സമ്പത്ത്; ശ്രേഷ്ഠതയും പ്രാധാന്യവും
ധനം ദുൻയാവിലെ സുപ്രധാന ഘടകങ്ങളിലൊന്നാണ് എന്നപോലെതന്നെ മതത്തിലും അതിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഏതൊരു പ്രവർത്തനത്തിനും അടിസ്ഥാനം പണമാണ് അതിനാൽ പണം ജീവിതത്തിന്റെ കൂടി നട്ടെല്ലാണ് എന്ന് വേണം പറയാൻ. അല്ലാഹു പറയുന്നു: “നാഥൻ നിങ്ങളുടെ നിലനിൽപ്പിനുള്ള മാർഗമായി നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കൾ നിങ്ങൾ വിവേകമില്ലാത്തവർക്ക് കൈ വിട്ടുകൊടുക്കരുത്”. മതത്തിൽ അതിന് തുല്യപ്രാധാന്യം ഉണ്ടെന്നിരിക്കെ ഇസ്ലാമിന്റെ സുപ്രധാന പഞ്ചസ്തംഭങ്ങളിൽ മൂന്നാമതായി അതിനെ എണ്ണുന്നുമുണ്ട്, അഥവാ സക്കാത്ത്. സക്കാത്ത് എന്നത് ധനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആരാധനയാണ്.
പഞ്ചസ്തംഭങ്ങളിൽ മറ്റു രണ്ടെണ്ണം കൂടെ ധനവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നമസ്കാരം കൂടെ കൊണ്ടുപോകുന്നതിന് മസ്ജിദുകളും അതിന്റെ നിർമ്മാണവും പരിപാലനവും അത്യന്താപേക്ഷിതമാണ്, ഇതെല്ലാം ധനവുമായി ബന്ധപ്പെട്ടതാണ്. പഞ്ചസ്തംഭങ്ങളിൽ ഏറ്റവും കൂടുതൽ ധനവുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊന്നാണ് ഹജ്ജ്. കൂടാതെ തന്റെ സഹജീവികൾക്ക് ഗുണം ചെയ്യലും ബന്ധങ്ങളെ കൂട്ടിച്ചേർക്കലും സ്വദഖ ചെയ്യലും വഖഫ് ചെയ്യലും എല്ലാം ധനവുമായി കൂട്ടിയിണക്കപ്പെട്ടതാണ്. പ്രബോധനത്തിന്റെ മേഖലയിലും അറിവു പഠിക്കാനും പകർന്നുനൽകാനും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും പണം കാര്യമായ പങ്കു വഹിക്കുന്നുണ്ട്. അതിനാൽ സമ്പന്നരായ മുസ്ലിം സഹോദരങ്ങൾ അവരുടെ ധനം മുഴുക്കെയും നാഥന്റെ വഴിയിലായി ദീനിന്റെ നേട്ടത്തിനും സേവനങ്ങൾക്കും വേണ്ടി ചിലവഴിക്കേണ്ടതുണ്ട്.
പണമുള്ളവന് മാന്യമായ ജീവിതവും ചേറില്ലാത്ത വിഭവവും ലഭിക്കുന്നു. ധനവാന്റെ കൈ എന്നും ഉയർന്നു നിൽക്കുകയും കണക്കില്ലാതെ നന്മയുടെ വഴിയിൽ അവന് ചെലവഴിക്കാനാവുകയും ചെയ്യുന്നു. പ്രവാചകനൊരിക്കൽ അരുളി: “ഉയർന്ന കരങ്ങളാണ് താഴ്ന്ന കരങ്ങളെക്കാൾ ശ്രേഷ്ഠമായത്. ഐശ്വര്യം തേടുന്നവനെ നാഥൻ ഐശ്വര്യവാനാക്കുകയും പരിശുദ്ധി തേടുന്നവനെയവൻ പരിശുദ്ധനാക്കുകയും ചെയ്യുന്നു.
മറ്റൊരിക്കൽ നബിതങ്ങൾ പഠിപ്പിച്ചു രണ്ടു കാര്യങ്ങളിൽ ഒഴിച്ചു മറ്റേതൊന്നിലും ഒരു മുസ്ലിമിന് അസൂയ പാടില്ല. ഒന്ന് അല്ലാഹു ധനം നൽകി അനുഗ്രഹിച്ചവരാണ്; അവർ നൽകപ്പെട്ട ധനം സത്യത്തിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നു. മറ്റൊന്ന് ജനങ്ങളിൽ അറിവ് നൽകി അനുഗ്രഹിച്ചവർ; അവർ നൽകപ്പെട്ട അറിവിന് സ്വയം പകർത്തുകയും മറ്റുള്ളവർക്ക് പകർന്ന് നൽകുകയും ചെയ്യുന്നു.
ഒരിക്കൽ മുഹാജിറുകളായ ദരിദ്രരായ ഒരു പറ്റം സ്വഹാബികൾ പ്രവാചകനെ സമീപിച്ചു പറഞ്ഞു: ധനാഢ്യർ ഉന്നതിയുടെ എല്ലാ പദവികളും കൊണ്ടു പോകുന്നു. അതെന്താണ് എന്ന് പ്രവാചകൻ തിരക്കി. ഉടനെ അവർ പ്രതിവചിച്ചു : ഞങ്ങൾ നമസ്കരിക്കുന്ന പോലെ അവരും നമസ്കരിക്കുന്നു, ഞങ്ങൾ നോമ്പ് എടുക്കുന്ന പോലെ അവരും നോമ്പെടുക്കുന്നു, അവർ ദാനധർമ്മങ്ങൾ നൽകുന്നു എന്നാൽ ഞങ്ങൾക്ക് ദാനധർമ്മങ്ങൾ നൽകാനാവുന്നില്ല, അവർ അടിമകളെ മോചിപ്പിക്കുന്നു ഞങ്ങൾ അതിനും അശക്തരാണ്. അന്നേരം പ്രവാചകൻ(സ്വ) അവരോടായി പറഞ്ഞു നിങ്ങളെ മുൻകടന്നവരെയെല്ലാം ജയിക്കാനും നിങ്ങൾക്ക് ശേഷമുള്ള സമൂഹം നിങ്ങളെ ജയിക്കാനും, ഹേതുവാകുന്ന അതിമഹത്തായ ഒരു കാര്യം നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെ?!! അതെയെന്ന് അവർ പ്രവാചകനോട് മറുപടി പറഞ്ഞു, അന്നേരം പ്രവാചകൻ അവരെ പഠിപ്പിച്ചു; “എല്ലാ നമസ്കാരത്തിന് ശേഷവും നിങ്ങൾ 33 പ്രാവശ്യം തസ്ബീഹും തക്ബീറും തഹ്മീദും പതിവാക്കുക”. പിന്നീടൊരിക്കൽ മുഹാജിറുകളായ ഈ സ്വഹാബത്ത് വീണ്ടും പ്രവാചകരെ സമീപിച്ചു ഞങ്ങൾ ചെയ്യുന്ന പ്രവർത്തനത്തെ കുറിച്ച് സമ്പന്നരറിയുകയും അവർ ഞങ്ങൾ ചെയ്യുന്നതുപോലെ ചെയ്യുന്നുണ്ടെന്നും അറിയിച്ചു, അന്നേരം പ്രവാചകൻ അരുളി; “അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന ഔദാര്യമാണ് ധനം”.
അനുവദിക്കപ്പെട്ട മാർഗ്ഗങ്ങളിലൂടെ മനുഷ്യൻ അധ്വാനിച്ച് ഫലം കണ്ടെത്തണം, നന്മയുടെ വേരുള്ള പ്രവർത്തനങ്ങൾക്ക് അത് കൂട്ടാവണം. അങ്ങനെ സമ്പന്നൻ ദരിദ്ര സഹോദരങ്ങൾക്ക് താങ്ങ് നൽകണം.മതബോധമുള്ള ധനവാനാണ് മതബോധമുള്ള ദരിദ്രനേക്കാൾ ശ്രേഷ്ഠൻ, എന്നാൽ മത ബോധമില്ലാത്ത ധനവാനേക്കാൾ ശ്രേഷ്ഠൻ ദരിദ്രൻ തന്നെ. ധനം കൊണ്ടു നാഥൻ അനുഗ്രഹിച്ചവരുടെ ഏറ്റവും വലിയ സൗഭാഗ്യം എന്നത് അവർ ചെയ്തുവെച്ച കർമ്മങ്ങളുടെ പ്രതിഫലം മരണാനന്തരവും ജീവസ്സുറ്റതായി നിലനിൽക്കുമെന്നതാണ്. ജാരിയായ സ്വദഖകളും മറ്റും മരണാനന്തര ജീവിതത്തിലവർക്ക് വലിയ മുതൽക്കൂട്ടാകും.
വിനിയോഗത്തിന്റെ അതിരും കതിരും
റബ്ബ് അവന്റെ ദാസന്മാർക്ക് കനിഞ്ഞ് നൽകിയ അനുഗ്രഹങ്ങളിലൊന്നാണ് ധനം. അവൻ തന്ന ധനം ശരിയായ രീതിയിൽ ഉപയോഗിക്കൽ നാമോരോരുത്തരുടെയും കടമയാണ്. ധനം നൽകപ്പെട്ടവർ അത് സംരക്ഷിക്കുക കൂടി വേണമെന്നർത്ഥം. ധനം കൊണ്ടുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങളെ അടിസ്ഥാനപരമായി ഒരോരുത്തരും നിലനിർത്തണം. സൂക്ഷിച്ചു വെക്കലും നിക്ഷേപങ്ങൾക്ക് വേണ്ടി മാറ്റി വെക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്. ഉപകാരത്തിനെടുക്കാതെ പൊതിഞ്ഞുവെക്കലല്ല മറിച്ച് അനാവശ്യമായി ചിലവഴിക്കാതിരിക്കലാണ് സൂക്ഷിപ്പ്.
ധനം കൊണ്ട് ഇല്ലായ്മയിലേക്ക് കൂപ്പുകുത്തേണ്ടി വരുന്ന ദുരവസ്ഥയാണ് ധൂർത്ത്, അല്ലാഹു പറയുന്നു;” അമിതവ്യയം ചെയ്യുന്നവർ പിശാചിന്റെ സഹോദരരാണ്, നാഥന്റെയടുക്കൽ നിഷേധിയാണവൻ”.
ഇബ്നു അബ്ബാസ് തങ്ങൾ പറഞ്ഞു: “പൊങ്ങച്ചവും ദുരുപയോഗവും നിങ്ങളെ വഴിപിഴപ്പിക്കാത്തിടത്തോളം നിങ്ങൾ ഇഷ്ടമുള്ളത് ഭക്ഷിക്കുകയും ഇഷ്ടമുള്ളത് ധരിക്കുകയും ചെയ്യുക. പൊങ്ങച്ചം എന്നത് ഭൗതികമായ മേൽക്കോയ്മയും ഐശ്വര്യത്തെയും ഇഷ്ടപ്പെട്ടലാണ്; അത് ഉടുതുണിയിലോ അന്നപാനീയങ്ങളിലായാലും ശരി.
വിവേകത്തോടെയുള്ള വിനിയോഗത്തിന്റെയും സൂക്ഷിപ്പിന്റെയും വിപരീതങ്ങൾ ആണ് ധൂർത്തും ദുർവിനിയോഗവും. എല്ലാ നിലക്കുംസാമൂഹികപരമായും വ്യക്തിപരമായും അത് മനുഷ്യനെ ദോഷമുണ്ടാക്കുന്നു.അതിനാൽ പടച്ചവൻ ഔദാര്യമായി തന്ന ധനം അവന്റെ തൃപ്തിയില്ലാതിടത്ത് കരുതി വെക്കുന്നതും വിനിയോഗിക്കുന്നതും മുസ്ലിമിനെ ഭൂഷണമല്ല.അതിരില്ലാതെ സ്രഷ്ടാവ് കനിഞ്ഞു തന്ന അനുഗ്രഹങ്ങളോട് മനുഷ്യൻ ചെയ്യുന്ന നന്ദികേട് മാത്രമാണത്. മിതത്വം പാലിക്കുകയും നൽകപ്പെട്ട അനുഗ്രഹങ്ങളെ നാഥൻ തൃപ്തിപ്പെട്ട വഴിയിൽ ചെലവഴിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മുസ്ലിമും സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെടുന്നത്, അവിടെയാണ് സുകൃതത്തിന്റെ വഴി തുറക്കപ്പെടുന്നതും.
വിവ:ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ