റമദാനിലെ അവസാനത്തെ പത്തും പെരുന്നാളിന്റെ കുളിരും
വിശിഷ്ടാതിഥി പോകാനൊരുങ്ങുകയാണ്. വരുന്ന നേരത്ത് നാം നന്നായി ഒരുങ്ങിയാണ് വരവേറ്റത്. അതിനേക്കാള്‍ ഉത്തമമായി വേണം യാത്രയയപ്പു നല്കാന്. ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ, മനസ്സിന് കുളിര്മയേകുന്ന, സ്മരണകള്‍ അവശേഷിക്കുന്ന രൂപത്തില്‍ വേണം ഇനിയുള്ള ദിവസങ്ങളില്‍ അതിഥിയോടൊത്തുള്ള നമ്മുടെ സഹവാസവും പെരുമാറ്റവും. ഈ കാര്യം തിരുനബി വളരെ പ്രായോഗികമായി പഠിപ്പിച്ചിരിക്കുന്നു. റമദാനിലെ ആദ്യ ദിനങ്ങളില്‍നിന്ന് വിഭിന്നമായി അവസാനത്തെ പത്ത് ദിവസങ്ങള്‍ രാവും പകലും വ്യത്യാസമില്ലാതെ ആരാധനകള്‍ക്കായി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അത് അദ്ദേഹത്തില്‍ മാത്രം ഒതുങ്ങാതെ കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. ആയിശ (റ) പറയുന്നു: ”റമദാനിലെ അവസാനത്തെ പത്തായിക്കഴിഞ്ഞാല് തിരുമേനി മുണ്ട് മുറുക്കിയുടുക്കും. രാവിനെ സജീവമാക്കും. കുടുംബത്തെ വിളിച്ചുണര്‍ത്തും.” (ബുഖാരി)
അതിനാല്‍ എല്ലാവരും തങ്ങളുടെ വീടുകള്‍ അവശേഷിക്കുന്ന പുണ്യരാവുകളും പകലുകളും ശരിക്കും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. പള്ളിയില്‍ തറാവീഹിന് പങ്കെടുക്കാന്‍ പ്രയാസമുള്ളവര്‍ വീട്ടില്‍ മറ്റുള്ളവരെ വിളിച്ചുകൂട്ടിയോ ഒറ്റക്കോ നിര്‍വഹിക്കേണ്ടതാണ്. കഴിയുന്നത്ര ഖുര്‍ആന്‍ മനഃപ്പാഠമാക്കാനും ശ്രമിക്കണം.
ഇവിടെ ഭാര്യ ഭര്‍ത്താവിനെയോ ഭര്‍ത്താവ് ഭാര്യയെയോ കാത്തിരിക്കേണ്ടതില്ല. നന്മയുടെ കാര്യത്തിലുള്ള മത്സരത്തില്‍ പരസ്പരം സഹായിക്കുകയും ചെയ്യേണ്ടതാണ്. പ്രാര്‍ഥനക്ക് ഉത്തരം നല്കാന് വേണ്ടി പടച്ച തമ്പുരാന് കാതോര്‍ത്തിരിക്കുന്ന രാത്രിയുടെ അന്ത്യയാമങ്ങള്‍ ഭക്തി നിര്‍ഭരമായ രാത്രികളാക്കി മാറ്റാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അത്തരം രാവുകളിലൊന്ന് ലൈലത്തുല്‍ ഖദ്റായിരിക്കും. ഒരാളുടെ ശരാശരി വയസ്സില്‍ ഇബാദത്ത് ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലമത്രയും ആ ഒരൊറ്റ രാവിന് അല്ലാഹു നല്‍കിയിരിക്കുകയാണ്. ഏത് രാവാണ് അതെന്ന് അറിയിക്കാതെ അല്ലാഹു ഗോപ്യമാക്കി വെച്ചിരിക്കുന്നതിന്റെ യുക്തി അതാണ്.
ഫിത്വ് ർ സകാത്ത്
റമദാനുമായി ബന്ധപ്പെട്ടതും റമദാനിന് ശേഷം അവസരമില്ലാത്തതുമായ സകാത്താണ് ഫിത്വ് ർ സകാത്ത്. ഫിത്വ് ർ എന്നാല്‍ നോമ്പ് അവസാനിപ്പി ക്കുന്നതിന് പറയുന്നതാണ്. അതിനാല്‍ നോമ്പവസാനിപ്പിക്കുന്നത് മുതലാണ് അതിന്റെ സമയം ആരംഭിക്കുക. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് അത് കൊടുത്തു വീട്ടുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ കൊടുക്കാനുളള നിയമപരമായ ബാധ്യത പെരുന്നാളിനും തലേന്നും ഭക്ഷണം കഴിക്കാന്‍ വകയുള്ളവര്ക്കാണ്. ആ വകയുള്ളവര്‍ സ്വന്തം നിലക്കാണ് കൊടുത്തുവീട്ടേണ്ടത്. ഈ അര്‍ഥത്തില്‍ വരുമാനവും കഴിവും ഉള്ള എല്ലാവരും അവരുടേത് അവര്‍ തന്നെയാണ് കൊടുത്തുവീട്ടേണ്ടത്. ഇങ്ങനെ സമൂ ഹത്തില്‍ മിക്കവാറും എല്ലാവരും നല്കുന്നതില് പല യുക്തികളും അടങ്ങിയിട്ടുണ്ട്. ഹദീസില്‍ വന്നതുപോലെ അഗതികള്‍ക്ക് പെരുന്നാള്‍ ദിവസം ആഹാരത്തിനുള്ള വകയായും നന്നെ ചുരുങ്ങിയത് പെരുന്നാള്‍ ദിവസമെങ്കിലും ആരുടെയും മുമ്പില്‍ കൈനീട്ടാതിരിക്കാനുമുളള അവസരം സൃഷ്ടിക്കുക എന്നതും സകാത്വുല് ഫിത്വ്റിന്റെ താല്പര്യമാണ്.
വാങ്ങി മാത്രം ശീലിച്ച കൈകള്‍ ചെറുതെങ്കിലും കൊടുത്തും ശീലിക്കട്ടെ എന്ന തത്വമാണ് സമ്പന്നരല്ലാത്തവരും സകാത്ത് കൊടുക്കണമെന്ന് വെച്ചിട്ടുള്ളതിന്റെ യുക്തി.
പെരുന്നാള്‍
നബി (സ) മദീനയില്‍ എത്തിയപ്പോള്‍ അവിടെ രണ്ട് ആഘോഷങ്ങളുണ്ടായിരുന്നു. തിരുമേനി അവരോട് പറഞ്ഞു: ”അല്ലാഹു ഇവ രണ്ടിനും പകരമായി ഈദുല്‍ ഫിത്വ്ര്, ഈദുല്‍ അദ്ഹാ എന്നിങ്ങനെ രണ്ട് സുദിനങ്ങള്‍ നിങ്ങള്‍ക്കാഘോഷിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു.” (അബൂദാവൂദ്)
പെരുന്നാളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അന്നേ ദിവസം ആരും നോമ്പനുഷ്ഠി ക്കുന്നത് നിഷിദ്ധമാണ്. ഇതര മതാനുയായികള്‍ ബന്ധുക്കളാരെങ്കിലും മരണപ്പെട്ട വര്‍ഷം ഒരാഘോഷവും പാടില്ല എന്നാണ് വിശ്വസിക്കുന്നത്. അതുപോലെ പെരുന്നാള്‍ ദിവസം നോമ്പനുഷ്ഠിക്കുക എന്നത് അനുവദനീയവുമല്ല.
ആണ്-പെണ് വ്യത്യാസമില്ലാതെ എല്ലാവരും പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പുറപ്പെടണം. നമസ്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങള്‍ അശുദ്ധിയുള്ളവര്‍ക്കും ആര്ത്തവകാരികള്ക്കും പാടില്ലാത്തതായിട്ട് കൂടി അത്തരം സ്ത്രീകള്‍ പോലും ഈദ്ഗാഹുകളില് കാണികളായി ഹാജരാകുന്നത് പുണ്യകരമാണ്. അത് നിര്‍ബന്ധമാണെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. പെരുന്നാളിന് പ്രഭാത നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ആ ഉദ്ദേശ്യാര്‍ഥം കുളിക്കുന്നത് സുന്നത്താണ്. ഈദുല്‍ ഫിത്വ്റിന്റെ പ്രഭാതത്തില്‍ ഈത്തപ്പഴമോ മറ്റോ കഴിച്ചു പോകുന്നതാണ് സുന്നത്ത്. തലേന്ന് വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച വിശ്വാസി, അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് പെരുന്നാളിന് അത് കഴിക്കുന്നത് വിധേയത്വത്തിന്റെയും അനുസരണത്തിന്റെയും നിദര്‍ശനമാണ്. എന്നാല്‍ ഈദുല്‍ അദ്ഹാ (ബലി പെരുന്നാള്‍)ക്ക് ഒന്നും കഴിക്കാതിരിക്കുന്നതാണ് പ്രവാചക ചര്യ. ഈദുല്‍ഫിത്വ്റിന്റെ ദിവസം വീട്ടില്‍ നിന്ന് പുറപ്പെട്ട് പെരുന്നാള്‍ ഖുതുബ ആരംഭിക്കുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. അതുപോലെ പുതുവസ്ത്രങ്ങള്‍ അണിയുക, സുഗന്ധം പൂശുക തുടങ്ങിയവയൊക്കെ പെരുന്നാളിന്റെ പുണ്യങ്ങളിലും മര്യാദകളിലും പെടുന്നതാണ്. ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധം ചേര്‍ക്കുകയും സന്ദര്‍ശനം നടത്തുകയും ചെയ്യുന്നത് കൂടുതല്‍ സന്തോഷിക്കാനും സഹായിക്കും. രോഗികളും വൃദ്ധരുമൊക്കെയായി കഴിഞ്ഞുകൂടുന്നവര്‍ക്ക് ആശ്വസിക്കാന്‍ പെരുന്നാള്‍ ദിവസത്തെ സന്ദര്‍ശനം വളരെ ഉപകരിക്കും. പെരുന്നാള്‍ ദിവസത്തെ, ടെലിവിഷനു മുമ്പില്‍ ചടഞ്ഞിരുന്ന് അടച്ചിട്ട മുറിയിലെ പെരുന്നാളാക്കാതെ കൂടുതല്‍ ബന്ധങ്ങള്‍ പുതുക്കാനും ഊഷ്മളമാക്കാനുമുള്ള അവസരമായി മാറ്റണം. 30 ദിവസത്തെ തീവ്ര പരിശീലനത്തിന്റെ സത്ഫലങ്ങള്‍ പ്രായോഗികരംഗത്ത് വരുന്നതാവണം പെരുന്നാള്‍ ദിവസം.
കാലത്ത് മുതല്‍ വൈകുന്നേരം വരെ കയര്‍ പിരിച്ച് വൈകുന്നേരം പിരി അഴിച്ചെടുത്ത് പണിമുഴുവന്‍ വൃഥാവിലാക്കുന്ന ഒരു സ്ത്രിയെ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. എന്നിട്ട് അതുപോലെയാവരുതെന്നും ഉണര്‍ത്തുന്നു. ഈ നിര്‍ദേശം തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ പെരുന്നാളിനെ സമീപിക്കേണ്ടതുണ്ട്.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1