മുൻഗാമികൾ വിശുദ്ധ റമദാനെ ആദരിച്ച വിധം

റമദാൻ മാസത്തിന് മനുഷ്യജീവിതത്തിൽ മറ്റൊന്നിനുമില്ലാത്ത വിധം സ്വാധീനമുണ്ട്. എല്ലാ വർഷവും സന്ദർശിക്കുന്ന അതിവിശിഷ്ടാതിഥിയാണത്. ഭൂമിലോകത്തിനു മുമ്പുതന്നെ ആകാശലോകം അതിനെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കും. സ്വർഗീയ കവാടങ്ങൾ തുറക്കപ്പെടുകയും നരകീയ കവാടങ്ങൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലക്കിടപ്പെടുകയും ചെയ്യും. ആകാശലോകത്തു നിന്നൊരാൾ വിളിച്ചുപറയും: നന്മ ചെയ്യാനാഗ്രഹിക്കുന്നവനേ, വേഗമാവട്ടെ. തിന്മ ചെയ്യാനാഗ്രഹിക്കുന്നവനേ, നീ പാപങ്ങൾ കുറച്ചുകൊള്ളുക(1). നബി(സ) തങ്ങൾ മറ്റേതു മാസങ്ങളെക്കാളുമേറെ റമദാന് വേണ്ടി ഒരുങ്ങിയിരുന്നു. പ്രവാചകത്വത്തിനു മുമ്പുപോലും റമദാൻ മാസത്തിൽ ആരാധനകൾ ഇരട്ടിപ്പിച്ചും റബ്ബിലേക്കു കൂടുതൽ അടുത്തും ഹിറാ ഗുഹയിൽ ഭജനമിരിക്കാറുണ്ടായിരുന്നു നബി(സ). പ്രവാചകത്വം റമദാൻ മാസത്തിൽ നൽകപ്പെട്ടതു തന്നെ ഈ മാസത്തിന് നൽകപ്പെട്ട വലിയൊരാദരവാണ്. ഇതിനുള്ള നന്ദിപ്രകടനമെന്നോണം ഇരുകാലുകളും നീരുവന്നു വീർക്കുന്നതു വരെ നബി തങ്ങൾ രാത്രി നിന്നു നിസ്കരിച്ചു. ജിബ്രീൽ(അ) ദിവസവും വന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊടുക്കുകയും ചെയ്തു. ഇതൊക്കെ നബി തങ്ങളെ കൂടുതൽ ശുദ്ധീകരിച്ചെടുത്തു. നബി തങ്ങൾ ഏറ്റവും കൂടുതൽ ദാനം ചെയ്തിരുന്നത് റമദാൻ മാസത്തിലാണെന്നും അടിച്ചുവീശുന്ന കാറ്റിനെക്കാൾ വ്യാപകമായിരുന്നു നബിയുടെ ദാനമെന്നും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം(2). നബി തങ്ങൾ റമദാൻ മാസമായാൽ അടിമകളെയൊക്കെ മോചിപ്പിക്കുകയും ചോദിക്കുന്നവർക്കൊക്കെ കൊടുക്കുകയും ചെയ്തിരുന്നുവെന്ന് അബ്ദുല്ലാഹി ബിൻ അബ്ബാസ്(റ) പറയുന്നു(3).
ഇതേ പാത തന്നെ പിന്തുടർന്നവരായിരുന്നു മുൻഗാമികൾ. നന്മകൾ വർധിപ്പിച്ചും ആരാധനകൾക്കായി ഒഴിഞ്ഞിരുന്നും ഉറക്കമിളച്ച് ഖുർആൻ പാരായണം ചെയ്തും അവർ റമദാനിലെ ദിനരാത്രങ്ങളെ ധന്യമാക്കി. ഈയൊരു കുറിപ്പിൽ പൂർവസൂരികൾ എങ്ങനെയാണ് അവരുടെ റമദാൻ മാസം കഴിച്ചു കൂട്ടിയതെന്ന് വിശദീകരിക്കാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്.
ഖുർആൻ പാരായണം
ആദ്യമായി ഖുർആൻ പാരായണത്തെക്കുറിച്ചാണ് പറയാനുള്ളത്. മനുഷ്യന്റെ സർവവിജയത്തിന്റെയും നിദാനവും അടിസ്ഥാനവുമാണല്ലോ വിശുദ്ധ ഖുർആൻ. അതിനപ്പുറം അല്ലാഹു ഇഷ്ടപ്പെട്ടവരെ മാത്രം അവൻ ക്ഷണിക്കുന്ന ഒരു വിഭവസമൃദ്ധമായ സദ്യകൂടിയാണ് വിശുദ്ധ ഖുർആൻ. നബി തങ്ങൾ പറയുന്നു: നിശ്ചയം ഈ ഖുർആൻ അല്ലാഹുവിന്റെ സദ്യയാണ്. അതിൽ നിന്ന് ആവോളം നിങ്ങൾ പഠിച്ചുകൊള്ളുക. അല്ലാഹുവിന്റെ പാശവും പ്രകാശവും ശമനവുമാണത്. അതിനെ പിന്തുടർന്നവന് രക്ഷയാണത്. പിന്നെ അവന്നൊരിക്കലും പിഴവോ വ്യതിചലനമോ സംഭവിക്കില്ല. അതിന്റെ അത്ഭുതങ്ങൾ അനന്തമാണ്. നിങ്ങളത് പാരായണം ചെയ്യുക. ഓരോ അക്ഷരങ്ങൾക്കും പത്തുവീതം പ്രതിഫലം നൽകപ്പെടും. അലിഫ് ലാം മീം എന്നത് ഒറ്റ അക്ഷരമല്ല, അലിഫ്, ലാം, മീം മൂന്നും മൂന്നക്ഷരങ്ങളാണ്(4). അതുകൊണ്ടു തന്നെ മുൻഗാമികൾ ഇക്കാര്യത്തിൽ അതീവ താത്പര്യവും ആവേശവും പ്രകടിപ്പിച്ചിരുന്നു.
അസ്വദ് ബിൻ യസീദ്(റ), സഈദ് ബിൻ ജുബൈർ(റ) എന്നിവർ രണ്ടു രാത്രികൾ കൊണ്ട് ഒരു ഖത്മ് പൂർത്തിയാക്കുന്ന വിധത്തിൽ റമദാൻ മാസത്തിൽ ഖുർആൻ പാരായണം ചെയ്തിരുന്നു. ഖതാദ(റ) സാധാരണ ഗതിയിൽ ഏഴുദിവസത്തിൽ ഒരു വട്ടവും റമദാൻ മാസമായാൽ മൂന്നു ദിവസത്തിൽ ഒരുവട്ടവും റമദാനിലെ അവസാനത്തെ പത്തായാൽ ഓരോ രാത്രിയിലും ഓരോ ഖത്മും പൂർത്തിയാക്കിയിരുന്നു. ഇമാം ബുഖാരി(റ) രാത്രി നിസ്കാരത്തിനു ശേഷം ഖുർആൻ പാരായണം ചെയ്യാനിരിക്കുകയും മൂന്നു രാത്രികൾ കൊണ്ട് ഓരോ ഖത്മുകൾ തീർക്കുകയും ചെയ്തിരുന്നു. ഇമാം മാലിക് ബിൻ അനസ്(റ) റമദാൻ മാസമായാൽ ഹദീസ് ദർസും വൈജ്ഞാനിക സദസ്സുകളും പോലും ഒഴിവാക്കി ഖുർആൻ പാരായണത്തിൽ മുഴുകുമായിരുന്നു. സുഫിയാനുസ്സൗരി(റ)യും റമദാൻ മാസമായാൽ എല്ലാ ഏർപ്പാടുകളും മാറ്റിവെച്ച് ഖുർആൻ പാരായണത്തിലായി ഒഴിഞ്ഞിരിക്കുമായിരുന്നു. ഇമാം സുഹ്രി(റ) ഹദീസ് അധ്യാപനം ഉപേക്ഷിച്ച് മുഴുസമയവും ഖുർആനിലായി കഴിച്ചുകൂട്ടി. പ്രമുഖ കർമശാസ്ത്രപണ്ഡിതനും നഹ്വിയ്യുമായിരുന്ന ഇമാം മാസിനി(റ) റമദാൻ മാസമായാൽ ഒരു കവിതപോലും പാടുകയില്ലെന്നും മുഴുസമയവും ഖുർആൻ പാരായണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലിയെന്നും ചരിത്രത്തിൽ കാണാം. ഈ മഹത്തുക്കളൊക്കെ ഖുർആൻ പാരായണത്തിന്റെയത്ര പ്രതിഫലമില്ലാത്ത കർമങ്ങൾ മാറ്റിവെച്ച് ഖുർആനിൽ മാത്രമായി സമയം ചെലവഴിക്കുമ്പോൾ, ഹറാമും കറാഹത്തും ഒഴിവാക്കാൻ പോലും നമുക്ക് സാധിക്കാതെ വരികയാണ്.
സ്വന്തമായി ഇതൊക്കെ ചെയ്യുന്നതിനു പുറമെ, കൂട്ടുകാരെയും ബന്ധുക്കളെയും ഇതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു അവർ. ചിലർക്ക് മക്കളെ കൂടെക്കൂട്ടി ഖത്മുകൾ പൂർത്തീകരിച്ചിരുന്നു. ഇന്ന് പലരും മൊബൈൽ ഫോണിൽ ചെലവഴിക്കുന്ന ഇഫ്താർ കഴിഞ്ഞതു മുതൽ ഇശാ വരെയുള്ള സമയത്ത് ഒരു ഖത്മ് പൂർത്തിയാക്കുകയും ഇശാ നമസ്കാരം വൈകി നിസ്കരിക്കുകയും ചെയ്തവരായിരുന്നു സഈദ് ബിൻ ജുബൈറി(റ)നെപ്പോലുള്ളവർ. അക്കാലത്തെ രാജാക്കന്മാർ പോലും ഇതിൽ ആവേശം കാണിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. അമവി ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് മൂന്നു ദിവസത്തിൽ ഒരു ഖത്മ് പൂർത്തിയാക്കാറുണ്ടായിരുന്നു. അബ്ബാസി ഖലീഫ മഅ്മൂൻ റമദാൻ മാസം ഖുർആൻ പാരായണം വർധിപ്പിക്കുന്നതു കാരണമായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ പരുഷത വന്നിരുന്നുവെന്നു കാണാം. ഹജ്ജാജ് ബിൻ യൂസുഫും വിപ്ലവങ്ങൾ നയിക്കുന്നതിനിടെ റമദാൻ മാസമായാൽ ഖുർആൻ പാരായണത്തിൽ നിരതനായിരുന്നു.
രാത്രി നിസ്കാരം
തഹജ്ജുദായിരുന്നു മുൻഗാമികളുടെ മാതൃകായോഗ്യമായ മറ്റൊരു രീതി. വിശ്വാസികളുടെ സവിശേഷതകൾ എണ്ണുന്ന കൂട്ടത്തിൽ ‘സുജൂദിലായും നിന്നും രാത്രി ആരാധനകളിൽ കഴിയുന്നവരാണവർ’ എന്ന് ഖുർആനിൽ കാണാം. നബി തങ്ങൾ അബ്ദുല്ലാഹി ബിൻ ഉമറി(റ)നെക്കുറിച്ചു പറയുന്നു: രാത്രി നിസ്കാരവും കൂടിയായാൽ അബ്ദുല്ല എത്ര നല്ല മനുഷ്യനാണ്(5). അല്ലാഹുവിനെ ഓർക്കുന്നവരുടെ ലക്ഷണമായി നബി തങ്ങൾ വിശേഷിപ്പിച്ചതും അതാണ്. ‘ഒരാൾ രാത്രി തന്റെ ഭാര്യയെ എഴുന്നേൽപിക്കുകയും അവർ രണ്ടുപേരും നിസ്കരിക്കുകയും ചെയ്താൽ അവരിരുവരും അല്ലാഹുവിനെ ഓർക്കുന്നവരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതാണ്'(6). മുത്തഖീങ്ങളെ തിരിച്ചറിയാനുള്ള അടയാളമായി അല്ലാഹു പറയുന്നു: ‘നിശ്ചയം ജീവിതത്തിൽ സൂക്ഷ്മത പാലിച്ചിരുന്നവർ- അവരുടെ നാഥൻ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി- സ്വർഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്മാരായിരുന്നു അവർ; രാത്രിയിൽ അൽപം മാത്രം ഉറങ്ങുകയും അത്താഴസമയത്ത് പാപമോചനം തേടുകയും ചെയ്യുന്നവരാണവർ'(7). അതുകൊണ്ടു തന്നെ മുൻഗാമികൾ രാത്രി നിസ്കാരത്തിന്റെ വിഷയത്തിലും അത്യധികം ഉത്സാഹം കാണിച്ചിരുന്നു.
അബ്ദുല്ലാഹി ബിൻ മസ്ഊദ്(റ), രാത്രിയായാൽ എഴുേേന്നറ്റ് തേനീച്ച മൂളുന്ന ശബ്ദത്തിൽ പ്രഭാതം വരെ നിസ്കരിച്ചുകൊണ്ട് ഖുർആൻ പാരായണം ചെയ്തിരുന്നു. ത്വാഊസ്(റ) കിടന്നാൽ ഉറക്കം വരാതെ എഴുന്നേറ്റ് സുബ്ഹി വരെ നിസ്കരിക്കുകയും ‘നരകത്തെക്കുറിച്ചുള്ള ഓർമ ആബിദീങ്ങളുടെ ഉറക്കം കെടുത്തി’ യെന്നു പറയുകയും ചെയ്യുമായിരുന്നു. രാത്രിയിൽ ആരാധനയുമായി കഴിഞ്ഞുകൂടുന്നിതനേക്കാളും സമ്പത്ത് ചെലവഴിക്കുന്നതിനെക്കാളും ശ്രേഷ്ഠമായ ആരാധനകളൊന്നും നമുക്കറിയില്ലെന്ന് ഹസൻ(റ) പറയുന്നു. അബ്ദുൽ അസീസ് ബിൻ റവാദ് രാത്രിയായാൽ വിരിപ്പിൽ ചെന്നിരുന്ന് ‘നീ മൃദുലമാണ്, എന്നാൽ സ്വർഗത്തിൽ നിന്നെക്കാൾ മൃദുലമുള്ളതുണ്ട്’ എന്ന് പറയുകയും രാത്രി മുഴുവൻ നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഫുളൈൽ ബിൻ ഇയാള്(റ) പറയുന്നു: രാത്രിയായാൽ അതിന്റെ ദൈർഘ്യം എന്നെ ഭയപ്പെടുത്തുകയും പുലരുവോളം ഖുർആൻ പാരായണം ചെയ്യുകയും ചെയ്യും(8).
സാധാരണ ഗതിയിൽ ഇതായിരുന്നു അവരുടെ അവസ്ഥ. എന്നാൽ, റമദാൻ ആഗതമായാൽ തഹജ്ജുദ് വളരെയധികം വർധിപ്പിച്ചു. അബൂബക്കർ(റ) പറയുന്നതായി മകൻ അബ്ദുല്ലാ നിവേദനം ചെയ്യുന്നു: ‘റമദാൻ മാസമായാൽ രാത്രി നിസ്കാരം കഴിഞ്ഞയുടനെ സുബ്ഹിന്റെ നേരമായോ എന്ന ഭയത്തിൽ കൂട്ടത്തിലാരെങ്കിലും പെട്ടെന്ന് തന്നെ ഭക്ഷണം വിളമ്പുമായിരുന്നു'(മുവത്വ). അബ്ദുല്ലാഹി ബിൻ ഉമർ(റ) ജനങ്ങളൊക്കെ നിസ്കാരശേഷം പള്ളിയിൽ നിന്നു പിരിഞ്ഞു പോയാൽ, ഒരു വെള്ളപാത്രവുമായി മടങ്ങി വന്ന് സുബ്ഹിന്റെ സമയം വരെ നമസ്കാരത്തിലായി കഴിഞ്ഞു കൂടിയിരുന്നു. പത്തു ദിവസവും ഏഴു ദിവസവും കൊണ്ട് തഹജ്ജുദിൽ ഖുർആൻ പാരായണം ചെയ്ത് ഖത്മ് തീർക്കുന്നവർ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവർ പോലും ഈ പുണ്യം നഷ്ടപ്പെടരുതേയെന്ന് അതിയായി ആഗ്രഹിച്ചു. സുവൈദ് ബിൻ ഗഫ്ല തന്റെ 120 ാം വയസ്സിൽ രാത്രി നിസ്കാരത്തിന് ജനങ്ങൾക്ക് ഇമാമായി നിന്നിരുന്നുവെന്ന് വലീദ് ബിൻ അലി തന്റെ പിതാവിനെത്തൊട്ട് ഉദ്ധരിക്കുന്നു. ചിലർ മക്കളും ഭാര്യയുമായി സമയം ഭാഗിച്ചായിരുന്നു ഉറങ്ങിയിരുന്നത്. അബൂ ഉസ്മാനുന്നഹ്ദി പറയുന്നു: ഞാൻ ഏഴു ദിവസം അബൂ ഹുറൈറ(റ)യുടെ അതിഥിയായിരുന്നു. രാത്രിയെ മൂന്നായി ഭാഗിച്ചായിരുന്നു അദ്ദേഹവും ഭാര്യയും പരിചാരകനും ഉറങ്ങിയത്. ഒരാൾ ഉറങ്ങുമ്പോൾ മറ്റുള്ളവർ നിസ്കരിക്കുന്ന രീതിയായിരുന്നു.
ഈ രീതി മഹത്തുക്കളായ സ്വഹാബികൾക്കിടയിൽ മാത്രമല്ല, സാധാരണ ജനങ്ങൾക്കിടയിൽ പോലും വ്യാപകമായിരുന്നു. ഇബ്നു ഉമറി(റ)ന്റെ പരിചാരകൻ നാഫിഅ്(റ) പറയുന്നു: ഞാൻ റമദാൻ മാസമായാൽ ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കുകയും ഒരു റക്അത്തിൽ തന്നെ ഫാത്വിർ സൂറത്ത് ഓതുകയും ചെയ്യുമെങ്കിലും ആർക്കും അതൊരു പ്രയാസമായിരുന്നില്ല എന്ന് ഇബ്നു അബീ മലകിയ്യ പറയുന്നതായി ഞാൻ കേട്ടു. സാഇബ് ബിൻ യസീദ്(റ) പറയുന്നതായി യസീദ് ബിൻ ഖസ്ഫ പറയുന്നു: ഉമറി(റ)ന്റെ കാലത്ത് റമദാൻ മാസം ഇരുപത് റക്അത്ത് അവർ നിസ്കരിച്ചിരുന്നു. 200 ആയത്തുകൾ അതിൽ പാരായണം ചെയ്യം. ഉസ്മാനി(റ)ന്റെ കാലത്താണെങ്കിൽ ദീർഘമായ നിറുത്തം കാരണം തങ്ങളുടെ വടിമേൽ ചാരിനിന്നായിരുന്നു അവർ നിസ്കരിച്ചത്. ഇവരെപ്പോലെയാവുകയെന്നത് നമ്മെ സംബന്ധിച്ച് അസാധ്യമായ ഒരു കാര്യമാണോ?! ഒരിക്കലുമല്ല. ഇതൊക്കെ ചെയ്താൽ ലഭിക്കുന്ന സുഖസ്വർഗത്തെക്കുറിച്ച് അൽപനേരം ചിന്തിച്ചാൽ മാത്രം മതി ഈ ആരാധനകളൊക്കെ വഴങ്ങിക്കിട്ടാൻ.
അതോടൊപ്പം അവരുടെ ഖുർആൻ പാരായണങ്ങളൊന്നും വെറും പാരായണം മാത്രമായിരുന്നില്ല. മറിച്ച്, അഗാധമായി ഓരോ സൂക്തങ്ങളിലും അവർ ചിന്തിച്ചിരുന്നു. ഓരോ റക്അത്തിലും എത്ര പാരായണം ചെയ്തുവെന്നതായിരുന്നില്ല അവരുടെ ചിന്താവിഷയം. സഈദ് ബിൻ ജുബൈർ(റ) ചിലപ്പോൾ ഒരു ആയത്ത് തന്നെ പലവുരു ആവർത്തിക്കുമായിരുന്നു. നിസ്കാരത്തിൽ മുസ്ഹഫ് നോക്കി ഓതുന്നതിനു പകരം മനസിൽ നിന്നെടുത്ത് ഓതുന്നിതനും അവർ പ്രാധാന്യം നൽകി. ചിലയിടത്ത് അത് അനുവദനീയമാണെന്ന് കാണാമെങ്കിലും കൂടുതൽ പേരും അതു വെറുക്കുന്നവരാ(കറാഹത്ത്)യിരുന്നു. അമ്മാർ ബിൻ യാസിർ(റ) നിസ്കാരത്തിൽ മുസ്ഹഫ് നോക്കിയോതുന്നത് നിരുത്സാഹപ്പെടുത്തുകയും ഇത് വേദക്കാരുടെ ചെയ്തിയാണെന്നും ആയുത്തകൾ ചിന്തിക്കുന്നതിനു പകരം പാരായണത്തെ മാത്രം ശ്രദ്ധിക്കാൻ കാരണമാകുമെന്നും പറയുകയും ചെയ്യുമായിരുന്നു. ദൗർഭാഗ്യകരമെന്നോണം, ഇന്ന് ഹാഫിളുമാർ ഒരുപാടുണ്ടായിട്ടും ഈ രീതി വ്യാപകമാവുന്ന കാഴ്ചയാണ്. മുൻഗാമികൾക്ക് ഹാഫിളുമാർ ഇല്ലെന്ന കാരണമുണ്ടായിരുന്നെങ്കിൽ ആയിരക്കണക്കിന് ഹാഫിളുമാർ ലഭ്യമായ ഇക്കാലത്ത് നമ്മുടെ ന്യായീകരണമെന്താണ്.
നിസ്കാരത്തിന് ഇമാമായി നിന്നിരുന്ന മുഖ്രിഉമാർ(മുക്രി) ജനങ്ങളിൽ നിന്ന് പ്രതിഫലം പറ്റാതെ ആഖിറത്തിലെ കൂലി മാത്രം പ്രതീക്ഷിച്ച് സേവനം ചെയ്യുന്നവരായിരുന്നു. രാഷ്ട്രം വേതനം കൊടുത്തേൽപ്പിക്കുന്ന ഇമാമുമാർ ഇതിൽ നിന്നൊഴിവായിരുന്നു. മുആവിയ ബിൻ ഖർറ പറയുന്നതായി ഇബ്നു അബീ ശൈബ രേഖപ്പെടുത്തുന്നു: ഞാൻ അംറു ബിനു നുഅ്മാൻ ബിൻ മുഖ്രിനിന്റെ അടുത്തായിരുന്നു. റമദാൻ മാസമായപ്പോൾ ഒരാൾ ഒരു ദിർഹമിന്റെ കിഴിയുമായി വന്നു പറഞ്ഞു: ഗവർണർ മുസ്അബു ബിൻ ഉമൈർ(റ) നിങ്ങളോട് സലാം പറയുന്നു. എല്ലാ ഖാരിഉകൾക്കും അദ്ദേഹത്തിന്റെ സഹായം എത്താറുണ്ട്. നിങ്ങളും ഇതുകൊണ്ട് ഉപകാരമെടുക്കുക. ‘അല്ലാഹുവാണെ നമ്മൾ ഖുർആൻ പാരായണം ചെയ്തത് ദുനിയാവിനു വേണ്ടിയല്ലെന്ന് അദ്ദേഹത്തോടു പറയുക’യെന്ന് സ്നേഹപൂർവം പറഞ്ഞ് അയാളെ മടക്കിയടക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് ഇമാമായി നിൽക്കുന്നതിന് കൂലി വാങ്ങുന്നതിനെയും അവർ നിരുത്സാഹപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഒരന്ധനായ മനുഷ്യൻ സുഫിയാനുസ്സൗരി(റ)യുടെ അടുക്കൽ ഇരിക്കാറുണ്ടായിരുന്നു. റമദാൻ മാസമായാൽ അയാൾ ഗ്രാമത്തിലേക്കിറങ്ങുകയും ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കുകയും ദാനങ്ങൾ നൽകപ്പെടുകയും ചെയ്യും. അപ്പോൾ സുഫിയാൻ(റ) പറഞ്ഞു: ഖിയാമത്ത് നാളായാൽ ഖുർആന്റെ ആൾക്കാർക്ക് ഖിറാഅത്തിന്റെ പ്രതിഫലം നൽകപ്പെടും. ദുനിയാവിൽ നിന്ന് പ്രതിഫലം വാങ്ങിയവരോട് പറയപ്പെടും: നിന്റെ പ്രതിഫലം ദുനിയാവിൽ വെച്ചു തന്നെ ലഭിച്ചിരിക്കുന്നു. താങ്കളുടെ സമീപസ്ഥനായിട്ടും എന്നോടു നിങ്ങളിങ്ങനെ പറയുമോയെന്ന് അയാൾ ചോദിച്ചപ്പോൾ ‘നിന്റെ സമീപസ്ഥനായിട്ടും അദ്ദേഹത്തെ ഉപദേശിച്ചില്ലേ’യെന്ന് അന്ത്യനാളിൽ എന്നോടു ചോദിക്കപ്പെടുമോയെന്നാണ് എന്റെ ഭയമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഖുർആനിന്റെ ആളുകളായതു കൊണ്ടുതന്നെ, ജനങ്ങൾക്കു ഇമാമായി സേവനമനുഷ്ഠിക്കുന്നതിനു പുറമെ ആരാധനകളിൽ അവരെക്കാൾ മികച്ചു നിൽക്കാൻ തറാവീഹ് നമസ്കാരശേഷം രാത്രികളിൽ നിന്നു നിസ്കരിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ രാത്രി തറാവീഹിന് ഇമാമായി നിസ്കരിക്കുകയും തുടർന്ന് സുബ്ഹി വരെ തനിച്ച് നിസ്കരിക്കുകയും സുബ്ഹിന് ശേഷം കൂടെയള്ളവർക്ക് അറിവു പകർന്നു കൊടുക്കുകയും ചെയ്തവരായിരുന്നു ഇബ്നു ലുബ്ബാൻ എന്നവർ. അദ്ദേഹത്തെക്കുറിച്ച് ഖതീബുൽ ബഗ്ദാദി താരീഖു ബഗ്ദാദിൽ പറയുന്നു: ‘രാത്രിയിൽ തനിച്ചു നിസ്കരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ വിർദ് ഖുർആനിന്റെ ഏഴിലൊന്നായിരുന്നു. വളരെ സാവധാനം, രീതിയോടെ അദ്ദേഹമത് പാരായണം ചെയ്തു. അദ്ദേഹത്തെക്കാൾ പാരായണത്തിൽ മികച്ച മറ്റൊരാളെയും ഞാൻ കണ്ടില്ല’. ഇമാം ബുഖാരി(റ)യും ജനങ്ങൾക്ക് ഇമാമായി നിസ്കരിച്ചിരുന്നു.
അവസാനമായി ഇതുകൂടെ ചേർത്തുപറയട്ടെ. റമദാൻ മാസമായാൽ രാത്രി നിസ്കാരത്തിന്റെയും തഹജ്ജുദിന്റെയും സമയം പള്ളിയിലേക്ക് പാനീയവുമായി വരലും പാവങ്ങളെയും അല്ലാത്തവരെയും കുടിപ്പിക്കലും പൂർവികരുടെ രീതിയാണ്. പള്ളിയിൽ ദീർഘനേരം ആൾക്കാർ കൂടിച്ചേരുമ്പോൾ അന്തരീക്ഷം പകർച്ചയായി ദുർഗന്ധം വരാതിരിക്കാൻ പള്ളികൾ സുഗന്ധപൂരിതമാക്കലും അവരുടെ രീതിയായിരുന്നു. ഉമറി(റ)ന്റെ ഒരു അടിമ റമദാൻ മാസം പള്ളിയിലേക്കു പുറപ്പെട്ടാൽ മുന്നിൽ ഒരു സുഗന്ധമിട്ടു പുകക്കുന്ന യന്ത്രവുമായി നടക്കുമായിരുന്നുവെന്ന് താരീഖു ദിമശ്ഖിൽ കാണാം. എത്ര സുന്ദരമായ ചര്യയാണത്!
റമദാനും മുസ് ലിം ഭരണാധികാരികളും
‘ഓരോ ഗവർണർമാരും ഭരണാധികാരികളാണ്, അവരുടെ പ്രജകളെക്കുറിച്ച് അന്ത്യനാളിൽ ചോദിക്കപ്പെടുന്നവരുമാണ്’ എന്നാണല്ലോ ഹദീസ്(9). ഇതിലൂടെ, ജനങ്ങളുടെ ഭൗതിക കാര്യങ്ങളിലെന്ന പോലെ അവരെ നിത്യവിജയത്തിലേക്ക് നയിക്കുന്ന കാര്യങ്ങളിലും ഭരണാധികാരി ശ്രദ്ധ ചെലുത്തണമെന്ന് നമുക്ക് മനസ്സിലാക്കാം. ചരിത്രത്തിൽ അത്തരത്തിലുള്ള ഭരണാധികാരികളുടെ ഒട്ടനവധി ഉദാഹരണങ്ങളും കാണാം. രാത്രി നമസ്കരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചും പള്ളികളിൽ അവരെ ഒരുമിച്ചു കൂട്ടിയും ഇമാമായി നിൽക്കുന്നവർക്ക് പ്രത്യേകം വേതനം ഏർപ്പെടുത്തിയും അവർ ആ വിഷയത്തിൽ ശ്രദ്ധ ചെലുത്തി. ഉമറി(റ)ന്റെ കാലത്ത് അദ്ദേഹം ഉബയ്യു ബ്നു കഅബ്(റ), തമീമുദ്ദാരി(റ) എന്നിവരെ ജനങ്ങൾക്ക് ഇമാമായി നിന്നു നിസ്കരിക്കാനേൽപിച്ച സംഭവം സാഇബ് ബിൻ യസീദ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റൊരു റിപ്പോർട്ടിൽ ഉമർ(റ) മദീനയിൽ റമദാൻ മാസം മൂന്നു ഖാരിഉമാരെ നിയമിച്ചതായും അതിൽ വേഗതയുള്ളയാളോട് 30 ആയത്ത്, മധ്യ നിലയിലുള്ളയാളോട് 25 ആയത്ത്, വേഗത കുറഞ്ഞയാളോട് 20 ആയത്ത് എന്നിങ്ങനെ ഓതാൻ കൽപിച്ചതായും എല്ലാ മുസ്്ലിം നാടുകളിലും ഈ രീതി പിന്തുടരാൻ ആഹ്വാനം ചെയ്തതായും കാണാം.
അലി(റ) ജനങ്ങളോട് രാത്രി നമസ്കാരം നിർവഹിക്കാൻ കൽപിച്ചതായും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇമാമുമാരെ നിശ്ചയിച്ചതായും ഇബ്നു അസാകിറിന്റെ താരീഖു ദിമശ്ഖിൽ കാണാം. അപ്രകാരം റമദാൻ മാസമായാൽ ജനങ്ങൾക്കുള്ള വിഹിതങ്ങളുടെ തോതിൽ നല്ല വർധനവു വരുത്തുകയും ചെയ്തിരുന്നു മുസ്്ലിം ഭരണാധികാരികൾ. ഉമർ(റ) എല്ലാ ജനങ്ങൾക്കും ഓരോ രാത്രിയിലും ഇഫ്താറിനായി ഒരു ദിർഹം വീതവും നബി തങ്ങളുടെ ഭാര്യമാർക്ക് രണ്ടു ദിർഹം വീതവും നൽകിയതായി ഇമാം ശഅബി റിപ്പോർട്ട് ചെയ്യുന്നു. ഉസ്മാൻ(റ) സ്ഥാനമേറ്റപ്പോൾ ഇതേനില തുടരുകയും പള്ളിയിൽ ആരാധനാ നിരതരായി കഴിയുന്നവർക്കും ഇഅ്തികാഫ് ഇരിക്കുന്നവർക്കും യാത്രക്കാർക്കും പാവപ്പെട്ടവർക്കുമായി ഭക്ഷണത്തിന്റെ സുപ്ര വിരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. റമദാൻ മാസത്തിന്റെ പവിത്രത തെല്ലും ചോരാതെ സൂക്ഷിക്കുകയും ജനങ്ങളുടെ ഈമാനികാന്തരീക്ഷം നഷ്ടപ്പെടുത്തുന്ന ഒന്നും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുകയുമായിരുന്നു ഇവയ്ക്കു പിന്നിലെ താത്പര്യം.
നജ്ജാശിയെന്നു പേരുള്ളൊരു കവി റമദാൻ മാസം അബൂ സമ്മാക് അൽ അസദിയെന്ന കവിയുടെ അടുക്കൽ ചെന്ന് കള്ളുകുടിച്ച വിവരം അലി(റ) അറിഞ്ഞപ്പോൾ നജ്ജാശിയെ പിടിക്കുകയും അബൂ സമ്മാക്ക് രക്ഷപ്പെടുകയും ചെയ്തു. സാധാരണ ശിക്ഷയേക്കാൾ 20 എണ്ണം അധികം ചാട്ടവാർകൊണ്ടടിച്ചത് അയാൾ ചോദ്യം ചെയ്തപ്പോൾ ‘നമ്മുടെ കുട്ടികൾ പോലും നോമ്പുകാരായിരിക്കെ, അല്ലാഹുവിന്റെ വിധിയെ ധിക്കരിക്കാനുള്ള നിന്റെ ധൈര്യത്തിനാണ് ഈ അധികം അടികളെ’ന്നായിരുന്നു അദ്ദേഹം പ്രതിവചിച്ചത്. ഉമറും(റ) സമാനമായി അകാരണമായി നോമ്പുമുറിച്ചയൊരാളെ അടിക്കുകയും ശാമിലേക്ക് നാടുകടത്തുകയും ചെയ്തതായി കാണാം. എങ്കിൽ ഇന്നത്തെ മുസ്്ലിം ഭരണാധികാരികൾ ദൗർഭാഗ്യകരമെന്നോണം ഇക്കാര്യത്തിൽ തീരെ ശ്രദ്ധ പുലർത്തുന്നില്ല എന്നതാണ് വസ്തുത.
റമദാനിലെ ദാനധർമം
അല്ലാഹുവിന്റെ കോപം തടുത്തു കളയുന്ന ഒന്നാണ് ദാനധർമങ്ങൾ. നബിതങ്ങൾ പറയുന്നു: വല്ലവനും അനുവദനീയമായ തന്റെ സമ്പാദ്യത്തിൽ നിന്ന് ദാനം ചെയ്താൽ അല്ലാഹു അതിനെ, നിങ്ങളിലൊരാൾ തന്റെ ഒട്ടകത്തെ വളർത്തുന്ന പോലെ വളർത്തുകയും ഒരു കാരക്കയുടെ വലിപ്പം ഉഹ്ദ് മലയോളം ആവുന്നതു വരെ സൂക്ഷിക്കുകയും ചെയ്യും(10). മറ്റൊരു ഹദീസിൽ കാണാം: ജനങ്ങൾക്കിടയിൽ അന്തിമ വിധി പറയപ്പെടുന്നതു വരെ എല്ലാ മനുഷ്യരും തങ്ങളുടെ ദാനധർമത്തിന്റെ തണലിലാണ്(11). നബി തങ്ങൾ വീണ്ടും പറയുന്നു: ദാനധർമം അപകടത്തിന്റെ എഴുപതു വാതിലുകളെ അടക്കുന്നതാണ്(12). ഈ പുണ്യങ്ങളൊക്കെ വേണ്ടവിധം ഉൾക്കൊണ്ടതിനാൽ തന്നെ സ്വദഖയുടെ വിഷയത്തിൽ മുൻഗാമികൾ പരസ്പരം മത്സരിച്ചിരുന്നു. റമദാൻ മാസമായാൽ അതു ഇരട്ടിയായി വർധിക്കുകയും ചെയ്തു. ഹമ്മാദ് ബിൻ അബീ സുലൈമാൻ എന്നവർ റമദാൻ മാസമായാൽ എല്ലാ രാത്രിയിലും അൻപതു പേർക്ക് വിരുന്നൊരുക്കുകയും പെരുന്നാളായാൽ അവർക്ക് വസ്ത്രവും നൂറു ദിർഹമും നൽകുമായിരുന്നു.
സ്വഹാബികളിലെ സമ്പന്നരൊക്കെയും പാവങ്ങളെ സഹായിക്കുന്നതിൽ അത്യുത്സാഹം കാണിച്ചിരുന്നു. വാസില ബിൻ അസ്ഖഅ്(റ) പറയുന്നു: നമ്മൾ അഹ് ലുസ്സുഫ്ഫക്കാരായിരിക്കെ റമദാൻ മാസം ആഗതമായാൽ ഇഫ്താർ കഴിഞ്ഞാൽ നമ്മിൽ ഓരോരുത്തരെയും സമ്പന്നന്മാരായ ഓരോരുത്തർ വന്ന് കൂട്ടിക്കൊണ്ടു പോവുകയും രാത്രി ഭക്ഷണം നൽകുകയും ചെയ്യും. സ്വന്തത്തിനു വേണ്ടി തയ്യാറാക്കി വെച്ച ഇഫ്താർ പോലും ദാനം ചെയ്യാൻ അവർ ഒരുക്കമായിരുന്നു. അഹ്്മദ് ബിൻ ഹമ്പലി(റ)ന്റെയടുക്കൽ ഒരു യാചകൻ വന്നപ്പോൾ, നോമ്പു തുറക്കുവേണ്ടി സൂക്ഷിച്ചുവെച്ച രണ്ടു റൊട്ടികൾ അയാൾക്ക് നൽകി നോമ്പുകാരനായിത്തന്നെ പുലരുവോളം കഴിയുകയായിരുന്നു അദ്ദേഹം. സമാനമായ സംഭവം ദാവൂദുത്ത്വാഈ, മാലിക് ബിൻ ദീനാർ എന്നിവരുടെ ചരിത്രത്തിലും കാണാം. ഇബ്നു ഉമർ(റ) പാവപ്പെട്ടവരുടെ കൂടെ മാത്രമായിരുന്നു നോമ്പു തുറന്നിരുന്നത്. അതിന് ആരെങ്കിലും തടസ്സം നിന്നാൽ അന്ന് രാത്രി അദ്ദേഹം ഭക്ഷണം കഴിക്കുകയുമില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വല്ല യാചകനും വന്നാൽ ഭക്ഷണത്തിലെ തന്റെ ഓഹരി യാചകന് നൽകി എഴുന്നേറ്റു പോവുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
സുൽത്താൻ അലബ് അർസലാൻ റമദാൻ മാസമായാൽ പാവങ്ങളെ തെരഞ്ഞുപിടിച്ച് 15000 ദീനാർ അവർക്കായി നൽകുമായിരുന്നു. സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഖുദ്സിൽ റമദാൻ മാസം മുഴുവൻ നോമ്പും നിസ്കാരവും ഖുർആനുമായി കഴിഞ്ഞു കൂടുമായിരുന്നു. ചില ഖലീഫമാർ പാവങ്ങൾക്കു നോമ്പുതുറക്കാനായി പൊതുസ്ഥലങ്ങളിൽ അതിഥി വിശ്രമകേന്ദ്രങ്ങൾ തുറക്കുകയും വിഭവസമൃദ്ധമായ ഭക്ഷണം അവിടെ ലഭ്യമാക്കുകയും ചെയ്തു. സത്രങ്ങളും പാലങ്ങളും പൊതുവിശ്രമകേന്ദ്രങ്ങളും റമദാൻ മാസത്തിൽ അവർ ഒരുപാട് പണിതു. ബഗ്ദാദിലെ ഓരോ പ്രദേശങ്ങളിലും പാവങ്ങൾക്കായി അതിഥിസൽക്കാര കേന്ദ്രങ്ങൾ തുറന്നിരുന്നു ഖലീഫ മുസ്തൻസിർ. തന്റെ ഭരണപ്രവിശ്യയിൽ ഇഫ്താറിന് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന ഒരു വൃദ്ധനെക്കണ്ട് അയാൾക്ക് 1000 ദീനാർ കൊടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്ത സംഭവം ചരിത്രത്തിൽ കാണാം. ജയിൽപുള്ളികൾക്കു പോലും റമദാൻ മാസത്തിൽ ഇളവു നൽകുകയും ഇഫ്താറിന് വിഭവസമൃദ്ധമായ ഭക്ഷണവും രാത്രി നിസ്കരിക്കാനുള്ള പ്രത്യേക സൗകര്യവും മുൻകാല ഖലീഫമാർ ഏർപ്പാടു ചെയ്തിരുന്നു.
ഭക്ഷണ കാര്യങ്ങളിലെ മിതത്വം
അബൂ ഹാമിദുൽ ഗസ്സാലി(റ) ചില മുൻഗാമികളെത്തൊട്ട് റിപ്പോർട്ട് ചെയ്യുന്നു: ഭക്ഷണം കഴിക്കുന്നത് ദീനിൽ പെട്ടതാണ്. ‘നിങ്ങൾ നല്ലതു ഭക്ഷിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക’ യെന്ന ഖുർആനിക വചനം തെളിയിക്കുന്നത് അതാണ്(13). ഭക്ഷണപാനീയങ്ങൾ അല്ലാഹുവിനെ ഓർക്കാനും ആരാധനകൾക്ക് സൗകര്യമുണ്ടാവാനും അനിവാര്യമാണല്ലോ. പക്ഷെ, അതിന്റെ ലക്ഷ്യം കൃത്യമായി പൂർത്തീകരിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിന്റെ വിഷയത്തിൽ മിതത്വം പാലിക്കേണ്ടതുണ്ട്. ‘നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതവ്യയം അരുത്. നിശ്ചയം അല്ലാഹു അമിതവ്യയം പ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല'(14). ഭക്ഷണം അമിതമായാൽ ആരോഗ്യത്തിന് ഉപകാരത്തിനു പകരം ഉപദ്രവവും അനുഗ്രഹത്തിന് പകരം പരീക്ഷണവും ആവുമെന്നതാണ് വസ്തുത. നബി(സ) തങ്ങൾ ഈ വിഷയത്തിൽ ഉന്നതമായ മാതൃകയാണ്. തന്റെ അനുചരരെ നിരന്തരം ഈ വിഷയം ഉപദേശിക്കുകയും ചെയ്തു. ഹദീസിൽ കാണാം: മനുഷ്യൻ നിറയ്ക്കുന്നതിൽ വെച്ച് ഏറ്റവും മോശമായ പാത്രം തന്റെ വയറാണ്. നട്ടെല്ലു നിവർത്തിവെക്കാൻ മതിയാവുന്ന അൽപം ഭക്ഷണം മാത്രം മതി മനുഷ്യന്. അതിൽ അധികരിപ്പിച്ചാൽ തന്നെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുവിനുമുള്ളതാവണം(15). എന്നാൽ, നോമ്പനുഷ്ഠിക്കാനുള്ള ശേഷിയും ഉന്മേഷവും നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിൽ വിരോധമില്ല. ഇമാം സുഹ് രി റമദാൻ മാസമായാൽ മാംസം ഭക്ഷിക്കുകയും മാംസം എഴുപതിരട്ടി ശക്തി പകരുമെന്ന് പറയുകയും ചെയ്യുമായിരുന്നു. അബ്ദുല്ലാഹി ബിൻ ഉമർ(റ) റമദാൻ മാസമായാൽ മാംസം ഒഴിവാക്കാറില്ലെന്ന് നാഫിഅ്(റ) പറയുന്നു. പക്ഷെ, ഇതൊരിക്കലും കുടുംബത്തിന്റെ പ്രതാപം കാണിക്കാനുള്ള അവസരമായോ കടംവാങ്ങി ഭക്ഷണമുണ്ടാക്കുന്ന അവസ്ഥയിലേക്കു നയിക്കുന്നതായോ മാറരുത്. മറിച്ച്, സാധാരണ ഗതിയിലുള്ള നിത്യചെലവിനേക്കാൾ കുറവാവണം വിശ്വാസിക്ക് റമദാൻ മാസത്തെ ചെലവ്. ഇതുകൊണ്ടൊക്കെയാവാം ‘വിശ്വാസിയുടെ ഭക്ഷണത്തിൽ വിശാലതയുണ്ടാകുന്ന മാസമാണിതെന്ന്'(16) നബി തങ്ങൾ പറഞ്ഞത്. ഭക്ഷണത്തിലെ ഈ മിതത്വത്തെക്കുറിക്കുന്ന രണ്ടുദാഹരണങ്ങൾ പരിശോധിക്കാം. ഒന്നാമതായി, അബ്ബാസി ഖലീഫ മുഹ്തദി. അദ്ദേഹത്തെക്കുറിച്ച് അബുൽ അബ്ബാസ് ഹാശിം ബിൻ ഖാസിം പറയുന്നു: ഒരു റമദാൻ രാത്രി ഞാൻ മുഹ്തദിയുടെ അടുക്കലായിരുന്നു. ഞാൻ പോകാനൊരുങ്ങിയപ്പോൾ എന്നെ പിടിച്ചിരുത്തുകയും ഇമാമായി നിസ്കരിക്കുകയും ചെയ്തു. ശേഷം റൊട്ടിയും ഉപ്പും ഒലീവെണ്ണയും സുർക്കയുമടങ്ങുന്ന പാത്രം കൊണ്ടുവരപ്പെട്ടു. എനിക്കു ഭക്ഷണം തൃപ്തിയായില്ലെന്നു തോന്നിയതു കൊണ്ടാവണം ഞാൻ നോമ്പുകാരനല്ലേ എന്നദ്ദേഹം ചോദിച്ചത്. ആണെന്നു പറഞ്ഞപ്പോൾ എന്നാൽ ഭക്ഷിച്ചുകൊള്ളൂ, ഇവിടെ ഇക്കാണുന്ന ഭക്ഷണങ്ങൾ തന്നെയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമതൊരു സംഭവം അലി(റ)യുടേതാണ്. അലി(റ) കൊല്ലപ്പെട്ട റമദാൻ മാസം ഒരു രാത്രി ഹസൻ(റ), ഒരു രാത്രി ഹുസൈൻ(റ), ഒരു രാത്രി അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) എന്നിവരുടെ അടുക്കലായിരുന്നു ഭക്ഷണം കഴിച്ചത്. വയറൊട്ടിവനായ അവസ്ഥയിലാണ് അല്ലാഹുവിന്റെ കൽപന(മരണം) എന്നിലേക്കു വരികയെന്ന് പറയുകയും ചെയ്യുമായിരുന്നു അദ്ദേഹം. എല്ലാവരും അലി(റ)യെപ്പോലെയോ മഹ്ദി(റ)യെപ്പോലെയോ ആവണമെന്നല്ല, മറിച്ച് അമിതവ്യയം അരുതെന്ന ഖുർആനിക ആജ്ഞ പുലർത്താനും നമ്മുടെ ചുറ്റും പ്രതിസന്ധികൾ അനുഭവിക്കുന്നവരെ കാണാനും നമുക്ക് സാധിക്കണം. ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവർ വിശ്വാസിയല്ല'(17) എന്നാണല്ലോ നബിവചനം.
ഇഅ്തികാഫിന്റെ പുണ്യം നബി തങ്ങൾ പറയുന്നു: പള്ളിയിൽ ഭജനമിരിക്കുന്നവൻ മുഴുസമയവും നന്മയിലാണ്. അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും(18). ‘ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരുദിവസം ഇഅ്തികാഫ് ഇരുന്നാൽ അവന്റെയും നരകത്തിന്റെയുമിടയിൽ ചക്രവാളങ്ങളെക്കാൾ ദൂരമുള്ള മൂന്ന് കിടങ്ങുകൾ അല്ലാഹു നിർമിക്കുന്നതാണ്’ എന്നും ഹദീസിൽ കാണാം(19). നബി തങ്ങൾ വിയോഗം വരെയും റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നിരുവെന്ന് അബൂ ഹുറൈറ(റ) പറയുന്നു(20). അവസാനത്തെ പത്തായാൽ എല്ലാം ത്യജിച്ച് നബി തങ്ങൾ കച്ചകെട്ടിയിറങ്ങുമായിരുന്നു എന്നും ഹദീസുകളിൽ കാണാം. സ്വഹാബികളും ഇതേപാത അണുവിട വ്യത്യാസമില്ലാതെ തുടർന്നുപോന്നു. പള്ളിയിൽ എല്ലാവരും കൂടെ ഇഅ്തികാഫിരിക്കുന്ന സമയത്ത് ഒരു സ്വഹാബി അൽപം ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്തപ്പോൾ അല്ലാഹുവിനെ അഭിസംബോധന ചെയ്യുമ്പോൾ നിങ്ങൾ ശബ്ദം ഉയർത്തേണ്ടതില്ലെന്നു നബി തങ്ങൾ പറഞ്ഞ ഹദീസ് അബൂ സഈദുൽ ഖുദ് രി(റ) നിവേദനം ചെയ്യുന്നുണ്ട്(21).
റമദാനിലെ മതപഠനം
നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും അറിവ് നൽകപ്പെട്ടവരെയും അല്ലാഹു ഉയർത്തും(22) എന്ന് വിശുദ്ധ ഖുർആൻ. ഉലമാക്കൾക്ക് വിശ്വാസികളെക്കാൾ 700 ഇരട്ടി സ്ഥാനമുണ്ടെന്നും ഓരോ സ്ഥാനത്തിന്റെയും ഇടയിലുള്ള ദൂരം 500 വർഷത്തെ വഴിദൂരമാണെന്നും ഇബ്നു അബ്ബാസ്(റ) പറയുന്നു. ഇതുകൊണ്ടൊക്കെ തന്നെ മുൻഗാമികൾ അറിവു നുകരുന്നതിനും പകരുന്നതിനും ചെറുതല്ലാത്ത പ്രാധാന്യം നൽകിയതായി കാണാം. റമദാനിലും അവസ്ഥ വ്യത്യസ്തമല്ലായിരുന്നു. ബസ്വറയിൽ ഇബ്നു അബ്ബാസി(റ)ന്റെ ചുറ്റും റമദാനായാൽ ആളുകൾ ഒത്തുകൂടുകയും എല്ലാവർക്കും അറിവു പകർന്നു കൊടുക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ചിലപ്പോൾ അദ്ദേഹം ഇമാം മാലിക്(റ), ഇമാം സുഹ് രി(റ) എന്നിവരെപ്പോലെ ഖുർആൻ പാരായണത്തിലായി കൂടുതൽ സമയം ചെലവഴിച്ചില്ലെങ്കിലും ഇതുതന്റെ നിർബന്ധബാധ്യതയെന്നു അദ്ദേഹം മനസ്സിലാക്കിയിരിക്കണം. ഇമാം നവവി(റ) അദ്കാറിൽ പറഞ്ഞത് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ്. അദ്ദേഹം പറയുന്നു: ഇത് വ്യക്തികൾക്കനുസരിച്ച് മാറിവരാം. ഒരാൾക്ക് സൂക്ഷ്മമായ ചിന്തയിലൂടെ മാത്രമേ അറിവുകൾ ലഭിക്കുന്നുള്ളൂവെങ്കിൽ വായിച്ചതു മനസ്സിലാവുന്നതു വരെ അയാൾ പഠിക്കുക. വിജ്ഞാനപ്രസരണവുമായും മുസ്്ലിംകളുടെ പൊതുനന്മായുമായും വ്യാപൃതരാവുന്നവർ ആവശ്യമായ തോതിൽ, പരിപൂർണത നഷ്ടമാവാത്ത വിധത്തിൽ നിർത്തുക. ഇവയൊന്നുമായി ബന്ധപ്പെടാത്തവൻ സാധ്യമാവുന്നത്രയും ഖുർആൻ പാരായണം ചെയ്യുക.
സ്വഭാവം
സ്വഭാവത്തിന്റെ വിഷയത്തിലും മുൻഗാമികൾ അതിസൂക്ഷ്മത പാലിച്ചിരുന്നു. നോമ്പുമായി ബന്ധപ്പെട്ട ഏതുവിധത്തിലുള്ള ബുദ്ധിമുട്ടുകളും സഹിച്ചു അവർ. അഹ്നഫ് ബിൻ ഖൈസ്(റ) അതിവാർധക്യത്തിലും പ്രയാസം സഹിച്ച് നോമ്പനുഷ്ഠിച്ചിരുന്നു. പരമാവധി അനാവശ്യ കാര്യങ്ങളോട് അകലം പാലിച്ച് അവർ കഴിഞ്ഞുകൂടി. കണ്ണിനും കാതിനും നാക്കിനും ശരീരത്തിലെ ഓരോ അവയങ്ങൾക്കും അവർ നോമ്പനുഷ്ഠിച്ചു. നോമ്പു മുറിക്കേണ്ട അവസ്ഥ വരുമോയെന്നു ഭയന്ന് ദീർഘയാത്രകളിൽ നിന്ന് പരമാവധി വിട്ടുനിൽക്കലായിരുന്നു അവരുടെ രീതി.
കുട്ടികളും റമദാനും
കുട്ടികളെ നോമ്പനുഷ്ഠിക്കാൻ പരിശീലിപ്പിക്കുന്നത് മുൻഗാമികളുടെ രീതിയായിരുന്നു. ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അപ്രകാരം കാണാം. ചെറുപ്പത്തിൽ തന്നെ ശീലിച്ചാൽ വലുതാവുമ്പോൾ മടികൂടാതെ നോമ്പനുഷ്ഠിക്കാൻ ഇതു സഹായിക്കും.
നോമ്പുനഷ്ടപ്പെട്ടതിലുള്ള ഖേദം രോഗമോ മറ്റോ കാരണം നോമ്പനുഷ്ഠിക്കാൻ സാധിക്കാതെ വന്നാൽ കരയുന്നവരായിരുന്നു മുൻഗാമികൾ. ഇത്തരത്തിൽ ഒരു സ്വഹാബി കരഞ്ഞ സംഭവം സഈദുൽ ജരീരി, അബൂ നള്റയെത്തൊട്ട് നിവേദനം ചെയ്യുന്നുണ്ട്. മതപരമായ കാരണമുള്ളവർ പോലും നോമ്പനുഷ്ഠിക്കാൻ കഴിയാത്തതിൽ ഖേദിക്കുമ്പോൾ അകാരണമായി നോമ്പു നഷ്ടപ്പെടുത്തുന്ന നമ്മുടെ യുവതയുടെ അവസ്ഥയെന്താണ്! അവർ വിശുദ്ധ റമദാനിന്റെ ശ്രേഷ്ഠത അറിഞ്ഞിരുന്നെങ്കിൽ! അവസാനമായി, വിശുദ്ധ റമദാൻ മുൻഗാമികളുടേതിനു സമാനമായി കഴിച്ചു കൂട്ടാൻ അല്ലാഹു തുണക്കട്ടെ എന്നു പ്രാർഥിക്കുന്നു.
ഗ്രന്ഥസൂചി
1) നസാഈ, വാള്യം 7, പേ 257
2) മുസ്നദു അഹ് മദ്, വാള്യം 6, പേ 388
3) ശഅ്ബുൽ ഈമാൻ- ബൈഹഖി, വാള്യം 8, പേ 140
4) സുനനുദ്ദാരിമി, വാള്യം 10, പേ 191
5) ബുഖാരി, വാള്യം 21, പേ 406
6) അബൂ ദാവൂദ്, വാള്യം 4, പേ 73
7) ദാരിയാത്ത്- 15-18
8) ഇഹ്യാ ഉലൂമുദ്ദീൻ, വാള്യം 1, പേ 354
9) ബുഖാരി, വാള്യം 8, പേ 253
10) ബുഖാരി
11) ഇബ്നു ഹിബ്ബാൻ, ഹാകിം
12) ത്വബ്റാനി
13) മുഅ്മിനൂൻ- 51
14) അഅ്റാഫ്-31
15) സുനനുൽ കുബ്റാ- നസാഈ, വാള്യം 4, പേ 177
16) അബൂ ഖുസൈമ റിപ്പോർട്ട് ചെയ്ത ഹദീസ്
17) ത്വബ്റാനി
18) ഇബ്നുമാജ, വാള്യം 5, പേ 342
19) ത്വബ്റാനി
20) ഇബ്നു ഹിബ്ബാൻ, വാള്യം 15, പേ 329
21) അഹ് മദ്, അബൂ ദാവൂദ്
22) മുജാദല-11
വിവ. മുഹമ്മദ് ശാക്കിർ മണിയറ