അല്ലാഹുവിന്റെ വെളിച്ചം – 22

تَمَّ نُورُكَ فَهَدَيْتَ فَلَكَ الْحَمْدُ. عَظُمَ حِلْمُكَ فَعَفَوْتَ فَلَكَ الْحَمْدُ. وَبَسَطْتَ يَدَكَ فَأَعْطَيْتَ فَلَكَ الْحَمْدُ. رَبَّنَا وَجْهَكَ أَكْرَمُ الْوُجُوهِ ، وَجَاهُكَ خَيْرُ الْجَاهِ، وَعَطِينَاكَ أَفْضَلُ الْعَطِيَةِ وَأَهْدَاهَا، تَطاعُ رَبَّنَا فَتَشْكُرُ، وَتُعْصَى رَبَّنَا فَتَغْفِرُ لِمَنْ شِئْتَ. تُحِيبُ الْمُضْطَرَّ ، وَتَكْشِفُ الضُّرَّ ، وَتَشْفِي السَّقِيمَ، وَتُنْحِي مِنَ الْكَرْبِ ، وَتَقْبَلُ التَّوْبَةَ ، وَتَغْفِرُ الذُّنُوبَ ، لَا يَجْرِي بِالآئِكَ وَلَا يُخْصِي نَعْمَاءَكَ قَوْلُ قَابل
“നിന്റെ പ്രകാശം പൂർണമായിരിക്കുന്നു. അങ്ങനെ നീ സന്മാർഗം കാണിച്ചു തന്നു. നിനക്കാണ് സർവസ്തുതിയും. നിന്റെ ക്ഷമ എത്രയോ മഹത്തരമാണ്. അങ്ങനെ നീ വിട്ടുവീഴ്ച്ച ചെയ്തു. അതുകൊണ്ട് നിനക്കാണ് സർവസ്തുതിയും. നിന്റെ കൈകൾ അയഞ്ഞതായിരുന്നു അങ്ങനെ നീ ദാനം നൽകി. അതുകൊണ്ട് നിനക്ക് സർവസ്തുതിയും. ഞങ്ങളുടെ നാഥാ… നിന്റെ മുഖമാണ് ഏറ്റവും മഹനീയമായ മുഖം. നിന്റെ പ്രതാപമാണ് ഏറ്റവും മഹത്തായ പ്രതാപം. നിന്റെ ഉപഹാരമാണ് ഏറ്റവും ഉൽകൃഷ്ടമായതും സൗന്ദര്യമാർന്നതും. നാഥാ, നിന്നെ അനുസരിക്കുമ്പോൾ നീ കൃതജ്ഞത കാണിക്കുന്നു, നിന്നെ ധിക്കരിക്കുമ്പോൾ, നീ ഇച്ഛിക്കുന്നവർക്ക് നീ പൊറുത്തു കൊടുക്കുന്നു. അശരണന്റെ വിളിക്ക് നീ ഉത്തരം നൽകുന്നു. അവർക്ക് പ്രയാസം അകറ്റി കൊടുക്കുന്നു. രോഗിക്ക് നീ ശമനം നൽകുന്നു. അവർക്ക് ദുരിതത്തിൽ നിന്നും രക്ഷ നൽകുന്നു. നീ പാപമോചനം സ്വീകരിക്കുകയും പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്യുന്നു. നിന്റെ കാരുണാകടാക്ഷങ്ങൾക്ക് മതിയാവോളം നന്ദി പറയുവാനോ നിന്റെ അനുഗ്രഹങ്ങളുടെ കണക്കെടുക്കുവാനോ ആർക്കും സാധ്യമല്ല.”
പ്രവാചകൻ (സ്വ) യുടെ അനുചരന്മാരിൽ ചിലർ അങ്ങേയറ്റം കാവ്യാത്മകതയുള്ളവർ ആയിരുന്നു. അവർ എന്ത് പറയുമ്പോഴും ഒരു തരം കവിത്വം കാത്തു സൂക്ഷിച്ചിരുന്നു. റസൂൽ (സ്വ) യുടെ അടുത്ത കുടുംബക്കാരനും ആദ്യമായി ഇസ്ലാമിന്റെ തണലിലേക്ക് കടന്നു വരികയും ചെയ്ത അലിയ്യ് ബിൻ അബീ ത്വാലിബ് (റ) അത്തരം ആളുകളിൽ ഒരാൾ ആയിരുന്നു. പ്രവാചകന് ഏറ്റവും പ്രിയപ്പെട്ടവനും റസൂൽ (സ്വ)യുമായി പല നിലക്കുള്ള സാമ്യതകളുമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അലി (റ) രാത്രി നമസ്ക്കാരത്തിനിടയിൽ നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായം. വളരെ നീളമുള്ളതും കാവ്യശൈലിയുള്ളതുമായ ദുആയാണ് ഇത്. അല്ലാഹുവിനെ എത്ര അധികം പുകഴ്ത്തിയാലും സ്തുതി പറഞ്ഞാലും അതൊന്നും അവനെ പൂർണമായി സ്തുതിക്കാൻ പാകത്തിലുള്ളതല്ല എന്ന് അലി (റ) വിന് ബോധ്യമുണ്ടായിരുന്നു. അല്ലാഹുവിനോട് നാം എത്ര നന്ദി കാണിച്ചാലും, അവന്റെ കാരുണ്യത്തെയും അവൻ നൽകിയ അനുഗ്രഹങ്ങളെയും എത്ര പുകഴ്ത്തി പറഞ്ഞാലും അതിനൊക്കെയും എത്രയോ മുകളിലാണ് അവന്റെ കാരുണ്യവും അവന്റെ സ്ഥാനവും.
അല്ലാഹുവിനെ ഏറ്റവും സുന്ദരമായി സ്തുതിക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ. അലി (റ) വിന് സ്വർഗം വാഗ്ദാനം ചെയ്തത് പോലെ അല്ലാഹു നമുക്കും സ്വർഗം വാഗ്ദാനം ചെയ്യുമാറാകട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1