നിങ്ങള്‍ വളരെ വേഗത്തില്‍ മത്സരിച്ച് അല്ലാഹുവിന്റെ പാപമോചനത്തിലേക്കും ആകാശ ഭൂമികളേക്കാള്‍ വിശാലമായ സ്വര്‍ഗത്തെയും ലക്ഷ്യമാക്കി പോകണം എന്നാണ് അല്ലാഹു നമ്മോട് ആഹ്വാനം ചെയ്തിട്ടുള്ളത്. പിന്നീട് അവരുടെ നാല് വിശേഷണങ്ങളെയും അല്ലാഹു അടയാളപ്പെടുത്തിയിട്ടുണ്ട്.
1. ക്ഷേമത്തിലും ക്ഷാമത്തിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നവരാണവര്‍ : എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ ചിലവഴിക്കണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. ധനികരോടു മാത്രമുള്ള ആഹ്വാനമല്ല ഇത്. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായ ഐശര്യവാനായിരുന്നില്ല അല്ലാഹുവിന്റെ റസൂല്‍(സ). എന്നിട്ടും പ്രവാചകന്‍(സ) അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഔദാര്യവാനായിരുന്നു. ചിലവഴിക്കുന്നിടത്ത് എന്ത് എന്നല്ല, എത്രയാണ് നാം ത്യാഗം ചെയ്യാന്‍ തയ്യാറുള്ളത് എന്നതാണ് പ്രധാനം. ഒരിക്കല്‍ പ്രവാചകന്‍(സ) സഹാബികളോട് പ്രഖ്യാപിച്ചു : ഇതാ ഒരു ദിര്‍ഹം ഒരു ലക്ഷം ദിര്‍ഹമിനെ അതിജയിച്ചു മുന്നേറുന്നു. അതെപ്രകാരമാണെന്ന് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതിവചിച്ചു : നിങ്ങളില്‍ ധാരാളം സമ്പത്തുള്ള ഒരാള്‍ അതില്‍ നിന്നും ഒരു ലക്ഷം ദിര്‍ഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീക്കിവെക്കുന്നു. രണ്ടുദിര്‍ഹം മാത്രമുള്ള മറ്റൊരാള്‍ അതില്‍ നിന്നും ഒരു ദിര്‍ഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നു. അപ്രകാരമാണ് ഒരു ദിര്‍ഹം ഒരു ലക്ഷം ദിര്‍ഹമിനെ പരാജയപ്പെടുത്തിയത്’ . എത്ര നല്‍കുന്നു എന്നതിനപ്പുറം ഓരോരുത്തരും അവനവന്റെ കഴിവും സാധ്യതയും മുന്നില്‍ വെച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. ഇതാണ് ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തെയും പാപമോചനത്തെയും ലക്ഷ്യമാക്കി സഞ്ചരിക്കുന്നവരുടെ ലക്ഷണമാണിത്.
2. ഈര്‍ഷ്യത്തെ കടിച്ചുപിടിക്കുന്നവരാണവര്‍ : നാം ഓരോരുത്തരും സാധാരണ ചിലവഴിക്കാന്‍ മടികാണിക്കാത്ത ഉദാരത കാണിക്കുന്ന ഒന്നാണ് ദേഷ്യം പ്രകടിപ്പിക്കുക എന്നത്. അടക്കാനാകാത്ത കോപവും കടിച്ചിറക്കുക എന്നത് സ്വര്‍ഗം ലക്ഷ്യമാക്കി സഞ്ചരിക്കുന്നവരുടെ ഉത്തമ വിശേഷണമാണ്. ദേഷ്യം വരുമ്പോള്‍ അതു പ്രകടിപ്പിക്കുകയാണെങ്കില്‍ പിന്നീട് അതിന്റെ പേരില്‍ നാം ഖേദിക്കേണ്ടിവരും. അതു നിയന്ത്രണ വിധേയമാക്കുകയാണെങ്കില്‍ പിന്നീട് നമുക്കാശ്വാസവും അനുഭവപ്പെടും. മക്കളുടെ മുമ്പില്‍വെച്ച് ഭാര്യമാരോട് നിങ്ങള്‍ കോപിക്കരുതെന്ന് പ്രവാചകന്‍(സ) പറഞ്ഞത് കോപം വരുന്ന സന്ദര്‍ഭത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
3.ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരാണവര്‍ : എത്ര പ്രയാസമുള്ളതാണെങ്കിലും അതെല്ലാം വിട്ടുവീഴ്ച ചെയ്യുന്നവരാണവര്‍. വീഴ്ചകള്‍ പൊറുത്തുകൊടുക്കാനും ബന്ധങ്ങള്‍ ചേര്‍ക്കാനും കൂടുതല്‍ സൗഹൃദം സ്ഥാപിക്കാനും ഏറ്റവും അനുകൂലമായ സന്ദര്‍ഭമാണിത്. ‘നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തുതരണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെയോ എന്നാണ് ഇതിനെ കുറിച്ച അല്ലാഹുവിന്റെ ചോദ്യം. അല്ലാഹു ഇഷ്ടപ്പെടുന്ന സുകൃതവാന്മാരുടെ വിശേഷണമാണിതെല്ലാം എന്ന് ഖുര്‍ആന്‍ ചേര്‍ത്തു പറയുന്നത് ശ്രദ്ദേയമാണ്.
4. അരുതായ്മകളും മ്ലേഛതകളും പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവെ ഓര്‍ത്ത് പശ്ചാത്തപിച്ചു മടങ്ങുന്നവരാണവര്‍ : ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധികളെന്ന നിലക്ക് മനുഷ്യരില്‍ ഇതെല്ലാം ഉണ്ടാകുമെന്ന് അല്ലാഹുതന്നെ ആദമിന്റെ ചരിത്രം വിവരിക്കുന്നിടത്ത് സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ട് മലക്കുകളുടെ മുകളിലാണ് നിങ്ങളുടെ സ്ഥാനം എന്നും അല്ലാഹു വിവരിക്കുകയുണ്ടായി. നമുക്ക് മാത്രം അറിയാന്‍ കഴിയുന്ന നിരവധി തെറ്റുകുറ്റങ്ങള്‍ നമ്മിലുണ്ടാകാം. യഥാര്‍ഥത്തില്‍ ഇത്തരം തിന്മകളുടെ നാശം നമുക്ക് തന്നെയാണ്. അതിനാലാണ് സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചു എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതില്‍ ഉറച്ചുനില്‍ക്കുകയോ ന്യായീകരിക്കുകയോ ചെയ്യാതെ അല്ലാഹുവിനോട് പാശ്ചാത്തപിക്കുന്നവര്‍ക്കാണ് സ്വര്‍ഗത്തിലെത്താന്‍ കഴിയുന്നത്.
പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളെ സ്വര്‍ഗത്തിലേക്കുള്ള പാതയില്‍ വലിയ ഒരു മുതല്‍ക്കൂട്ടായി നാം ഓരോരുത്തരും ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.