ്വഭാവത്തെ പ്രവാചകന്‍ റമദാന്‍ മാസത്തില്‍ ഇരട്ടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് പ്രവാചകന്‍ ഒരു മന്ദമാരുതനെ പോലെയായിരുന്നു, വീശുന്ന ഒരു കാറ്റിനെ പോലെയായിരുന്നു എന്നൊക്കെ ഹദീസുകളില്‍ വന്നിട്ടുള്ളത്. മന്ദമാരുതന്‍ ഒരു ഗ്രാമത്തില്‍ കടന്നാല്‍ അത് അവിടെയുള്ള മനുഷ്യരെയും സസ്യലതാദികളെയും സകല ജന്തുജാലങ്ങളെയും തലോടിക്കൊണ്ടാണ് കടന്നു പോവുക. അതുപോലെ പ്രവാചകന്റെ ഔദാര്യത്തിന്റെയും സഹാനുഭൂതിയുടെയും തലോടലേല്‍ക്കാത്ത ഒരാളും ഉണ്ടാകുമായിരുന്നില്ല എന്നാണ് അതിന്റെ അര്‍ഥം. നമ്മുടെ കരള്‍ കുറേകൂടി നനവാര്‍ന്ന് വരേണ്ട, കൂടുതല്‍ പച്ച പിടിക്കേണ്ട ഒരു മാസമാണിത്. ആളുകള്‍ക്ക് ഒരു മന്ദമാരുതനെ പോലെ നമ്മെ അനുഭവപ്പെടേണ്ടുന്ന സമയം, ആ ശീതളഛായയില്‍ ജനങ്ങള്‍ക്ക് ജീവിക്കാനാകണം. ഈയൊരു വികാരം നമ്മിലും മറ്റുള്ളവരിലും വളര്‍ത്തി എടുക്കാനുള്ള അവസരമായി റമദാനിനെ ഉപയോഗപ്പെടുത്തുക.