വേദവാക്യങ്ങളുടെ താരോദയം
ഖുർആനിന്റെ അവതീർണം കൊണ്ടാണ് റമദാൻ പ്രസക്തമാകുന്നത്. വിശുദ്ധ റമദാൻ ഇത്രയേറെ മഹത്വമാർജിക്കുവാൻ കാരണവും ഈ പവിത്രവചസ്സുകളുടെ താരോദയം തന്നെയാണ്. 14 നൂറ്റാണ്ട് മുൻപ് ശാരീരികമായും മാനസികമായും കൊടും ചൂടിൽ വറ്റിവരണ്ട ജനപദങ്ങളിലേക്ക് ആശ്വാസമേകിക്കൊണ്ട് ഖുർആനാകുന്ന ജലം അല്ലാഹു ഇറക്കിക്കൊടുക്കുകയായിരുന്നു. സുന്ദരവും ലളിതവും അവക്രവുമായിരുന്നു അതിൻറെ ബോധന രീതി. സമീപസ്ഥങ്ങളായ വസ്തുതകളെ ചൂണ്ടിയും സ്വാനുഭവങ്ങളെ കീർത്തിച്ചും പ്രവാചകൻ ചൊരിയുന്ന മൊഴിമുത്തുകൾ അനുവാചകന്റെ മനസ്സിൽ ആഞ്ഞുപതിച്ചു. അന്ധകാരത്തിൽ ആണ്ടുമുങ്ങിയ ഒരു നാഗരികതയെ പുതിയൊരു പ്രഭാമയത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു ആ മഹാഗ്രന്ഥം. വികാസവും പുരോഗതിയുമൊക്കെ തൊട്ട്തീണ്ടിയിട്ടില്ലാത്തൊരു പ്രദേശത്തായിരുന്നു അനന്തപ്രപഞ്ചങ്ങളുടെ രഹസ്യ വിശേഷങ്ങളടങ്ങിയ പാഠപുസ്തകം അവർക്ക് മുന്നിൽ തുറന്നത്. അന്നു മുതൽ വിസ്മയ വിജ്ഞാന താരാപഥത്തിലേക്ക് മനുഷ്യന്റെ ബോധതലങ്ങളെ ആ വേദഗ്രന്ഥം കൂട്ടികൊണ്ടുപോകുന്നു. ഒരേ സമയം പാരായണത്തിലേക്കും മന:പ്പാഠത്തിലേക്കും അധ്യാപനത്തിലേക്കും സജീവചർച്ചകളിലേക്കും കൂട്ടിക്കൊണ്ട് പോകുന്ന അമൂല്യഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രമാണ്. മാത്രവുമല്ല ,ലോകത്ത് വിപ്ലവം സൃഷ്ടിച്ച ധൈഷണിക മസ്തിഷ്കങ്ങളെ വല്ലാതെ ഉറക്കം കെടുത്തിക്കളഞ്ഞ ഗ്രന്ഥം. ജീവിതത്തിന്റെ ആധാരശില തുടങ്ങി സാമൂഹ്യമാറ്റമാണ് ഏത് മാനവിക ദർശനവും വിഭാവനം ചെയ്യുന്നത്.
ഖുർആനും ഇതിൽ നിന്നും വ്യത്യസ്ഥമല്ല. അതുകൊണ്ടാണ് സത്യവേദത്തിൽ ഉടനീളം ജനം (അന്നാസ്) എന്ന പദം നിറഞ്ഞു നിൽക്കുന്നത്. ജനങ്ങളിലാണ് ഖുർആൻ മാറ്റമാഗ്രഹിക്കുന്നത്. സന്തുലിതവും സംയോജിതവും കേവലുവുമായ ഏകത്വ ദർശനം കൃത്യമായത് വരച്ചുകാട്ടുന്നു. മാത്രവുമല്ല, മനുഷ്യനെ സമഗ്രമായി വിലയിരുത്താൻ പലപല മാനവിക ദർശനങ്ങളും വിമുഖത കാണിച്ചപ്പോൾ മനുഷ്യൻ ഒരു സമന്വയ ശില്പമാണെന്നും അവനിലെ വികാരവിചാരങ്ങളൊന്നും ഭിന്നങ്ങളല്ലെന്നും ഭൗതിക ആദ്യാത്മിക സമുന്നതികളിലേ അവന്റെ പൂർണ്ണവികാസം പൂവണിയുകയുള്ളൂവെന്നും ഖുർആൻ ഉറക്കെ പ്രഘോഷിച്ചു.
പ്രശസ്ത ചിന്തകൻ ആർനോൾഡിന്റെ The Preaching of islam എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് കാണാം: ‘അനുവാചകാഭിരുചിക്കനുഗുണമായി അവ ഏറ്റവും മുന്തിയ കലാംഭംഗിയിൽ കടഞ്ഞെടുത്തതായിരുന്നു. ഹൃദയങ്ങളിൽ അമ്പുപോലത് ആഞ്ഞു തറയ്ക്കുന്നു. ശ്രവണസൗന്ദര്യംകൊണ്ട് അവകാതുകളെ താനേ വശീകരിക്കുന്നു. രചനാ സൗകുമാര്യത്തിൽ മതിമറന്ന ചുണ്ടിണികൾ അവ സ്വയം ഉരുവിട്ടുപോന്നു. മാത്രവുമല്ല, പ്രാരംഭവാക്യങ്ങളിൽ സാർവലൗകിക സത്യങ്ങളാണ് ഉള്ളടക്കമെങ്കിലും തെളിവുകളും സാക്ഷ്യങ്ങളും ഉപമകളും അലങ്കാരങ്ങളുമൊക്കെ അനുവാചക വൃന്ദത്തിന് സുപരിചിതമായ ചുറ്റുപാടുകളിൽ നിന്നെടുത്തവയായിരുന്നു. അവരുടെ ചരിത്ര പാരമ്പര്യങ്ങളും അനുദിനം അവർക്ക് ദൃശ്യമായിരുന്ന ദൃഷ്ടാന്തങ്ങളും അവരുടെ തന്നെ വിശ്വാസപരവും ധാർമികവും സാമൂഹികവുമായ വൈകല്യങ്ങളുമാണവയിൽ പ്രതിപാദിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.’
അങ്ങനെ സാംസ്കാരികവും നാഗരികവും മതപരവുമായി ജനങ്ങളെ സംസ്കരിക്കുകയായിരുന്നു യഥാർത്ഥത്തിൽ ഖുർആനിന്റെ ലക്ഷ്യം. റസൂലിലൂടെ ശബ്ദമായും ദൃശ്യമായും പരന്നൊഴുകി ജനഹൃദയങ്ങളിൽ മഹാവിസ്മയമായിത്തീരുകയായിരുന്നു ഖുർആൻ. ദൈവസാമ്രാജ്യത്തിലെ രണ്ട് തലങ്ങളായ ഇഹവും പരവും സമന്വയിച്ചിരുന്നു. കാലദേശാതിവർത്തിയായ ഈ ദർശനസ്വാധീനം മനുഷ്യചിന്തയെ വല്ലാതെ പ്രോജ്ജ്വലിപ്പിച്ചു. വിചാരവിശ്വാസങ്ങളിൽ വിപ്ലവം സൃഷ്ടിച്ച്, ലോകനാഗരികതക്ക് പ്രോഝാഹകമായി മാറി, അടിമകളെ ചേർത്ത്പിടിച്ച് അക്ഷരത്തിനും അറിവിനും അനല്പമായ അംഗീകാരവും നൽകി. മാത്രവുമല്ല, മനുഷ്യനാണ് ഖുർആനിന്റെ പ്രമേയം. മനുഷ്യന്റെ ദൈവദത്തമായ കഴിവുകളിൽ പ്രമുഖം അവന്റെ ബുദ്ധിശക്തിയാണ്. ഗവേഷണവും നിരീക്ഷണവും പ്രയോഗ വൽക്കരണവും മനുഷ്യമേദയുടെ സവിശേഷതകളാണ്. സമഗ്രവികാസം കൈവന്ന പൂർണ്ണ മനുഷ്യനെ ഖുർആൻ വിഭാവനം ചെയ്യുകയായിരുന്നു. അപ്പോൾ മനുഷ്യന്റെ ബുദ്ധിയുടെയും ചിന്തയുടെയും വ്യക്തിത്വത്തിന്റെയുമെല്ലാം രചന ഖുർആന്റെ കർമ്മതലത്തിലെ മുഖ്യവശങ്ങളായി മാറി..
ചരിത്രം പരതിയാൽ സ്വഹാബാക്കളെയും ആദ്യകാല മുസ്ലിങ്ങളെയും മാത്രമായിരുന്നില്ല ഖുർആൻ സ്വാധീനിച്ചതെന്ന് നമുക്ക് മനസ്സിലാകും. പ്രതിയോഗികളും ശത്രക്കളും രഹസ്യമായും പരസ്യമായും തന്നെ ഖുർആനിന്റെ മധുനുണഞ്ഞിരുന്നു. ആ മധുരവീണ നമ്മുടെ ഹൃദയത്തിനടുത്ത് വെച്ച് മീട്ടുമ്പോൾ നമ്മുടെ ഹൃദയവീണയിലെ തന്ത്രികളാകെ അനുസ്പന്ദഭരിതമാകുന്നു. മനസ്സിലെ മാലിന്യങ്ങളും മ്ലാനതകളും അത് കഴുകിക്കളയുന്നു. ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന വലീദുബ്നുൽ മുഗീറയുടെ മനസ്സിൽ പോലും ഖുർആൻ വിസ്മയം വിളയിച്ചത് ചരിത്രത്തിൽ കാണാം. മഹാനായ ഇബ്നുകഥീർ (റ) അദ്ധേഹത്തിന്റെ തഫ്സീറിൽ സൂറ:ഫുസ്സിലത്തിന്റെ അഞ്ചാംവചനത്തിന്റെ വിഖ്യാനത്തിൽ ഒരു സംഭവം രേഖപ്പെടുത്തുന്നുണ്ട്: ‘ ഉത്ബത്തുബ്നു റബീഅ, അന്നത്തെ കുപ്രസിദ്ധനായ ഒരു ദുർമന്ത്രവാദിയായിരുന്നു. ആഭിചാരംപോലുള്ള ദുരാചാരങ്ങളാണ് ഉത്ത്ബത്തിന്റെ കുലവൃത്തി. ഒരു ദിവസം നബി(സ)യെ കണ്ട ഉത്ബ പരിഹാസം കലർന്ന സ്വരത്തിൽ ഇങ്ങനെ ചോദിച്ചു: ” മുഹമ്മദേ നീയാണോ പ്രഗത്ഭൻ അതോ അബ്ദുല്ലയോ?” പ്രവാചകൻ മിണ്ടിയില്ല. ഉത്തബത്ത് ചോദ്യം കുറച്ചു കൂടി ഉറക്കെ ആവർത്തിച്ചു. പ്രവാചകൻ നിശബ്ദത പാലിച്ചു തന്നെനിന്നു. ഉത്ത്ബത്ത്: ” അവരെല്ലാം നിന്നെക്കാൾ ഉത്തമന്മാരും പ്രഗത്ഭരുമാണെന്ന് നിനക്കഭിപ്രായമുണ്ടെങ്കിൽ നീയിന്നധിക്ഷേപിക്കുന്ന ആരാദ്ധ്യന്മാരെയാണ് അവരാദരിച്ചിരുന്നത്. നീ അവരേക്കാൾ നല്ലവനാണെന്ന് നിനക്കിപ്രായമുണ്ടെങ്കിൽ നീയത് പറയൂ. നിന്നെപോലെ സമുദായത്തിന്ദ്രോഹം ചെയ്യുന്നവരായി ആരുമില്ല. ഇങ്ങനെ തുടങ്ങി പരിഹാസം കലർന്ന വാചകങ്ങളും മറ്റ് ചില ഓഫറുകും ഉത്ത്ബത്ത് മുന്നോട്ട് വെച്ചു. പ്രവാചകൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ,മൗനം ഭഞ്ജിച്ച് ഖുർആനിക സൂക്തമായ ‘സൂറ:ഫുസ്സിലത്തി’ന്റെ ആദ്യഭാഗം പതുക്കെയാലപിച്ചു. ഉത്ത്ബത്ത് വിസ്മയസ്തബ്ധനായി. കൂടുതൽ കേൾക്കാൻ കരുത്തില്ലാത്തവനെപ്പോലെ മുഹമ്മദിനോട് ആലാപനം നിർത്താനാവിശ്യപ്പെട്ടു. ഉത്ത്ബത്ത് തിരിഞ്ഞു നടന്നു. നേരെ ഖുറൈശിക്കൂട്ടത്തിലേക്കാണ് ചെന്നത്. ഉത്ത്ബത്തിന്റെ മുഖഭാവവും പെരുമാറ്റരീതികളും കണ്ട് അവർ വിസ്മയിച്ചു. ഉത്ത്ബ പതുക്കെ അവരോട് പറഞ്ഞു: “ഞാനിപ്പോൾ, എന്റെ ജീവിതത്തിന്റെ മുമ്പൊരിക്കലും കോൾക്കാത്ത ചില കാര്യങ്ങൾ കേട്ടു. അതു മാരണവൃത്തിയല്ല, ആഭിചാരക്രിയയല്ല, ദുർമന്ത്രവാദവുമല്ല. കാലം കനകംപോലെ സുക്ഷിക്കാൻ പോകുന്ന മണിമുത്തുകളാണവ. ഹൃദയഹാരിയായ പവിത്രവചസ്സുകളാണവ. മറക്കാനാവാത്ത ആ വചനങ്ങൾ എന്റെ മനസ്സിനെ ഇപ്പോഴും കൊതിപ്പിക്കുന്നു”. ഇങ്ങനെതുടങ്ങി ധാരാളം ചരിത്രശലകങ്ങൾ നമുക്ക്മുന്നിലുണ്ട്.
അതീവ സങ്കീർണമായ വിഷയങ്ങൾപോലും അയത്നലളിതമായും എന്നാൽ സമഗ്രമായും കൈകാര്യം ചെയ്യുന്ന ഖുർആനിക ശൈലി ആരെയും അമ്പരിപ്പിക്കാൻ പോന്നതാണ്. സങ്കീർണമായ ഒരു ബൃഹദ് വിഷയമാണല്ലോ അനന്തരവകാശം, ഗണിത ശാസ്ത്ര സമവാക്യങ്ങളില്ലാതെ കേവലം സാധാരണ വാക്കുകളടങ്ങിയ ഖുർആനിലെ രണ്ട് വാചകങ്ങളിൽ ഈ വിശാലമായ വിഷയം മുഴുവൻ ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രവാചകനിലൂടെ പുറത്തു വന്ന വചനങ്ങൾ സദാചാര -മാനുഷികമൂല്യങ്ങളെ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. കൊച്ചുവാചകങ്ങളിൽ പോലും ആശയ പ്രപഞ്ചം സന്നിവേശിപ്പിക്കുന്ന വിദ്യയും നമുക്കതിൽ കാണാം. ” നീ വിട്ടു വീഴ്ച്ചചെയ്യുക, നല്ലത് കൽപ്പിക്കുക, മൂഢന്മാരെ അവഗണിക്കുക’ (7:199). ‘നീതിയും പരോപകാരവും കുടുംബസഹായവും അല്ലാഹു കൽപ്പിക്കുന്നു. ഹീനകൃത്യങ്ങളും അക്രമവും അല്ലാഹു വിലക്കുകയുംചെയ്യുന്നു.'(27:90). ധാർമികബോധത്തിന്റെ ഉദാത്ത ശീലങ്ങൾ ജനങ്ങളിലങ്കുരപ്പിക്കാനായി ഖുർആൻ നടത്തുന്ന പ്രബോധന ശൈലി ആധുനിക ശാസ്ത്രജ്ഞർ പോലും പുകഴ്ത്തിയിട്ടുണ്ട്. മാത്രവുമല്ല, മനുഷ്യപ്രകൃതിയിൽ അന്തർലീനമായിരിക്കുന്ന നന്മ ചെയ്യാനുള്ള ദാഹത്തെഖുർആൻ ഉണർത്തി, നന്മയിലും ധർമനിഷ്ഠയിലും പരസ്പരം സഹായിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഈ മഹാഗ്രന്ഥം. സകലസ്പർശിയാംവിധം സമ്പൂർണവും ഭാസുരവുമായ ആ ദൈവവചസ്സുകളുടെ മാസ്മരികതയാണ് കാട്ടറബിയെപോലും ഖലീഫയാക്കിമാറ്റിയത്.
🪀 കൂടുതല് വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL