വേർപാട് – 27
اللهم إنك قد قنط سهلاً، وعبد الملك، ومزاجماء فلم أزدد لك إلا حياء ولا فيما عندك إلا رغبة عِنْدَكَ إِلَّا رَغْبَةً فَلَمْ أَزْدَدْ لَكَ إِلَّا حُبّا، فَاقْبِضْنِي إِلَيْكَ غَيْرَ مُضَيِّعِ وَلَا مُفَرِّطٍ
“അല്ലാഹുവേ, നീ സഹ്ലിനേയും അബ്ദുൽ മലികിനേയും മുസാഹിമിനേയും തിരിച്ചെടുത്തുവല്ലോ. അതെനിക്ക് നിന്നോടുള്ള ഇഷ്ടവും നിന്റെയടുക്കലുള്ളതിനോടുള്ള പ്രത്യാശയും വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. അതിനാൽ നീ എന്നെ അശ്രദ്ധനും അലംഭാവിയുമല്ലാതിരിക്കെ നിന്നിലേക്ക് തിരിച്ചെടുക്കേണമേ.
തീർച്ചയായും സ്വന്തം മകനെ നഷ്ടപ്പെടുന്നതിനേക്കാൾ വേദനാജനകമായ മറ്റൊരു കാര്യവും ഒരാളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. അത്തരം വേദനകളിൽ നിന്ന് കരകയറാൻ നിരവധി മാർഗങ്ങൾ ഉണ്ട്. എങ്കിലും ആത്യന്തികമായി ഇങ്ങനെയുള്ള വേദനകൾ ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അത്തരം കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അല്ലാഹു ക്ഷമയും സമാധാനവും പ്രദാനം ചെയ്യുകയും അവരുടെ മക്കളെ സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.
നാം ജീവിച്ചിരിക്കെ ചെറുപ്രായത്തിലുള്ള നമ്മുടെ മക്കൾ മരണപ്പെട്ടു പോവുകയെന്നത് നമ്മുടെയൊക്കെ പേടി സ്വപ്നമാണ്. എന്നാൽ പ്രവാചകൻ (സ്വ) ഇങ്ങനയൊരു അനുഭവത്തിലൂടെ ആറു തവണയാണ് കടന്നു പോയത്. ചെറുപ്രായത്തിലുള്ള തന്റെ ആറു മക്കളെ പ്രവാചകന് സ്വന്തം കൈ കൊണ്ട് ഖബറടക്കേണ്ടി വന്നു. ആറു മക്കളെയും സ്വന്തം കൈ കൊണ്ട് പള്ളികാട്ടിൽ മറമാടേണ്ടി വന്നാൽ എന്തായിരിക്കും അതിന് ശേഷം നമ്മുടെ പ്രതികരണം? നിങ്ങളുടെ ചുറ്റുമുള്ളവരോട് പുഞ്ചിരിയോട് കൂടി പെരുമാറാൻ നമുക്ക് സാധിക്കുമോ?
ഉമർ ബിൻ അബ്ദുൽ അസീസ് (റ) വിന് അദ്ദേഹത്തിന്റെ മൂന്നു മക്കളെ, സഹൽ, അബ്ദുൽ മലിക്ക്, മുസാഹിം എന്നായിരുന്നു അവരുടെ പേര്, അദ്ദേഹം ജീവിച്ചിരിക്കെ നഷ്ടപ്പെട്ടു. ആ സന്ദർഭത്തിലാണ് അദ്ദേഹം ഹൃദയസ്പർശിയായ ഈ പ്രാർത്ഥന നടത്തുന്നത്.
മക്കളുടെ വേർപാടിൽ എനിക്ക് സങ്കടമില്ല എന്ന് ഉമർ (റ) പറഞ്ഞില്ല. സങ്കടവും വേദനയും സ്വഭാവികമായിരുന്നു. റസൂൽ (സ്വ) പോലും തന്റെ മക്കളുടെ വേർപാടിൽ കരഞ്ഞിരുന്നു. പക്ഷെ ഉമർ (റ) പ്രാർത്ഥനയിൽ പറയുന്നത്, മക്കളുടെ വേർപാട് സങ്കടപ്പെടുത്തുന്നുവെങ്കിലും അതു കൊണ്ടൊന്നും അല്ലാഹുവിനോട് കോപമോ ഇഷ്ടകേടോ ഒരു നിലക്കും ഉണ്ടാവില്ല എന്നാണ്. മാത്രമല്ല ഈ സംഭവം അദ്ദേഹത്തിന് അല്ലാഹുവിനോടുള്ള സ്നേഹം വർധിപ്പിക്കുകയും പരലോകത്തിന് വേണ്ടി കൂടുതൽ ആഗ്രഹത്തോട് കൂടി കാത്തിരിക്കാൻ സന്നദ്ധനാക്കുകയുമാണ് ചെയ്തത്.
ഈ ലോകത്ത് കയ്പുള്ള അനുഭവങ്ങളും വേദന നൽകുന്ന സംഭവങ്ങളും നമുക്ക് മേൽ ഉണ്ടായിട്ടുണ്ടെങ്കിൽ പരലോകത്ത് എത്തുമ്പോൾ അതൊക്കെയും മധുരമുള്ളതും ആശ്വാസം നൽകുന്നതുമായ സംഭവങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കണം. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് നാം തെറ്റിദ്ധരിക്കരുത്. പകരം വേദനകളെ പരലോകത്തെ സുഖങ്ങളാക്കി എങ്ങനെ മാറ്റം എന്നാണ് നാം ആലോചിക്കേണ്ടത്. റസൂലും ഉമർ ബിൻ അബ്ദുൽ അസീസുമെല്ലാം (റ) അങ്ങനെയാണ് ആലോചിച്ചത്.
അല്ലാഹു നമ്മുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമാറാകട്ടെ. മക്കളെ നഷ്ടപെട്ട് പോയവർക്ക് അല്ലാഹു ആശ്വാസം നൽകട്ടെ.
വിവ – ടി.എം ഇസാം
🪀 കൂടുതല് വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL