റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പനുഷ്ഠിക്കുന്നത് പ്രവാചക ചര്യകളില്‍ പെട്ടതാണ്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : ‘ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ് അതിന്റെ തുടര്‍ച്ചയായി നോക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ടിച്ചത് പോലെയാണ്’. ഈ ഹദീസ് ശവ്വാലിലെ നോമ്പിന്റെ മഹത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഈ നോമ്പുമായി ബന്ധപ്പെട്ട ചില വിധികളും ഫത്‌വകളും സംക്ഷിപ്തമായ ചുവടെ ചേര്‍ക്കുന്നു.
1. ഇത് നിര്‍ബന്ധ നോമ്പല്ല. ഐഛികമാണ്. സുന്നത്ത് നോമ്പുകളില്‍ കൂടുതല്‍ പ്രാധാന്യമുള്ള നോമ്പുകളില്‍ പെട്ടതാണ്.
2. ആറ് നോമ്പുകളും ഇടമുറിയാതെ തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ നോറ്റാലും മതി. ശവ്വാല്‍ മാസം അവസാനത്തോടു കൂടി പൂര്‍ത്തീകരിച്ചാലും മതി. എന്നാല്‍ ശ്രേഷ്ടമായിട്ടുള്ളത് പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ആറ് ദിനങ്ങള്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ്.
3. റമദാനില്‍ ഉപേക്ഷിച്ച നിര്‍ബന്ധ നോമ്പ് നോറ്റ് വീട്ടുന്നതിന് മുമ്പ് ശവ്വാലിലെ ഐഛിക നോമ്പ് അനുഷ്ഠിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷം പണ്ഡിതരും പറയുന്നത് റമദാനിലെ നോമ്പ് വീട്ടിയതിന് ശേഷമേ ശവ്വാലിലെ സുന്നത്ത് നോമ്പനുഷ്ഠിക്കേണ്ടതുള്ളൂ എന്നാണ്. കാരണം, റമദാനിലേത് നിര്‍ബന്ധ നോമ്പും ശവ്വാലിലേത് ഐഛികവുമാണ്. സുന്നത്തിനേക്കാള്‍ ഫര്‍ദിന് മുന്‍ഗണന നല്‍കണം.
4. ആര്‍ത്തവം കാരണമോ മറ്റോ റമദാന്‍ വ്രതം ഉപേക്ഷിച്ച സ്ത്രീകള്‍ ആദ്യം നിര്‍ബന്ധ നോമ്പ് നോറ്റ് വീട്ടണം. ശേഷം തുടര്‍ച്ചയായോ അല്ലാതെയോ ശവ്വാല്‍ നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.
5. ശവ്വാല്‍ മാസം കഴിയുന്നതോടെ ഈ നോമ്പിന്റെ സാധുതയും അവസാനിക്കും. എന്തെങ്കിലും കാരണങ്ങളാല്‍ ശവ്വാലില്‍ ഈ നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ മറ്റ് മാസങ്ങളില്‍ ഇത് അനുഷ്ഠിച്ചത് കൊണ്ട് കാര്യമില്ല. അത് കേവല സുന്നത്ത് നോമ്പില്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂ.
(ശൈഖ് ഇബ്‌നു ബാസ്, ഇബ്‌നു ഉസൈമിന്‍ എന്നിവരുടെ ഫത്‌വകള്‍ സംഗ്രഹിച്ചത്)