നാവിനെ നിയന്ത്രിക്കുന്നതിനെ പറ്റി ഖുര്‍ആനിലും ഹദീസിലും നിരവധി പരാമര്‍ശങ്ങളുണ്ട്. ‘നിങ്ങളിലാരും മറ്റുള്ളവരുടെ അസാന്നിദ്ധ്യത്തില്‍ അവരെ പറ്റി മോശമായി സംസാരിക്കരുത്. മരിച്ചു കിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.’ (ഖുര്‍ആന്‍ 49:12) ഈ ഖുര്‍ആന്‍ സൂക്തം കേട്ടപ്പോള്‍ പ്രവാചകശിഷ്യന്‍മാര്‍ ചോദിച്ചു: ‘നാം പറയുന്ന കാര്യം യഥാര്‍ത്ഥത്തില്‍ അയാളില്‍ ഉള്ളതാണെങ്കിലോ?’ ‘നിങ്ങള്‍ പറയുന്ന സംഗതി അയാളില്‍ ഉള്ളതാണെങ്കിലാണ് അത് പരദൂഷണമാവുക. ഇല്ലാത്തതാണെങ്കില്‍ അയാളെ പറ്റി നിങ്ങള്‍ കളവു പറയുകയാണ്, ആരോപണം നടത്തുകയാണ്. (മുസ്‌ലിം)
ഉള്ളതാണെങ്കില്‍ പറയാമെന്നാണ് ഈ ഹദീസ് പഠിച്ചിട്ടും പലരും മനസ്സിലാക്കിയത്. ഇനി ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം അയാളുടെ സാന്നിധ്യത്തില്‍ പറയുന്നതോ? അത് അദ്ദേഹത്തെ ആക്ഷേപിക്കലും ചീത്തപറയലുമാണ്. ചുരുക്കത്തില്‍ നാവടക്കുക മാത്രമേ കരണീയമായുള്ളൂ. എന്നാല്‍ ഒരാളുടെ തെറ്റുകള്‍ക്കും ന്യൂനതകളും സഹോദര ബുദ്ധ്യാ ഗുണകാംക്ഷാപൂര്‍വം അയാളെ ബോധ്യപ്പെടുത്തുകയെന്നത് സഹോദരന്റെ കടമയാണ്. പക്ഷെ, അത് മാന്യമായും രഹസ്യമായും ആവാം, അല്ലെങ്കില്‍ പരോക്ഷമായി സൂചിപ്പിക്കുകയെന്നതാണ് ചെയ്യാവുന്ന രീതി.
മുആദ് ബിന്‍ ജബല്‍ വിവരിക്കുന്നു: ഒരിക്കല്‍ പ്രവാചകനോടൊപ്പം യാത്രചെയ്യവേ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, സ്വര്‍ഗപ്രവേശനത്തിനും നരകമുക്തിക്കും വേണ്ടി ഞാനെന്താണ് ചെയ്യേണ്ടത്. നീ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവനില്‍ ആരെയും പങ്കാളിയാക്കാതിരിക്കുക, നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍വഹിക്കുക. തുടര്‍ന്ന് അദ്ദേഹം സൂറഃ സജദയിലെ 16,17 ആയത്തുകള്‍ പാരായണം ചെയ്തു. പിന്നെ ചോദിച്ചു: ‘ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം പറഞ്ഞ് തരട്ടെയോ?’ ‘തീര്‍ച്ചയായും പ്രാവാചകരേ’ ഞാന്‍ പറഞ്ഞു.
അദ്ദേഹം സ്വന്തം നാവ് പിടിച്ചുകൊണ്ട് പറഞ്ഞു; ‘ഇതിനെ നിയന്ത്രിക്കുക’
നാവുകൊണ്ടുള്ള സംസാരത്താല്‍ നാം പിടിക്കപ്പെടുമെന്നോ? ഞാന്‍ ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും മുആദ്, നാവിന്റെ പ്രവൃത്തികൊണ്ട് മാത്രം മനുഷ്യന്‍ നരത്തില്‍ മുഖം കുത്തിവീഴേണ്ടിവരും’ (തിര്‍മിദി)
കളവ്, പരദൂഷണം, ആക്ഷേപം, ചീത്ത, പരിഹാസം, വിമര്‍ശനം, ശാപം, മുഖസ്തുതി തുടങ്ങിയവ മാത്രമല്ല സ്വന്തത്തെ കുറിച്ച് പൊക്കിപറയലും വീമ്പിളക്കലുമൊക്കെ ഈ ഗണത്തില്‍ പെടും.
അബൂബകര്‍ സിദ്ദീഖ് പറഞ്ഞു: ‘മനുഷ്യന്റെ സംസാരമാണ് എല്ലാ നാശങ്ങളുടെയും മൂലഹേതു.’ നാക്കുപിഴയാണ് കാലിടറുന്നതിനേക്കാള്‍ അപകടമെന്ന് ഖലീഫ ഉസ്മാന്‍ പറയുന്നു. ഹസ്രത് അലി പറഞ്ഞതിങ്ങനെ: ‘നാവിന് വിധേയപ്പെടുന്നവന്‍ ആത്മാവിനെ അപഹസിക്കുന്നു. നാവിനാല്‍ ഭരിക്കപ്പെടുന്നവന് അത് തന്നെ നാശഹേതുവായി തീരുന്നു.
ഹസന്‍ ബസരി പറഞ്ഞു: ‘ബുദ്ധിമാന്റെ നാവ് ഹൃദയത്തിന്റെ പിന്നിലായിരിക്കും.’ ചിന്തിച്ച ശേഷമേ പറയാന്‍ തുടങ്ങൂ എന്ന് സാരം.
അബൂബകര്‍ സിദ്ദീഖ് നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്. ‘ഒരു സദസിലായിരിക്കെ പ്രവാചകന്‍ ചോദിച്ചു. ‘ഏറ്റവും ഗുരുതരമായ കുറ്റമെന്താണെന്നറിയാമോ? തുടര്‍ന്ന് തിരുമേനി തന്നെ വിശദീകരിച്ചു. ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, മതാപിതാക്കളോട് മോശമായി പെരുമാറുക, കള്ളസാക്ഷ്യം പറയുക. തിരുമേനി അത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. (മുസ്‌ലിം)
കൊച്ചുകുട്ടികളോട് ‘ഇവിടെ വാ, ഞാനൊരു സാധനം തരാം’ എന്ന് പറഞ്ഞ് എന്തെങ്കിലും കൊടുക്കാതിരുന്നാല്‍ അത് കളവിന്റെയും വാഗ്ദാന ലംഘനത്തിന്റെയും കണക്കില്‍ ചേര്‍ക്കപ്പെടുമെന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്)
നിസ്സാരമെന്ന് നാം കരുതുന്ന കാര്യങ്ങളില്‍ പോലും സൂക്ഷ്മതപാലിക്കണമെന്നാണ് ഇതിന്റെ പാഠം. അനാവശ്യമായി നാവ് ഉപയോഗിക്കുന്നതിനേക്കാള്‍ മൗനമാണുത്തമം.
ഇമാം ഗസ്സാലി മൗനത്തെ പറ്റിപറയുന്നു:
‘അധ്വാനമില്ലാത്ത ആരാധനയാണ് മൗനം
ചുമരില്ലാത്ത കോട്ടയാണത്
ആയുധമില്ലാതെ വിജയം വരിക്കലാണ്
വിനയാന്വിതരുടെ ഗുണമാണ്,
കിറാമന്‍ കാതിബീന് വിശ്രമം നല്‍കലാണ്
തത്വജ്ഞാനത്തിന്റെ കലവറയാണ്,
വിഡ്ഢികള്‍ക്കൊരു മറുപടിയാണ്