റമദാൻറെ പകലുകളിൽ ഹോട്ടലുകൾ തുറക്കാമോ
ഇസ്ലാമിൻ്റെ റുക്നുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റമദാൻ മാസത്തെ നോമ്പ്. വ്യക്തമായ കാരണങ്ങളുള്ളവർക്ക് പിന്നീട് ഖളാഅ് വീട്ടണമെന്ന നിബന്ധനയോടെ നോമ്പുപേക്ഷിക്കൽ അനുവദനീയമാണ്. ഇത്തരത്തിൽ കാരണമുള്ളവർക്ക് നോമ്പിനെ ലഘൂകരിച്ചു നൽകിയത് അല്ലാഹുവിൻ്റെ വലിയൊരു കാരുണ്യമാണ്. അല്ലാഹു പറയുന്നു: “നിങ്ങളിൽ ആര് ആ മാസത്തിൽ (റമദാനിൽ) സന്നിഹിതരാണോ അവർ ആ മാസം നോമ്പനുഷ്ഠിക്കട്ടെ. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ആണെങ്കിൽ അവൻ അത്രയും എണ്ണം മറ്റൊരു ദിവസം (നോമ്പനുഷ്ഠിക്കേണ്ടതാണ്). അള്ളാഹു നിങ്ങൾക്ക് എളുപ്പമാണുദ്ദേശിക്കുന്നത്. നിങ്ങൾക്ക് ബുദ്ധിമുട്ടാകാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണത്തെ പൂർത്തീകരിക്കാനും നന്ദിയുള്ളവരാകാനും വേണ്ടിയത്രെ.” (സൂറ: ബകറ 185)
അതുകൊണ്ടുതന്നെ ഫർളായ നോമ്പുകൾ ഖളാഅ് വീട്ടുന്നതിൽ അശ്രദ്ധ കാണിക്കുന്നവർക്ക് പ്രവാചകൻ (സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുർമുദി, അബൂദാവൂദ്, നിസാഈ, ഇബ്നുമാജ, ഇബ്നു ഖസീമ എന്നിവർ റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിൽ പറയുന്നു: ‘നബി (സ) പറഞ്ഞു: “രോഗമോ അനുവദിക്കപ്പെട്ട കാരണങ്ങളോ കൊണ്ടല്ലാതെ റമദാനിലെ ഒരു ദിവസം ആരെങ്കിലും നോമ്പുപേക്ഷിച്ചാൽ ആ ദിനം മുഴുവനും അവൻ നോമ്പെടുത്താലും അത് സ്വീകരിക്കുകയില്ല.” നോമ്പ് മുറിക്കേണ്ട സമയത്തിനുമുമ്പ് മുറിക്കുന്നതിലാണ് ഈ മുന്നറിയിപ്പ്’.
ഇമാം ഇബ്നു ഹസീമയും ഇബ്നു ഹിബ്ബാനും റിപ്പോർട്ട് ചെയ്യുന്നു: കാലിൻ്റെ കുതിഞരമ്പിനാൽ (കാലിൻ്റെ മടമ്പിനു മീതെയുള്ള ഞരമ്പ്) തൂക്കപ്പെടുകയും കടവായ് കീറി രക്തമൊലിക്കുകയും ചെയ്യുന്നവരായ ഒരു സമൂഹത്തെ നബി (സ) സ്വപ്നത്തിൽ കണ്ടു. അവർ നോമ്പ് മുറിക്കേണ്ട സമയത്തിന് മുമ്പ് മുറിച്ചവരായിരുന്നു”. കാരണമില്ലാതെ നോമ്പ് മുറിക്കുന്നവരെ സഹായിച്ചവരും തെറ്റുകാരാണ്. അവർക്ക് ഭക്ഷണമോ വെള്ളമോ എത്തിച്ചുകൊടുത്ത് അവരെ സഹായിക്കുന്നത് ഹറാമായ കാര്യങ്ങളിലേക്ക് ഒരാളെ നയിക്കുന്നത് പോലെ നിഷിദ്ധമാണ്. കാരണം തെറ്റിലുള്ള അവൻ്റെ തൃപ്തിയെയാണ് അത് കാണിക്കുന്നത്. കള്ളുകുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും വിൽക്കുന്നവനെയും വാങ്ങുന്നവനെയും അത് പിഴിയുന്നവനെയും പിഴിയപ്പെടുന്നവനെയും ചുമക്കുന്നവനെയും ചുമക്കപ്പെടുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് ഹദീസിൽ പറഞ്ഞതുപോലെ തെറ്റായ കാര്യങ്ങളിൽ തൃപ്തിപ്പെടലും കുറ്റമാണ്.
ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന സ്ഥലം ആർക്കെങ്കിലും ഉണ്ടാവുകയും ഭക്ഷിക്കൽ അനുവദനീയമായ അവസരത്തിൽ അവർ ഭക്ഷണം തയ്യാറാക്കുകയും മറ്റുള്ളവർ അവരിൽ നിന്ന് ഭക്ഷിക്കുകയും ചെയ്താൽ അത് തടയേണ്ടതില്ല. എന്നാൽ, റമളാനിൻ്റെ പകലിൽ ഭക്ഷിക്കാൻ വേണ്ടിയാണെങ്കിൽ അത് തടയേണ്ടതാണ്.
ഇത്തരം സ്ഥലങ്ങൾ മനുഷ്യൻ്റെ ആവശ്യ കാര്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ ഉപകരിക്കുന്നവയാണ് എന്നത് വാസ്തവമാണ്. എന്നിരുന്നാലും അവരുടെ കൈകളിലുള്ളവയെ തെറ്റായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ അതിൽ അവർക്കും കുറ്റമുണ്ട്. ജനങ്ങൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഹോട്ടലുകളിൽ നിന്നോ മറ്റോ റമദാൻ പകലിൽ ആരെങ്കിലും ഭക്ഷിക്കുകയും, അവൻ കാരണമില്ലാതെ നോമ്പു ഉപേക്ഷിച്ചവനുമാണെങ്കിൽ കടക്കാർ അവനെ ആ നിഷിദ്ധമായ കാര്യത്തിൽ സഹായിച്ചവരായി കണക്കാക്കപ്പെടും. വ്യത്യസ്തരായ മനുഷ്യർ ഒരുമിക്കുന്ന വലിയ സമൂഹത്തിനിടയിൽ കാരണം ഉള്ളവരെയും ഇല്ലാത്തവരെയും വേർതിരിച്ചു കാണൽ ബുദ്ധിമുട്ടാവുകയാണെങ്കിൽ ഇത്തരം ജോലികൾ പകലിൽ ചെയ്യാതിരിക്കുകയും കുറ്റമില്ലാത്ത രീതിയിൽ രാത്രിയിൽ ജോലി ചെയ്യലുമാണ് നല്ലത്.
മാത്രമല്ല, ഇത്തരം സ്ഥലങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നത് നോമ്പ് മുറിക്കുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് വിശുദ്ധ റമദാനിൻ്റെ പവിത്രത മാനിക്കേണ്ട മുസ്ലിം സമുദായത്തിന് തന്നെ കളങ്കമേൽക്കുന്നു. അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവർ ജീവിതോപാധിയായ ഇത്തരം ജോലികളിൽ നിന്നു വിട്ടു നിന്നുകൊണ്ട് റമദാനിലേക്ക് തയ്യാറെടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവർക്ക് ഇബാദത്തുകളിലും മറ്റു പ്രവർത്തനങ്ങളിലും മുഴുകാനും രാത്രിയിൽ മാന്യമായി ജീവിക്കാനും സാധിക്കുന്നു. തിന്മയെ പ്രതിരോധിക്കാനും നന്മക്ക് വഴിയൊരുക്കാനും വിശ്വാസിയുടെ മനസ്സാക്ഷി, ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ, പരസ്പര സഹകരണം എന്നിങ്ങനെ പല കാര്യങ്ങളും ആവശ്യമാണ്. വിശേഷിച്ച് ഈ വിശുദ്ധ മാസത്തിൽ.
( അവലംബം- islamonline.net)