മറ്റൊരു വ്രതം കൂടി. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ‘നല്ല കാലമാണിത്. നന്മ പുലരുന്ന കാലം. എന്നാല്‍, അടുത്ത തലമുറ വിരിഞ്ഞുവരുമ്പോഴേക്കും കുറെ തിന്‍മകള്‍ ഇവിടെ കൂടി വരും. പിന്നെ വരുന്ന തലമുറ അതിലും മോശമാകും. അതിനടുത്ത തലമുറ അതിനേക്കാള്‍ ഭീതിദവും ഇരുള്‍ നിറഞ്ഞതുമായിരിക്കും. അങ്ങനെ ആയിരം കൊല്ലം കഴിയുമ്പോഴേക്കും മനുഷ്യകുലം ധാര്‍മികമായും സാംസ്‌കാരികമായും മാനസികമായും തകര്‍ന്നടിയുന്ന ഒരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും.’ തുര്‍ന്ന് പ്രവാചകന്‍ മൗനം അവലംബിച്ചു. ആ മുഖത്ത് ഉത്കണ്ഠ നിഴലിട്ടിരുന്നു. തീര്‍ത്തും അസ്വസ്ഥരായ അനുചരന്‍മാര്‍ ചോദിച്ചു: ‘തിരുമേനി, എന്തുകൊണ്ടാണിങ്ങനെ?’ ‘വേദഗ്രന്ഥത്തെ വിസ്മരിക്കുന്നത് കൊണ്ട്.’ ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന തകര്‍ച്ചയുടെ കാളരാത്രിയില്‍ നിന്നുകൊണ്ട് വിനിര്‍മുക്തി നേടാന്‍ പ്രവാചകന്‍ പരോക്ഷമായി സൂചിപ്പിച്ചു. വേദഗ്രന്ഥത്തെ മനസ്സില്‍ പുനര്‍ജനിപ്പിക്കുക. നമ്മുടെ കരണത്രയങ്ങളിലാകെ, വേദഗ്രന്ഥം – ഖുര്‍ആന്‍ പുനര്‍ജനിക്കണം. ഈ വിശുദ്ധ റമദാന്‍ മുപ്പത് ദിവസം കൊണ്ട് ഖുര്‍ആന്‍ നമ്മള്‍ മനസ്സിരുത്തി വായിക്കുക. മുപ്പത് ഭാഗങ്ങളിലായി നമുക്ക് പങ്കുവെച്ചിട്ടുണ്ട്. ഈ പാരായണ മഹായജ്ഞം അടുത്തനാള്‍ തൊട്ടാരംഭിക്കാന്‍ ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു. പലവട്ടം വായിച്ചു. വീണ്ടും വായിക്കുന്നു ഞാന്‍, വ്രത സപര്യപോലെ. എന്റെ റമദാന്‍ അങ്ങനെ ഞാന്‍ ആചരിക്കും.
കടപ്പാട് : മാധ്യമം