അര്‍പ്പണ ബോധത്തോടെ നോമ്പ് അനുഷ്ഠിക്കുമ്പോള്‍ അവന്റെ വീഴ്ചകള്‍ പരിഹൃതമാകുന്നു. റമദാന്‍ എന്ന വാക്കിന്റെ ഒരര്‍ത്ഥം തന്നെ കരിച്ചുകളയുന്നത് എന്നാണല്ലോ? മഹാനായ സൈനുദ്ദീന്‍ മഖ്ദൂം(റ) ഈ മാസത്തിന് റമദാന്‍ എന്ന് പേര് വെക്കാനുള്ള കാരണമായി പറഞ്ഞത് തെറ്റുകള്‍ പൊറുക്കപ്പെടുകയും ഹൃദയം വിമലീകരിക്കപ്പെടുകയും ചെയ്യും എന്നതാണ്. അതുകൊണ്ട് മുഅ്മിനീങ്ങളേ, അശ്രദ്ധവാന്മാരായും അലസന്മാരായും കിടയറ്റ ഈ വേള പാഴാക്കിക്കളയരുത്. മറ്റു മാസങ്ങള്‍ക്കൊന്നുമില്ലാത്ത വ്രതാചരണം ഈ മാസത്തിന് നല്‍കിയത് തന്നെ ഇലാഹീ പരമായ ദൃഷ്ടാന്തങ്ങളും സാമീപ്യവഴികളും ഒരുപാടുണ്ടായത് കൊണ്ടാണെന്ന് ഇമാം റാസി(റ) പറയുന്നുണ്ട്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അല്ലാഹുവിനെ ഉദ്ധരിച്ച് നബി(സ) പറയുന്നു: മനുഷ്യരുടെ അമലുകള്‍ക്ക് പത്ത് മുതല്‍ 700 വരെ ഇരട്ടി പ്രതിഫലം നല്‍കും. റമദാന്‍ നോമ്പൊഴിച്ച്, അതെനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നല്‍കുന്നത്.’
ഈ ഹദീസിന്റെ ഗൗരവം പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. നോമ്പിനെ കുറിച്ച് മാത്രമാണ് ഞാനാണതിന് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞത്. മറ്റുള്ള അമലുകള്‍ക്കും അല്ലാഹു തന്നെയാണ് പ്രതിഫലം നല്‍കുന്നതെങ്കിലും അല്ലാഹു ഇങ്ങനെ പ്രഖ്യാപിക്കാനുള്ള കാരണം പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു: നോമ്പ് രഹസ്യമായ ആരാധനയാണ്. റബ്ബിന്റേയും അടിമയുടേയും ഇടയിലുള്ള ഈ ആരാധനയെ കുറിച്ച് അല്ലാഹു മാത്രമെ അറിയുകയുള്ളൂ. മറ്റുള്ളവര്‍ കാണത്തക്ക വിധത്തിലുള്ള ആരാധനയല്ല ഇത്. അതിനാല്‍ അല്ലാഹു അവനിലേക്ക് നോമ്പിനെ ചേര്‍ത്തി. ഇവിടെ നാം സൂക്ഷിക്കേണ്ടത് രഹസ്യ ജീവിതത്തിന്റെ സംരക്ഷണമാണ്. വെറും പുറംമോടി കൊണ്ട് കാര്യമില്ല, ഭക്ഷണ പദാര്‍ത്ഥം ഒഴിവാക്കിയത് കൊണ്ടും മാത്രമായില്ല. മറിച്ച് അബദ്ധങ്ങള്‍ പിണയാതെ നന്മകള്‍ കൊണ്ട് ധന്യമാക്കണം.
പുണ്യങ്ങള്‍ വാരിവിതറുന്ന മാസത്തില്‍ അനാവശ്യ കാര്യങ്ങളിലേര്‍പ്പെട്ട് റമദാനിന്റെ മഹത്വം കളഞ്ഞ്കുളിക്കരുത്. അത് ചിലപ്പോള്‍ ശാപത്തിന് ഇടയാകും. പ്രവാചകര്‍(സ) മിമ്പറില്‍ വെച്ച് ജിബ്‌രീല്‍(അ) ന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറഞ്ഞത് ഇത്തരക്കാര്‍ക്കെതിരായിരുന്നു. നാം ഈ വിഭാഗത്തില്‍ അകപ്പെടാതിരിക്കണം. അതിന് റമളാനിന്റെ ബഹുമാനത്തിന് ഭംഗം വരാതെ നോക്കണം. ഇര്‍ശാദുല്‍ ഇബാദില്‍ ഒരു വിവരണം കാണാം: മുഹമ്മദ് എന്ന് പേരുള്ള ഒരു വ്യക്തി പള്ളിയില്‍ പോകാറില്ല. നിസ്‌കാരം തീരെയില്ല. പക്ഷേ റമളാന്‍ ആഗതമായാല്‍ നല്ല വസ്ത്രമണിഞ്ഞ്, സുഗന്ധം പൂശി നിസ്‌കരിക്കുവാന്‍ തുടങ്ങുകയും നഷ്ടപ്പെട്ടത് ഖളാഅ് വീട്ടുകയും പതിവായിരുന്നു. പിന്നീട് മരണപ്പെട്ടപ്പോള്‍ അദ്ദേഹം സ്വര്‍ഗത്തില്‍ പരിലസിക്കുന്നതായിട്ടാണ് സ്വപ്നദര്‍ശനമുണ്ടായത്. റമദാനിനെ ബഹുമാനിച്ചത് കാരണമായി അദ്ദേഹത്തിന് ദോഷങ്ങളൊക്കെ പൊറുത്ത് കൊടുത്തു. റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കുവാനാണ് റമദാന്‍ ആഗതമാകുന്നതിന് മുമ്പ് തന്നെ സജ്ജീകരണം നടത്തണമെന്നും വരവേല്‍പ്പിന് സ്വാഗതമോതണമെന്നും വിശ്വാസികള്‍ കരുതുന്നത്.
വന്നണഞ്ഞ ഈ സൗഭാഗ്യം പൂര്‍ണമായി നേടിയെടുക്കാന്‍ ശ്രമിക്കണം. അനുഗ്രഹങ്ങള്‍ കോരിച്ചൊരിയുന്ന ആദ്യത്തെ പത്തും പാപമോചനത്തിന്റെ രണ്ടാംപത്തും നരകമോചനത്തിന്റെ അവസാനപത്തും നാം വിസ്മരിക്കരുത്. സംഭവിച്ച പാകപ്പിഴവുകള്‍ ഏറ്റുപറഞ്ഞ് ഹൃദയം ശുദ്ധിയാക്കി, ഇനിയങ്ങോട്ട് നല്ലത് മാത്രം ചെയ്യാനുള്ള ഭയഭക്തി കരഗതമാക്കണം. അതിന് തൊട്ടതൊക്കെ പൊന്നാക്കുന്ന രീതിയിലാണ് അല്ലാഹു പ്രതിഫലം നിശ്ചയിച്ചത്. നോമ്പുകാരന്റെ ഉറക്കം പോലും ആരാധനയായി എണ്ണിയത് ഈ അടിസ്ഥാനത്തിലാണ്. ഖുര്‍ആനിന്റെ വാര്‍ഷികമായ റമദാനില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കല്‍ അത്യന്താപേക്ഷിതമാണ്. ഇതുകൊണ്ട് നോമ്പിനെ ധന്യനിമിഷമാക്കി മാറ്റണം. സ്വദഖ വര്‍ധിപ്പിക്കണം, ഇഅ്തികാഫ്, റിലീഫ് പ്രവര്‍ത്തനം ഇവയൊക്കെ കരണീയം തന്നെ. ഇത്തരം സുകൃതങ്ങള്‍ കൊണ്ട് റമളാനിനെ സക്രിയമാക്കിയാല്‍ പാരത്രിക ലോകത്ത് അവന് ശിപാര്‍ശകനായി റമളാന്‍ വരുന്നതാണ്. ശിപാര്‍ശകനായി റമദാനും ഖുര്‍ആനും വരുകയാണെങ്കില്‍ ആഖിറ സൗഭാഗ്യം ലഭിക്കുമല്ലോ? ഈ അവസരം നാം പാഴാക്കി കളയരുത്. ഇനിയങ്ങോട്ടുള്ള ജീവിതം നന്മകൊണ്ട് നിബിഡമാക്കണം. ജമാഅത്ത് നിസ്‌കാരം, ചിട്ടയോടുള്ള നിസ്‌കാരം, ഖുര്‍ആന്‍ ഓത്ത് തുടങ്ങിയ കര്‍മങ്ങള്‍ നിത്യമാക്കുന്ന രൂപത്തിലാകണം റമദാനിനെ വരവേല്‍ക്കേണ്ടതും യാത്രയയപ്പ് നല്‍കേണ്ടതും. ഇനി നമുക്ക് കാരുണ്യവാനോട് ഹൃദയം നിറഞ്ഞ ഇരവുകള്‍ തേടാം.